പ്ലസ് വണ്ണിന് പഠിക്കുന്ന കാലത്ത് ബലാത്സംഗത്തിന് ഇരയാക്കി; നഗ്നചിത്രങ്ങളും ദൃശ്യങ്ങളും ഫോണില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി നിരവധി തവണ പീഡിപ്പിച്ചു; ആണ്‍സുഹൃത്തിന് ദൃശ്യങ്ങള്‍ അയച്ചുനല്‍കി; ഇരുപത്തിമൂന്നുകാരിയുടെ പരാതിയില്‍ എട്ടാം ക്ലാസ് മുതല്‍ ഒന്നിച്ചുപഠിച്ച സഹപാഠി അറസ്റ്റില്‍

യുവതിയുടെ പരാതിയില്‍ എട്ടാം ക്ലാസ് മുതല്‍ ഒന്നിച്ചുപഠിച്ച സഹപാഠി അറസ്റ്റില്‍

Update: 2025-07-27 15:45 GMT

പത്തനംതിട്ട: പ്ലസ്വണ്‍ പഠന കാലത്ത് തന്നെ സഹപാഠിയായ വിദ്യാര്‍ഥി ബലം പ്രയോഗിച്ച് പീഡനത്തിന് ഇരയാക്കിയെന്ന ഇരുപത്തിമൂന്നുകാരിയുടെ പരാതിയില്‍ യുവാവ് അറസ്റ്റില്‍. നാരങ്ങാനം കടമ്മനിട്ട അന്ത്യാളന്‍കാവ് കാഞ്ഞിരത്തോലില്‍ വീട്ടില്‍ സുമേഷ് സുനില്‍ (24) ആണ് അറസ്റ്റിലായത്. യുവതിയുടെ മൊഴിപ്രകാരം ബലാല്‍സംഗത്തിനും മാനഹാനപ്പെടുത്തിയതിനും പോക്സോ-ഐ ടി നിയമപ്രകാരവുമാണ് ആറന്മുള പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

എട്ടാം ക്ലാസ്സ് മുതല്‍ ഇരുവരും ഒരുമിച്ച് പഠിച്ചവരാണ് ഇരുവരും. നിരന്തരം പിന്തുടര്‍ന്ന് ശല്യം ചെയ്യുന്നതായും കൈവശപ്പെടുത്തിയ തന്റെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുന്നതായും യുവതി മൊഴിയില്‍ പറയുന്നു.

പ്ലസ് വണ്ണില്‍ പഠിക്കുമ്പോഴാണ് ഇഷ്ടമാണെന്ന് പറഞ്ഞു ഇയാള്‍ ഫോണ്‍ വിളിക്കാനും വാട്സാപ്പ് സന്ദേശങ്ങള്‍ അയക്കാനും തുടങ്ങിയത്. അമ്മയുടെ ഫോണാണ് അന്ന് പെണ്‍കുട്ടി ഉപയോഗിച്ചത്.

2018 ജനുവരിയിലെ ഒരു ശനിയാഴ്ചയാണ് പീഡനത്തിന് തുടക്കം. സ്‌കൂളില്‍ ക്ലാസില്ലാത്ത സമയം ട്യൂഷന്‍ കഴിഞ്ഞു ബസ് സ്റ്റോപ്പില്‍ നില്‍ക്കവേ സംസാരിക്കാനുണ്ടെന്ന് പറഞ്ഞു നിര്‍ബന്ധിപ്പിച്ച് സ്‌കൂള്‍ കോമ്പൗണ്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. തുടര്‍ന്ന്, കല്യാണം കഴിക്കാമെന്ന് വാക്കു നല്‍കിയ ശേഷം, കമ്പ്യൂട്ടര്‍ ലാബിലെ തിണ്ണയില്‍ വച്ച് ബലം പ്രയോഗിച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു. പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു.

ഈ ദൃശ്യങ്ങളുടെ പേര് പറഞ്ഞു ഭീഷണിപ്പെടുത്തി പിന്നീട് പലതവണ 2019 വരെയുള്ള കാലയളവില്‍ ഇതേസ്ഥലത്ത് വച്ച് ലൈംഗികമായി പീഡിപ്പിച്ചു. കുട്ടിയുടെ പക്കല്‍ നിന്നും ഫോണ്‍ വഴി നഗ്നഫോട്ടോകള്‍ അയച്ചു വാങ്ങുകയും ഇവ കാട്ടി നിരന്തരം ഭീഷണിപ്പെടുത്തി പീഡിപ്പിക്കുന്നത് തുടരുകയും ചെയ്തുവെന്നാണ് മൊഴി. 2023 വരെ ഫോണിലൂടെ ബന്ധം തുടര്‍ന്നുവെന്നും പ്രതി മറ്റൊരു പെണ്‍കുട്ടിയെ ശല്യം ചെയ്യുന്നതായി അറിഞ്ഞപ്പോള്‍ പിണങ്ങി പിന്മാറിയെന്നും യുവതി മൊഴിനല്‍കി. എന്നാല്‍ ഫോണില്‍ വിളിച്ച് നഗ്നചിത്രങ്ങളുടെ പേരില്‍ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. അങ്ങനെ ഇയാളുടെ നമ്പര്‍ ബ്ലോക്ക് ചെയ്തു.

ഒരു വര്‍ഷമായി മറ്റൊരു യുവാവുമായി താന്‍ അടുപ്പത്തിലായത് അറിഞ്ഞ പ്രതി, ചിത്രങ്ങളും ദൃശ്യങ്ങളും അയാള്‍ക്ക് അയച്ചു കൊടുത്തുവെന്നും മറ്റും പത്തനംതിട്ട വനിതാ സ്റ്റേഷനില്‍ യുവതി മൊഴി നല്‍കി. ജില്ലാ ക്രൈം ബ്രാഞ്ച് എസ് ഐ കെ എസ് ധന്യ മൊഴി രേഖപ്പെടുത്തി. തുടര്‍ന്ന്

കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. പോലീസ് ഇന്‍സ്പെക്ടര്‍ വി എസ് പ്രവീണിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതി തിരുവനന്തപുരത്ത് ഉണ്ടെന്ന് മനസ്സിലായതിന്റെ അടിസ്ഥാനത്തില്‍ എസ് ഐ വിഷ്ണുവിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം അവിടെയെത്തി അന്വേഷണം നടത്തി. ടെക്നോപാര്‍ക്കിലെ കൊമെര്‍ഷ്യല്‍ ബില്‍ഡിങ്ങിന് സമീപത്തുനിന്നും കണ്ടെത്തി.പിടികൂടി മെഡിക്കല്‍ പരിശോധന നടത്തി സ്റ്റേഷനില്‍ എത്തിച്ചു. മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തു. നഗ്നചിത്രങ്ങളും ദൃശ്യങ്ങളും പെന്‍ഡ്രൈവില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് സമ്മതിച്ചതുപ്രകാരം വീട്ടിലെത്തി ഇത് പോലീസ് കണ്ടെടുത്തു. വൈദ്യപരിശോധനക്കും തുടര്‍ നടപടികള്‍ക്കും ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതലായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

Tags:    

Similar News