നാലുമാസം മുമ്പ് പ്രണയവിവാഹം; ഗര്‍ഭഛിദ്രമുണ്ടായതിന് മോശമായി പെരുമാറി; ചികിത്സിച്ച പണം തിരികെ ചോദിച്ചു; നിനക്കെന്തു കൊണ്ട് മരിച്ചുകൂടാ എന്ന് ഭര്‍ത്താവ് ചോദിച്ചു; പിന്നാലെ 23കാരി ജീവനൊടുക്കി; പരാതിയുമായി ബന്ധുക്കള്‍
ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും നിരന്തര പീഡനത്തിനു പിന്നാലെ 23കാരി ജീവനൊടുക്കി
മൊറാദാബാദ്: നാലുമാസം മുമ്പ് വിവാഹിതയായ 23കാരി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കി. യു.പി സ്വദേശിയായ അംറീന്‍ ജഹാന്‍ ആണ് മരിച്ചത്. അംറീന്റെത് പ്രണയവിവാഹമായിരുന്നു. മൊറാദാബാദില്‍ ഭര്‍ത്താവിന്റെ കുടുംബത്തിനൊപ്പമായിരുന്നു അംറീന്‍ താമസിച്ചിരുന്നത്. ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും നിരന്തര പീഡനത്തില്‍ മനംമടുത്താണ് യുവതി ജീവനൊടുക്കിയത്. ഭര്‍ത്താവും ഭര്‍ത്താവിന്റെ പിതാവും സഹോദരിയുമാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്ന് സൂചിപ്പിക്കുന്ന യുവതിയുടെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. മരിക്കുന്നതിന് തൊട്ടുമുമ്പാണ് അംറീന്‍ വിഡിയോ ചിത്രീകരിച്ചത്.
ഭര്‍ത്താവ് ബംഗളുരുവില്‍ വെല്‍ഡര്‍ ആയി ജോലി ചെയ്യുകയാണ്. ഗര്‍ഭഛിദ്രമുണ്ടായതിനെ തുടര്‍ന്ന് ഭര്‍ത്താവിന്റെ ബന്ധുക്കള്‍ വളരെ മോശമായാണ് തന്നോട് പെരുമാറിയിരുന്നതെന്ന് യുവതി വിഡിയോയില്‍ ആരോപിക്കുന്നുണ്ട്. ''എന്റെ ഭക്ഷണശീലത്തെ കുറിച്ചാണ് അവര്‍ എപ്പോഴും കുറ്റം പറഞ്ഞിരുന്നത്. ചിലസമയത്ത് അവര്‍ എന്റെ മുറിയിലേക്കുള്ള വൈദ്യുത ബന്ധം വിഛേദിക്കും. എന്റെ ഭര്‍തൃസഹോദരി ഖദീജ, ഭര്‍തൃ പിതാവ് ഷാഹിദ് എന്നിവരാണ് എന്റെ മരണത്തിന് ഉത്തരവാദി. ഭര്‍ത്താവിനും അതില്‍ ഭാഗികമായി പങ്കുണ്ട്. അദ്ദേഹം എന്നെ മനസിലാക്കിയില്ല. എല്ലാം എന്റെ കുറ്റമാണെന്നാണ് അദ്ദേഹം കരുതിയത്. അദ്ദേഹത്തെ അവര്‍ തെറ്റിദ്ധരിപ്പിച്ചു. എനിക്കിനി സഹിക്കാനാകില്ല.''-എന്നാണ് യുവതി വിഡിയോയില്‍ ആരോപിക്കുന്നത്.
ഭര്‍ത്താവും ഭര്‍തൃബന്ധുക്കളും മരിക്കാനായി നിരന്തരം സമ്മര്‍ദം ചെലുത്തിയതായും അംറീന്‍ ആരോപിക്കുന്നു. നിനക്കെന്തു കൊണ്ട് മരിച്ചുകൂടാ എന്നാണ് ഭര്‍ത്താവ് ചോദിച്ചിരുന്നത്. ഇതേ കാര്യം ഭര്‍ത്താവിന്റെ പിതാവും സഹോദരിയും ആവര്‍ത്തിച്ചു. അസുഖം വന്നപ്പോള്‍ ചികിത്സിച്ചത് തെറ്റായിപ്പോയെന്നാണ് ഭര്‍ത്താവിന്റെ ബന്ധുക്കള്‍ പറഞ്ഞിരുന്നത്. അന്ന് ചെലവാക്കിയ പണം മുഴുവന്‍ തിരികെ നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്റെ ഭര്‍ത്താവിന്റെ അടുത്ത് പണമുണ്ടായിരുന്നുവെങ്കില്‍ നിങ്ങളോട് കടം ചോദിക്കുമായിരുന്നോയെന്നും യുവതി ചോദിക്കുന്നുണ്ട്.
മരിച്ചു കഴിഞ്ഞാല്‍ എന്തുസംഭവിക്കുമെന്ന് എനിക്കറിയില്ല, എന്നാല്‍ അതാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏറ്റവും നല്ലത് എന്ന് പറഞ്ഞാണ് യുവതി വിഡിയോ അവസാനിപ്പിക്കുന്നത്. പൊലീസ് അംറീന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. മകളുടെ മരണത്തിന് ഉത്തരവാദികളെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് അംറീന്റെ പിതാവ് പരാതി നല്‍കി. ഭര്‍തൃബന്ധുക്കളുടെ മര്‍ദനത്തില്‍നിന്ന് രക്ഷിക്കാനാവശ്യപ്പെട്ട് പല തവണ മകള്‍ സഹായം തേടിയതായും അദ്ദേഹം പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.