വീട്ടിലിരുന്നുള്ള ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മയില്‍നിന്ന് 17 ലക്ഷം രൂപ തട്ടിയ കേസ്; പ്രതികളില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
വീട്ടമ്മയില്‍നിന്ന് 17 ലക്ഷം രൂപ തട്ടിയ കേസ്; പ്രതികളില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
കൊച്ചി: വീട്ടിലിരുന്ന് ജോലി ചെയ്ത് വരുമാനമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയില്‍നിന്ന് 17 ലക്ഷം രൂപ തട്ടിയ കേസില്‍ പ്രതികളില്‍ ഒരാള്‍കൂടി അറസ്റ്റില്‍. വിദേശത്തേക്ക് കടന്ന പ്രതി നാട്ടിലെത്തിയതിന് പിന്നാലെ പോലിസ് അറസ്റ്റ് ചെയ്യുക ആിയിരുന്നു. തമിഴ്‌നാട് തിരുച്ചിറപ്പിള്ളി അമ്പു നഗര്‍ വെങ്കടേഷ് (34) നെയാണ് എറണാകുളം റൂറല്‍ സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേര്‍ മുന്‍പ് അറസ്റ്റിലായിരുന്നു.
തട്ടിപ്പ് സംഘത്തിന്റെ നിര്‍ദേശം അനുസരിച്ച് വെങ്കടേഷിന്റെ അക്കൗണ്ടില്‍ വീട്ടമ്മ മൂന്ന് ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു. ഓണ്‍ലൈന്‍ സൈറ്റിലൂടെ വീട്ടിലിരുന്ന് ജോലിചെയ്ത് വരുമാനമുണ്ടാക്കാമെന്ന് വീട്ടമ്മയെ ധരിപ്പിക്കുകയായിരുന്നു. ഭക്ഷണത്തിന് റേറ്റിങ് നല്‍കുന്ന ജോലിയാണ് തട്ടിപ്പ് സംഘം വീട്ടമ്മയ്ക്ക് വാഗ്ദാനം ചെയ്തത്. ഇവരുടെ വാഗ്ദാനം കണ്ട് എടത്തല സ്വദേശിയായ വീട്ടമ്മ തട്ടിപ്പ് സംഘം നല്‍കിയ ഒരു സൈറ്റില്‍ പ്രവേശിച്ച് രജിസ്റ്റര്‍ ചെയ്തു. വീട്ടമ്മയുടെ വിശ്വാസം പിടിച്ചുപറ്റാന്‍ ചെയ്ത ജോലിക്ക് തട്ടിപ്പ് സംഘം കുറച്ച് തുക പ്രതിഫലം നല്‍കി. അതിനു ശേഷം കൂടുതല്‍ ലാഭം കിട്ടുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തുക നിക്ഷേപിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.
ആദ്യഘട്ടത്തില്‍ നിക്ഷേപിച്ച തുകയ്ക്ക് ലാഭവിഹിതം എന്നു പറഞ്ഞ് ചെറിയ തുക വീട്ടമ്മയ്ക്ക് തിരികെ നല്‍കി. പിന്നീട് നിക്ഷേപിച്ച തുകയ്ക്ക് അനുസരിച്ച് ലാഭവിഹിതമായി വന്‍ തുക അവരുടെ പേജില്‍ കാണിച്ചു കൊണ്ടിരുന്നു. ഒടുവില്‍ പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ സാധിച്ചില്ല. ഇതോടെയാണ് തട്ടിപ്പ് മനസ്സിലായത്. തട്ടിപ്പ് സംഘത്തിന്റെ നിര്‍ദേശം അനുസരിച്ച് വീട്ടമ്മ അഞ്ച് ലക്ഷം, മൂന്ന് ലക്ഷം, രണ്ട് ലക്ഷം എന്നിങ്ങനെ നിക്ഷേപിക്കുക ആയിരുന്നു.
അതേസമയം, പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ വെങ്കടേഷ് വിദേശത്തേക്ക് കടന്നിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു. ജില്ലാ പോലീസ് മേധാവി എം.ഹേമലതയുടെ മേല്‍നോട്ടത്തില്‍ ഇന്‍സ്‌പെക്ടര്‍ വിപിന്‍ദാസ്, എസ് ഐ മാരായ സി.ആര്‍.ഹരിദാസ്, സി.കെ.രാജേഷ്, എം.അജേഷ് , സി പി ഒ ലിജോ ജോസ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.