വേടന്റെ ഫ്ളാറ്റില്‍ പ്രത്യേക തരം കത്തിയും മഴുവും; കലാപരിപാടികളില്‍ ലഭിച്ച സമ്മാനങ്ങളെന്ന് വേടന്‍; ആയുധ നിയമപ്രകാരവും കേസെടുക്കാന്‍ പൊലീസ്; പുലിപ്പല്ല് ധരിച്ചതിന് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്ത് വനംവകുപ്പും

വേടനെതിരെ ആയുധ നിയമപ്രകാരവും കേസെടുക്കാന്‍ പൊലീസ്

Update: 2025-04-28 13:53 GMT

കൊച്ചി: കഞ്ചാവ് കേസില്‍ പിടിയിലായ റാപ്പര്‍ വേടനെതിരെ (ഹിരണ്‍ ദാസ് മുരളി) ആയുധ നിയമപ്രകാരവും കേസെടുക്കാന്‍ പൊലീസ്. വേടന്റെ കയ്യില്‍ നിന്നും ആയുധങ്ങള്‍ കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി. പരിശോധനയില്‍ പ്രത്യേക തരം കത്തി, മഴു തുടങ്ങിയ ആയുധങ്ങളാണ് പിടിച്ചെടുത്തത്. ഈ സംഭവത്തിലാണ് ആയുധ നിയമപ്രകാരം കേസെടുക്കുന്ന കാര്യം പൊലീസ് പരിഗണിക്കുന്നത്. അതേസമയം, ആയുധങ്ങള്‍ അല്ലെന്നും വിവിധ കലാപരിപാടികളില്‍ ലഭിച്ച സമ്മാനങ്ങളാണെന്നുമാണ് വേടന്‍ പൊലീസിനോട് പറഞ്ഞത്.

കൈവശം കൊണ്ടു നടക്കേണ്ട ആയുധങ്ങളല്ല വേടനില്‍ നിന്ന് പിടിച്ചെടുത്തതെന്നും ആയുധ നിരോധന നിയമം ചുമത്തുന്നത് പരിഗണനയിലാണെന്നും തൃക്കാക്കര എസിപി പിവി ബേബി പറഞ്ഞു. ഇന്ന് വേടനെ വനം വകുപ്പിന് വിട്ടു കൊടുക്കില്ലെന്നും എസിപി വ്യക്തമാക്കി. അതേസമയം, വൈദ്യ പരിശോധനയ്ക്കായി തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോള്‍ പ്രതികരിക്കാനില്ലെന്നും നിയമപരമായി നേരിടുമെന്നുമാണ് വേടന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. എല്ലാം പിന്നെ പറയാമെന്നും വേടന്‍ പറഞ്ഞു.

പിന്നീട് വൈദ്യ പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയപ്പോഴും വേടന്‍ ചോദ്യങ്ങളോട് പ്രതികരിച്ചു. പൊലീസിന്റെ വേട്ടയാടല്‍ ആണോയെന്ന് ചോദ്യത്തിന് അല്ല എന്നായിരുന്നു വേടന്റെ മറുപടി. തുടര്‍ന്ന് വേടനെ തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

കഞ്ചാവ് കൈവശം വച്ചതിന് അറസ്റ്റിലായതിന് പിന്നാലെയാണ് റാപ്പര്‍ വേടന്‍ എന്ന് അറിയപ്പെടുന്ന ഹിരണ്‍ ദാസ് മുരളിക്ക് കുരുക്കായി മാലയിലെ പുലിപല്ലും മാറിയത്. ലഹരി പരിശോധനക്കിടെ വേടന്റെ പക്കല്‍ നിന്ന് കണ്ടെത്തിയത് പുലിപല്ലാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. ഇതില്‍ വേടനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം വനംവകുപ്പ് കേസെടുക്കും. ലഹരിക്കേസില്‍ തൃപ്പൂണിത്തുറ ഹില്‍ പാലസ് പൊലീസ് അറസ്റ്റ് ചെയ്ത വേടനെ വനംവകുപ്പ് ഇന്ന് കസ്റ്റഡിയിലെടുക്കില്ലെന്നാണ് വിവരം. കഞ്ചാവ് കേസിലെ തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയശേഷമായിരിക്കും കസ്റ്റഡിയിലെടുക്കുക.

തുടര്‍ന്ന് കോടനാട് വനം വകുപ്പ് ഓഫീസിലേക്കും കൊണ്ടുപോകും. പുലിപല്ല് പിടിച്ചെടുത്ത സംഭവത്തില്‍ വേടനെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുമെന്നും വനവകുപ്പ് ഉദ്യോഗസ്സ്ഥര്‍ അറിയിച്ചു.ഇതിനിടെ, വേടനില്‍ നിന്ന് പിടിച്ചെടുത്ത പുലിപല്ല് ഹില്‍ പാലസ് സ്റ്റേഷനില്‍ എത്തിച്ചു. വനംവകുപ്പിന് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കുമെന്നും പൊലീസ് അറിയിച്ചു.

തിങ്കളാഴ്ച രാവിലെയാണ് വേടന്റെ ഫ്ളാറ്റില്‍ എറണാകുളം ഹില്‍പാലസ് പോലീസ് നടത്തിയ പരിശോധനയില്‍ ആറുഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. രഹസ്യവിവരത്തെത്തുടര്‍ന്ന് പോലീസ് ഫ്ളാറ്റില്‍ എത്തിയപ്പോള്‍ ഇവിടെ വേടന്‍ ഉള്‍പ്പെടെ ഒമ്പതുപേരുണ്ടായിരുന്നു. പോലീസിന്റെ ചോദ്യംചെയ്യലില്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി വേടന്‍ സമ്മതിച്ചു. കഞ്ചാവിന്റെ ഉറവിടത്തെക്കുറിച്ചും വേടന്‍ മൊഴിനല്‍കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

കഞ്ചാവ് പിടിച്ചതിന് പിന്നാലെ ഫ്ളാറ്റില്‍ നടത്തിയ വിശദമായ പരിശോധനയിലാണ് മാലയിലെ പുലിപ്പല്ലും ആയുധങ്ങളും കണ്ടെത്തിയത്. മാലയിലെ പുലിപ്പല്ല് തായ്ലാന്‍ഡില്‍നിന്ന് കൊണ്ടുവന്നതാണെന്നായിരുന്നു വേടന്റെ മൊഴി. ഇതോടെ കണ്ടെടുത്തത് പുലിപ്പല്ല് തന്നെയാണെന്ന് സ്ഥിരീകരിക്കാനായി പോലീസ് വനംവകുപ്പിനെ വിവരമറിയിച്ചു. തുടര്‍ന്ന് കോടനാടുനിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തുകയും വേടനെ കസ്റ്റഡിയിലെടുക്കുകയുംചെയ്തു. ഫ്ളാറ്റിലെ പരിശോധനയില്‍ 9.5 ലക്ഷം രൂപയും ഒമ്പത് മൊബൈല്‍ഫോണുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പണം സംഗീതപരിപാടിക്ക് ലഭിച്ച വേതനമാണെന്നാണ് വേടന്റെ മൊഴി.

പോലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്നതിനിടെ മാധ്യമങ്ങള്‍ വേടനോട് പ്രതികരണം തേടിയെങ്കിലും 'എല്ലാം പറയാം, എല്ലാം പറയാം, വരട്ടെ' എന്നായിരുന്നു മറുപടി. പിടിച്ചെടുത്ത കഞ്ചാവിന്റെ അളവ് കുറവായതിനാല്‍ ലഹരിക്കേസില്‍ വേടനെ സ്റ്റേഷന്‍ ജാമ്യത്തില്‍തന്നെ വിട്ടയച്ചേക്കും.

Tags:    

Similar News