ഓടുന്ന ബസില്‍ പ്രസവിച്ചു; നവജാത ശിശുവിനെ തുണിയില്‍ പൊതിഞ്ഞ് പുറത്തേക്ക് വലിച്ചെറിഞ്ഞു; ചോദിച്ചപ്പോള്‍ ഛര്‍ദിച്ചതെന്ന് മറുപടി; നാട്ടുകാര്‍ വിവരം അറിയിച്ചതോടെ അന്വേഷണവുമായി പൊലീസ്; 19കാരിയെയും യുവാവിനെയും കസ്റ്റഡിയിലെടുത്ത് പൊലീസ്
ഓടുന്ന ബസില്‍ പ്രസവിച്ചു; കുഞ്ഞിനെ പുറത്തേക്കെറിഞ്ഞു; 19കാരിയും യുവാവും കസ്റ്റഡിയില്‍
മുംബൈ: ഓടികൊണ്ടിരുന്ന ബസില്‍ പ്രസവിച്ച യുവതി നവജാത ശിശുവിനെ പുറത്തേക്ക് വലിച്ചെറിഞ്ഞു കൊലപ്പെടുത്തി.ഭര്‍ത്താവെന്ന് യുവതി അവകാശപ്പെട്ട യുവാവിന്റെ സഹായത്തോടെയാണ് കുട്ടിയെ ബസ്സിന് പുറത്തേക്ക് എറിഞ്ഞത്. കുട്ടി തല്‍ക്ഷണം മരിച്ചതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലെ പര്‍ബാനിയിലാണ് സംഭവം. 19 വയസ്സുള്ള റിതിക ധിരെ എന്ന യുവതിയെയും അല്‍ത്താഫ് ഷെയ്ഖ് എന്ന യുവാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവര്‍ക്കുമെതിരെ കേസ് റജിസ്റ്റര്‍ ചെയ്തു.
പാത്രി-സേലു റോഡില്‍ ചൊവ്വാഴ്ച രാവിലെ ആറരയോടെയായിരുന്നു സംഭവം. പൂനെയില്‍ ജോലിചെയ്യുന്ന റിതികയും അല്‍ത്താഫും പര്‍ബാനിയിലേക്കുള്ള സ്ലീപ്പര്‍ കോച്ച് ബസിലാണ് യാത്രചെയ്തിരുന്നത്. ഗര്‍ഭിണിയായിരുന്ന യുവതിക്ക് യാത്രയ്ക്കിടെ പ്രസവവേദന അനുഭവപ്പെടുകയും ബസില്‍വെച്ച് ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയുമായിരുന്നു. തുടര്‍ന്ന് ഇരുവരും ഒരു തുണിയില്‍ പൊതിഞ്ഞ് കുഞ്ഞിനെ ബസിന്റെ ജനലിലൂടെ പുറത്തേക്കെറിയുകയായിരുന്നുവെന്ന് പോലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
സ്ലീപ്പര്‍ കോച്ച് ബസിന്റെ ജനാല വഴി ഛര്‍ദിക്കുകയാണെന്നാണ് യുവതി മറ്റു യാത്രക്കാരോട് പറഞ്ഞത്. ബസില്‍നിന്ന് എന്തോ പുറത്തേക്കെറിയുന്നത് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് അല്‍ത്താഫിനോട് ചോദിച്ചപ്പോള്‍ ഭാര്യ ഛര്‍ദിച്ചതാണെന്നായിരുന്നു ഇയാള്‍ മറുപടി നല്‍കിയത്. തുണിയില്‍ പൊതിഞ്ഞ് ബസിന്റെ ജനാലവഴി എറിഞ്ഞതു കണ്ട നാട്ടുകാരില്‍ ഒരാള്‍ പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയും ഒപ്പമുണ്ടായിരുന്ന ആളും പിടിയിലായത്.
''ഗര്‍ഭിണിയായിരുന്ന യുവതിക്ക് യാത്രാമധ്യേ പ്രസവവേദന അനുഭവപ്പെട്ടു. പിന്നാലെ കുഞ്ഞിന് ജന്മം നല്‍കി. ദമ്പതികള്‍ കുഞ്ഞിനെ ഒരു തുണിയില്‍ പൊതിഞ്ഞ് വാഹനത്തില്‍ നിന്നു പുറത്തേക്ക് എറിഞ്ഞു.''പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ബസിനു മുകളിലും താഴെയും ബര്‍ത്തുകളുണ്ടായിരുന്നു. വളര്‍ത്താന്‍ കഴിയാത്തതിനാലാണ് കുട്ടിയെ ഉപേക്ഷിച്ചതെന്ന് ഇരുവരും പൊലീസിനു മൊഴി നല്‍കി.
ദമ്പതികളാണെന്ന് അവകാശപ്പെട്ടെങ്കിലും വിവാഹസര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാന്‍ ഇരുവര്‍ക്കും കഴിഞ്ഞില്ല. പര്‍ബാനി സ്വദേശികളായ ഇവര്‍, ഒരു വര്‍ഷത്തിലേറെയായി പുനെയിലാണ് താമസിക്കുന്നത്. യുവതിയെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ രണ്ടുപേര്‍ക്കും എതിരേ കേസെടുത്തതായി പോലീസ് അറിയിച്ചു. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.