പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയുമായി ലൈംഗികബന്ധം; കുറ്റക്കാരിയായ അധ്യാപികയ്ക്ക് 15 വര്‍ഷം ജയില്‍ ശിക്ഷ; 2014 നും 2019 നും ഇടയില്‍ 500 ലധികം സമാനമായ കേസുകള്‍; മാതാപിതാക്കളും സമൂഹവും അര്‍പ്പിച്ച വിശ്വാസത്തിന്റെ ലംഘനമെന്ന് കോടതി
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയുമായി ലൈംഗികബന്ധം
മിഷിഗന്‍: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട 26കാരിയായ അധ്യാപികയ്ക്ക് പതിനഞ്ച് വര്‍ഷം ജയില്‍ ശിക്ഷ. അധ്യാപിക കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയിരുന്നു. 15 വര്‍ഷം ജയില്‍ ശിക്ഷ ലഭിക്കാവുന്ന ലൈംഗികക്കുറ്റം അധ്യാപിക ചെയ്തുവെന്നാണ് കണ്ടെത്തല്‍. അമേരിക്കയിലെ മിഷിഗനിലാണ് സംഭവം. ഹൈസ്‌കൂള്‍ അധ്യാപികയായിരുന്ന ജോസ്‌ലീന്‍ സാന്റൊമാന്‍ കുറ്റക്കാരിയെന്നാണ് കോടതി കണ്ടെത്തിയത്.
വിദ്യാര്‍ഥികളുമായി നിയമവിരുദ്ധ ലൈംഗിക ബന്ധത്തില്‍ അധ്യാപകര്‍ ഏര്‍പ്പെടുന്ന സംഭവങ്ങള്‍ അമേരിക്കയുടെ വിദ്യാഭ്യാസ രംഗത്ത് വലിയ ആശങ്ക സൃഷ്ടിക്കുമ്പോഴാണ് സമാനമായ കേസില്‍ അധ്യാപിക ശിക്ഷിക്കപ്പെടുന്നത്. 2014 നും 2019 നും ഇടയില്‍ 500 ലധികം കേസുകള്‍ യുഎസില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 10 വിദ്യാര്‍ഥികളില്‍ ഒരാള്‍ക്ക് അധ്യാപകരില്‍ നിന്ന് ഏതെങ്കിലും തരത്തിലുള്ള ലൈംഗിക അതിക്രമങ്ങള്‍ നേരിടേണ്ടി വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ വര്‍ഷം വാട്ടര്‍ഫോഡിലെ ഓക്‌സൈഡ് പ്രെപ് അക്കാദമിയില്‍ അധ്യാപികയായിരുന്നപ്പോഴാണ് ജോസ്‌ലീന്‍ വിദ്യാര്‍ഥിയെ ദുരുപയോഗം ചെയ്തത്. മാതാപിതാക്കളും സമൂഹവും ഒരു അധ്യാപികയില്‍ അര്‍പ്പിച്ച വിശ്വാസത്തിന്റെ ലംഘനം കൂടിയാണിതെന്നും കോടതി ചൂണ്ടിക്കാട്ടി. അധ്യാപികയെന്ന അധികാര പദവി ചൂഷണം ചെയ്യുകയാണ് ജോസ്‌ലീന്‍ ചെയ്തതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
അധ്യാപികയെ കുറ്റക്കാരിയെന്ന് കണ്ടെത്തിയ കോടതി വിധി സ്വാഗതം ചെയ്യുന്നതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിതവും സമാധാനവുമായും പഠിക്കാനുള്ള ചുറ്റുപാട് സൃഷ്ടിക്കലാണ് ലക്ഷ്യമെന്നും അതിന് തടസമായി ഉണ്ടാകുന്ന എല്ലാ പ്രവര്‍ത്തനങ്ങളും തടയുക തന്നെ വേണമെന്നാണ് നിലപാടെന്നും സ്‌കൂള്‍ അധികൃതരും പ്രതികരിച്ചു. വിവരം അറിഞ്ഞയുടന്‍ തന്നെ അധ്യാപികയെ പുറത്താക്കിയിരുന്നുവെന്നും വിദ്യാര്‍ഥിക്ക് മതിയായ നിയമസഹായമെല്ലാം നല്‍കിയിരുന്നുവെന്നും സ്‌കൂള്‍ അധികൃതര്‍ വിശദീകരിച്ചു.
ഫ്‌ലോറിഡയില്‍ ക്ലാസ്മുറിയില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട അധ്യാപിക ജൂണ്‍ ആദ്യവാരം അറസ്റ്റിലായിരുന്നു. ഫ്‌ലോറിഡയിലെ റിവര്‍വ്യൂ ഹൈസ്‌കൂളിലെ അധ്യാപിക ബ്രൂക്ക് ആന്‍ഡേഴ്സണ്‍ (27) ആണ് അറസ്റ്റിലായത്. രാവിലെ സ്‌കൂള്‍ ആരംഭിക്കുന്നതിന് മുന്‍പാണ് അധ്യാപിക കുറ്റകൃത്യത്തിലേര്‍പ്പെട്ടതെന്നും കുട്ടിയുമായി മാസങ്ങളോളം ലൈംഗിക ബന്ധം പുലര്‍ത്തിയിരുന്നതായും ഹില്‍സ്ബറോ കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു.
മെയ് 16 ന് രാവിലെയാണ് അധ്യാപിക ക്ലാസ്മുറിയില്‍ വച്ച് വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി ആരോപിക്കുന്നത്. പിന്നാലെ ഹില്‍സ്ബറോ കൗണ്ടി ഷെരീഫ് ഓഫീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. 2024 സെപ്റ്റംബര്‍ മുതല്‍ അധ്യാപിക തന്നോട് സെക്‌സ് ചാറ്റുകള്‍ നടത്തിയിരുന്നതായി വിദ്യാര്‍ഥി പറഞ്ഞു. അറസ്റ്റിന് മുമ്പുള്ള ആഴ്ചകളില്‍ വിദ്യാര്‍ഥിയുമായി ഒന്നിലധികം തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ അധ്യാപികയെ ജാമ്യത്തില്‍ വിട്ടിരിക്കുകയാണ്.
റിവര്‍വ്യൂ ഹൈസ്‌കൂളിലെ സയന്‍സ് അധ്യാപികയാണ് അറസ്റ്റിലായ ബ്രൂക്ക് ആന്‍ഡേഴ്സണ്‍. അറസ്റ്റിന് തൊട്ടുപിന്നാലെ ഇവരുടെ പേര് സ്‌കൂള്‍ ഡയറക്ടറിയില്‍ നിന്ന് നീക്കം ചെയ്തതായി ഡെയ്ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ സ്‌കൂള്‍ അധികൃതര്‍ അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. ഒരു വിദ്യാര്‍ഥിയുടെയും സ്‌കൂളിന്റെയും, മുഴുവന്‍ സമൂഹത്തിന്റെയും വിശ്വാസത്തെ അധ്യാപിക വഞ്ചിച്ചുവെന്നും പഠനത്തിന് സുരക്ഷിതവും പിന്തുണ നല്‍കേണ്ടതുമായ സ്‌കൂള്‍ അന്തരീക്ഷത്തെ ഇവര്‍ ചൂഷണം ചെയ്തുവെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും കൂടുതല്‍ ഇരകളുണ്ടെങ്കില്‍ അവരോട് മുന്നോട്ട് വരാന്‍ ആവശ്യപ്പെടുന്നതായും പൂര്‍ണ പിന്തുണയുണ്ടാകുമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.