ബെവ്കോ കൊച്ചറ ഔട്ട്ലെറ്റില്‍ വിജിലന്‍സ് റെയ്ഡ്; ജീവനക്കാരന്റെ കാറില്‍ നിന്ന് പിടികൂടിയ പണത്തിന് രേഖയുണ്ടാക്കി രക്ഷപ്പെടാന്‍ നീക്കം; വിജിലന്‍സ് പിടിച്ചെടുത്ത പണം വായ്പ വാങ്ങിയതാണെന്ന് ആരോപണ വിധേയന്‍

ബെവ്കോ കൊച്ചറ ഔട്ട്ലെറ്റ് വിജിലന്‍സ് റെയ്ഡില്‍ കൂടുതല്‍ വിവരങ്ങള്‍

Update: 2025-07-15 13:15 GMT

ഇടുക്കി: ബെവ്കോ കൊച്ചറ ഔട്ട്ലെറ്റില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത പണം പിടികൂടിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നടപടികളില്‍നിന്ന് രക്ഷപ്പെടാന്‍ ജീവനക്കാര്‍ അണിയറ നീക്കങ്ങള്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്. പിടിച്ചെടുത്ത പണം വ്യക്തിയില്‍നിന്ന് വായ്പയായി തരപ്പെടുത്തിയതാണെന്ന് രേഖയുണ്ടാക്കി തലയൂരാനാണ് ശ്രമം നടക്കുന്നത്.

മദ്യത്തിന് അമിതവില ഈടാക്കുന്നു, ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാതെ വില്‍പ്പന നടത്തുന്നു എന്നിങ്ങനെ നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നായിരുന്നു വിജിലന്‍സ് ഇടുക്കി യൂണിറ്റ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തിയത്. റെയ്ഡില്‍ ജീവനക്കാരന്റെ കാറില്‍നിന്ന് 19,000 രൂപയാണ് കണക്കില്‍പ്പെടാതെ പിടിച്ചെടുത്തത്. ഈ കേസിലാണ് ജീവനക്കാര്‍ വ്യാജരേഖകളുണ്ടാക്കി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതായി വിവരം ലഭിച്ചിരിക്കുന്നത്. ഔട്ട്ലെറ്റ് പ്രവര്‍ത്തിക്കുന്ന കോമ്പൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന ജീവനക്കാരന്റെ കാറില്‍ സൂക്ഷിച്ച നിലയിലാണ് പണം കണ്ടെത്തിയത്.

2023ല്‍ ഓപ്പറേഷന്‍ മൂണ്‍ലൈറ്റിന്റെ ഭാഗമായി നടന്ന റെയ്ഡിലും ഇവിടത്തെ ഒരു ജീവനക്കാരന്റെ കൈവശം നിന്ന് കണക്കില്‍പ്പെടാത്ത 20,000 രൂപ പിടിച്ചെടുത്തിരുന്നു. ഈ പണം സമീപത്തെ വ്യാപാരി ചില്ലറ മാറ്റാന്‍ ഏല്‍പ്പിച്ചതാണെന്ന് അന്ന് ജീവനക്കാര്‍ പറഞ്ഞിരുന്നു. വ്യാപാരിയും മൊഴിയില്‍ ഉറച്ചു നിന്നതോടെ നടപടികള്‍ ഉണ്ടായില്ല. അതേസമയം, സ്ഥാപനത്തിലെ അഴിമതികള്‍ സംബന്ധിച്ച പരാതിയില്‍ മാനേജിങ് ഡയറക്ടര്‍ നേരിട്ട് അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ ബെവ്കോയ്ക്ക് എക്സൈസ് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സ്ഥലം മാറ്റിയാലും മടങ്ങിയെത്തും

കൊച്ചറയിലെ ഔട്ട്ലെറ്റില്‍നിന്ന് ജീവനക്കാരെ സ്ഥലം മാറ്റിയാലും ഉന്നത തലത്തില്‍ സ്വാധീനം ചെലുത്തി പോയതിന്റെ ഇരട്ടി വേഗത്തില്‍ തിരിച്ചെത്തുമെന്നാണ് പറയപ്പെടുന്നത്. പൊതുസ്ഥലംമാറ്റത്തിന്റെ ഭാഗമായി സമീപത്തെ ഔട്ട്ലെറ്റുകളിലേക്ക് മാറ്റപ്പെട്ടവരും ഇതേപോലെ മടങ്ങിയെത്തിയിട്ടുണ്ട്. ഇതിന് ഇവരെ സഹായിക്കുന്നത് ഭരണകക്ഷിയിലെ ട്രേഡ് യൂണിയന്‍ നേതാക്കളില്‍ ചിലരാണെന്നും ആരോപണമുണ്ട്.


Tags:    

Similar News