പത്തനംതിട്ട കോയിപ്രത്ത് പുഞ്ചപ്പാടത്ത് മീന്‍ പിടിക്കാനിറങ്ങി; യുവാക്കള്‍ സഞ്ചരിച്ചിരുന്ന ഫൈബര്‍ വള്ളം മറിഞ്ഞു; രണ്ടു യുവാക്കള്‍ മുങ്ങി മരിച്ചു; കാണാതായ യുവാവിനായി തെരച്ചില്‍ നാളെ പുനരാരംഭിക്കും
പത്തനംതിട്ട: കോയിപ്രം നെല്ലിക്കല്‍ പുഞ്ചപ്പാടത്തെ വെള്ളക്കെട്ടില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയ യുവാക്കള്‍ സഞ്ചരിച്ചിരുന്ന ഫൈബര്‍ വള്ളം മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു. കാണാതായ യുവാവിനായുള്ള തെരച്ചില്‍ രാത്രിയോടെ നിര്‍ത്തിവച്ചു. നാളെ പുലര്‍ച്ചെ പുനരാരംഭിക്കും. കിടങ്ങന്നൂര്‍ മണപ്പള്ളി ചാങ്ങച്ചേത്ത് പരേതനായ നാരായണന്റെ മകന്‍ രാഹൂല്‍ സി. നാരായണന്‍ (28 ), കോയിപ്രം നെല്ലിക്കല്‍ മാരൂര്‍ പറമ്പില്‍ മിഥുന്‍ (27 ) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന നെല്ലിക്കല്‍ സ്വദേശി ദേവനായുള്ള തെരച്ചില്‍ നാട്ടുകാര്‍ക്കൊപ്പം ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്ന് രാത്രി ഏറെ വൈകുന്നത് വരെ തുടര്‍ന്നെങ്കിലും കണ്ടെത്താനായില്ല.
ഞായര്‍ വൈകിട്ട് അഞ്ചിന് ശേഷമാണ് നാലു സുഹൃത്തുക്കള്‍ പമ്പയാറിനോട് ചേര്‍ന്നുള്ള നെല്ലിക്കല്‍ പുഞ്ചപ്പാടത്ത് മീന്‍ പിടിക്കാന്‍ എത്തിയത്. രാഹുല്‍, ദേവന്‍, മിഥുന്‍ എന്നിവര്‍ ഫൈബര്‍ വള്ളത്തില്‍ വെള്ളക്കെട്ടിലേക്ക് പോയി. നാലാമന്‍ കരയ്ക്ക് നിന്നു. പായലും പുല്ലും വളര്‍ന്ന് കിടക്കുകയാണ് ഇവിടെ. പമ്പ നദിയോട് ചേര്‍ന്ന പാടമായതിനാല്‍ കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ നിറഞ്ഞു കിടക്കുകയാണ്. വള്ളം പായലിലോ പുല്ലിലോ കുരുങ്ങിയാകും മറിഞ്ഞതെന്ന് നാട്ടുകാര്‍ പറയുന്നു. വള്ളം മറിഞ്ഞത് കരയ്ക്ക് നിന്നവര്‍ കണ്ടിരുന്നു. കരയില്‍ നിന്ന് ഏറെ അകലെ മാറി മറിഞ്ഞതിനാല്‍ ഇവര്‍ നീന്തി അവിടെ എത്താന്‍ വൈകി.
സംഭവം അറിഞ്ഞ ഉടന്‍ തന്നെ കോയിപ്രം, ആറന്മുള സ്റ്റേഷനുകളില്‍ നിന്ന് പോലീസും പത്തനംതിട്ട നിലയത്തില്‍ നിന്നുള്ള അഗ്നിരക്ഷാ പ്രവര്‍ത്തകരും സ്ഥലത്തെത്തി. അപ്പോഴേക്കും നാട്ടുകാര്‍ രക്ഷാ പ്രവര്‍ത്തനത്തിന് ഇറങ്ങിയിരുന്നു. ആദ്യം രാഹുലിനെയും പിന്നീട് മിഥുനെയും കണ്ടെത്തി ഇവര്‍ മാലക്കര ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പിന്നീട് അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ തെരച്ചില്‍ ഏറെ നേരം തുടര്‍ന്നെങ്കിലും ദേവനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. രാത്രി വൈകിയും അഗ്‌നിരക്ഷാസേന തെരച്ചില്‍ തുടര്‍ന്നിരുന്നു.