മകള്‍ക്കായി വാങ്ങിയ സ്വര്‍ണ്ണവും പണവുമായി പ്രതിശ്രുത വരനൊപ്പം അമ്മയുടെ ഒളിച്ചോട്ടം; കേസെടുത്തതോടെ ഇരുവരും പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി; തിരിച്ച് വീട്ടിലേക്കില്ലെന്ന് സപ്‌ന; ഒളിച്ചോടിയത് ആത്മഹത്യ ഭീഷണി മുഴക്കിയതിനാലെന്ന് യുവാവ്
മകളുടെ പ്രതിശ്രുത വരനൊപ്പം ഒളിച്ചോടിയ യുവതി പോലീസ് സ്റ്റേഷനില്‍
ലക്‌നൗ: ഉത്തര്‍പ്രദേശിലെ അലിഗഡില്‍ വിവാഹത്തിന് ഒന്‍പത് ദിവസം മാത്രം ശേഷിക്കെ മകളുടെ പ്രതിശ്രുതവരനോടൊപ്പം ഒളിച്ചോടിയ യുവതി പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. സപ്ന എന്ന യുവതിയാണ് മകളുടെ പ്രതിശ്രുതവരനായ രാഹുലിനൊപ്പം ഒളിച്ചോടിയത്. വിവാഹത്തിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇരുവരും ഒളിച്ചോടുന്നത്. എന്തുസംഭവിച്ചാലും രാഹുലിനൊപ്പം താന്‍ ജീവിക്കുമെന്നും വിവാഹം കഴിക്കുമെന്നും സപ്ന പോലീസിനോട് പറഞ്ഞു.
ഒളിച്ചോട്ടത്തിന് ശേഷം തിരിച്ചെത്തിയ ഇരുവരും പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് യുവതി തന്റെ ഒളിച്ചോട്ടത്തിന് പിന്നിലുള്ള കാരണം വെളിപ്പെടുത്തി. ഭര്‍ത്താവ് സ്ഥിരമായി മദ്യപിച്ച് തന്നെ മര്‍ദിക്കാറുണ്ടെന്നും മകള്‍ തന്നോട് വഴക്കിടാറുണ്ടെന്നും അതിനാലാണ് ഇത്തരമൊരു കാര്യം ചെയ്തതെന്നാണ് അവര്‍ പറയുന്നത്. സപ്ന ദിവസവും മണിക്കൂറുകളോളം രാഹുലുമായി സംസാരിക്കാറുണ്ടെന്ന് യുവതിയുടെ ഭര്‍ത്താവ് ജിതേന്ദ്ര കുമാര്‍ പറയുന്നു.
മകള്‍ക്കായി വാങ്ങിയിരുന്ന സ്വര്‍ണ്ണവും പണവുമായി പ്രതിശ്രുത വരനായ രാഹുലിനൊപ്പം സപ്ന ഒളിച്ചോടിയത്. ഏപ്രില്‍ 16 നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. സംഭവത്തിന് പിന്നാലെ കുടുംബം മദ്രക് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതോടെയാണ് ഒരാഴ്ചക്ക് ശേഷം ഇരുവരും പൊലീസില്‍ കീഴടങ്ങിയത്. ഭര്‍ത്താവ് മാത്രമല്ല മകളും തന്നോട് ഇടയ്ക്കിടെ വഴിക്കിടാറുണ്ടെന്നാണ് അമ്മ സ്പന പൊലീസിന് മൊഴി നല്‍കിയത്. എന്തു സംഭവിച്ചാലും താന്‍ ഇനി രാഹുലിനൊപ്പം മാത്രമേ ജീവിക്കുവെന്നും, തിരിച്ച് വീട്ടിലേക്കില്ലെന്നും സപ്ന പറയുന്നു. പൊലീസ് കേസെടുത്തതുകൊണ്ട് മാത്രമാണ് തിരിച്ചുവരാന്‍ തീരുമാനിച്ചത്. ഇല്ലെങ്കില്‍ ഞങ്ങള്‍ മറ്റൊരിടത്ത് ജീവിച്ചേനേ എന്നും സപ്ന പൊലീസിനോട് പറഞ്ഞു. ഏപ്രില്‍ 6നാണ് സപ്നയും മകളുടെ പ്രതിശ്രുത വരനായ രാഹുലും ഒരുമിച്ച് നാടുവിട്ടത്.
അതേസമയം ലക്ഷക്കണക്കിന് രൂപയും ആഭരണങ്ങളുമായാണ് യുവതി ഒളിച്ചോടിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. വീട്ടില്‍ നിന്ന് മൂന്നര ലക്ഷം രൂപയും അഞ്ച് ലക്ഷം രൂപ മൂല്യം വരുന്ന ആഭരണങ്ങളും കൊണ്ടാണ് കടന്നുകളഞ്ഞതെന്നാണ് യുവതിയുടെ മകള്‍ ശിവാനി ആരോപിക്കുന്നത്. ആരോപണങ്ങള്‍ നിഷേധിച്ച യുവതി, ഒരു മൊബൈല്‍ ഫോണും 200 രൂപയും മാത്രമാണ് തന്റെ കൈവശം ഉണ്ടായിരുന്നതെന്ന് പ്രതികരിച്ചു. ഏപ്രില്‍ ആറിനാണ് ഇരുവരും ഒളിച്ചോടുന്നത്.
അതേസമയം, സപ്ന ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ മാത്രമാണ് താന്‍ ഒപ്പം പോയതെന്നാണ് രാഹുല്‍ പറയുന്നത്. സപ്നയെ വിവാഹം കഴിക്കുമോ എന്ന് ചോദ്യത്തിന് 'അതെ' എന്നും യുവാവ് മറുപടി നല്‍കിയിട്ടുണ്ട്.
വിവാഹ ഒരുക്കങ്ങള്‍ അറിയാനെന്ന വ്യാജേന വരന്‍ ഇടയ്ക്കിടെ അവരുടെ വീട്ടില്‍ വന്നിരുന്നുവെന്നും അങ്ങനെയാണ് ഇവര്‍ അടുപ്പത്തിലായതെന്നുമാണ് പൊലീസ് പറയുന്നത്. ഇതിനിടെ വരന്‍ തന്റെ ഭാവി അമ്മായിയമ്മയ്ക്ക് ഒരു മൊബൈല്‍ ഫോണ്‍ സമ്മാനമായി നല്‍കിയിരുന്നു. വീട്ടുകാര്‍ അറിയാതെ ഇരുവരും തമ്മിലുള്ള അടുപ്പം മുന്നോട്ട് പോയി. ഒടുവില്‍ വിവാഹം അടുത്തതോടെ ഇരവരും ഒളിച്ചോടുകയായിരുന്നു.