'ഈ ഹീറോ ഇപ്പോള്‍ എന്ത് ചെയ്യുന്നു'! ഓടിക്കൊണ്ടിരിക്കുന്ന ബസിന് മുന്നില്‍ ബൈക്ക് നിര്‍ത്തി പരാക്രമം കാണിച്ച യുവാവിനെ പൊക്കി പോലീസ്; വിവിധ സിനിമ സംഭാഷണങ്ങളുടെയും പാട്ടുകളുടെയും പശ്ചാത്തലത്തില്‍ ദൃശ്യങ്ങള്‍
മലപ്പുറം: താനൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസിന് മുന്നില്‍ ബൈക്ക് നിര്‍ത്തി പരാക്രമം കാണിച്ച യുവാവിനെ പിടികൂടി പോലീസ്. യുവാവിനെ പിടികൂടിയ വീഡിയോ കേരള പോലീസിന്റെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. യുവാവ് ബസിന് മുന്നില്‍ നടത്തിയ പരാക്രമത്തിന്റെ ദൃശ്യങ്ങള്‍ സിനിമ സംഭാഷണങ്ങളുടെയും പാട്ടുകളുടെയും പശ്ചാത്തലത്തില്‍ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവച്ച പൊലീസ് 'ഈ ഹീറോ ഇപ്പോള്‍ എന്ത് ചെയ്യുന്നു' എന്ന കുറിപ്പും ഇതിനൊടൊപ്പം ചേര്‍ത്തിട്ടുണ്ട്.
താനൂര്‍ ബീച്ച് റോഡിലെ ഉള്ള്യാല്‍ ഭാഗത്തുവെച്ച് യുവാവ് നടത്തിയ അഭ്യാസത്തിന്റെ വീഡിയോ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഈ ദൃശ്യങ്ങള്‍ സഹിതമാണ് പങ്കുവെച്ചത്. ബസിന് മുന്നില്‍ യുവാവ് നടത്തിയ പരാക്രമമാണ് പോലീസ് പങ്കുവെച്ച വീഡിയോയുടെ ആദ്യഭാഗത്തുള്ളത്. ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ ഓഫീസിനുള്ളില്‍ നില്‍ക്കുന്ന യുവാവിനെയാണ് പിന്നീട് കാണിക്കുന്നത്.
വിവിധ സിനിമ സംഭാഷണങ്ങളുടെയും പാട്ടുകളുടെയും പശ്ചാത്തലത്തോടെയാണ് ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. അതേസമയം, യുവാവിനെതിരേ ചുമത്തിയ കുറ്റങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു യുവാവിനെ പിടികൂടാന്‍ ആസ്പദമായ സംഭവം. ബസിന് മുന്നില്‍ കയറി ബൈക്ക് പെട്ടെന്ന് ബ്രേക്കിട്ട് നിര്‍ത്തുകയായിരുന്നു. ബസ് ഡ്രൈവര്‍ സമയോജിതമായി ബ്രേക്കിട്ടതിനാല്‍ അപകടം ഒഴിവായി. എന്നാല്‍, ബസിലെ യാത്രക്കാര്‍ വീഴാന്‍പോകുന്നതും കുഞ്ഞുങ്ങളടക്കം കയരുന്നതും ബസിനകത്തെ സിസിടിവിയില്‍ പതിഞ്ഞിരുന്നു.
ബസിനു മുന്നില്‍ ബൈക്ക് യാത്രികന്‍ നടത്തിയ അഭ്യാസത്തിന്റെ ദൃശ്യങ്ങളും ഇതിലുണ്ടായിരുന്നു. ഈ സംഭവം നടക്കുന്നതിന് മുന്‍പ് തൊട്ട് പിന്നിലെ സ്റ്റോപ്പില്‍വെച്ച് ബസ് ഡ്രൈവറും ബൈക്ക് യാത്രികനായ യുവാവും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു.