മലയാളി സംഘടനകളില്‍ നിറഞ്ഞ് വിശ്വാസ്യത നേടി; 20 കൊല്ലം ഇടപാടുകാര്‍ക്ക് കൃത്യമായി പണം നല്‍കി; നിക്ഷേപം കുമിഞ്ഞ് കൂടി 100 കോടിയില്‍ എത്തി; ബെംഗളൂരുവിലെ നിക്ഷേപകരെ പറ്റിച്ച് ദമ്പതികള്‍ മുങ്ങിയത് കെനിയയിലേക്ക്; ലുക്ക് ഔട്ട് നോട്ടീസുണ്ടായിട്ടും അവര്‍ തിരിച്ചെത്തിയെന്ന റിപ്പോര്‍ട്ട് അവിശ്വസനീയം; ആലപ്പുഴക്കാരായ ടോമിയും ഭാര്യയും ചില്ലറക്കാരല്ല

Update: 2025-07-30 03:26 GMT

ബെംഗളൂരു: കോടിക്കണക്കിനു രൂപയുടെ നിക്ഷേപത്തട്ടിപ്പു നടത്തി മുങ്ങിയ 'എ ആന്‍ഡ് എ' ചിറ്റ് ഫണ്ട് ഉടമ ടോമി എ.വര്‍ഗീസും ഭാര്യ ഷൈനി ടോമിയും കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത് ദുരൂഹത കൂട്ടുന്നു. ഇവര്‍ക്കെതിരെയുള്ള കേസ് അന്വേഷിക്കുന്ന രാമമൂര്‍ത്തിനഗര്‍ പൊലീസിനോട് വാദങ്ങള്‍ ഉന്നയിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. 3 നു കെനിയയിലേക്കു കടന്ന ആലപ്പുഴ കുട്ടനാട് രാമങ്കരി സ്വദേശികളായ ദമ്പതികള്‍ ബെംഗളൂരുവില്‍ തിരിച്ചെത്തിയതായി സൂചനയുണ്ട്. ഇവര്‍ക്കായി പൊലീസ് തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ലുക്ക് ഔട്ട് നോട്ടീസുള്ള പ്രതികള്‍ എങ്ങനെ അറസ്റ്റിലാകാതെ തിരിച്ചെത്തിയെന്നതാണ് ഉയരുന്ന ചോദ്യം. ഏതു വിമാനത്താവളത്തില്‍ എത്തിയാലും ഇവരെ തിരിച്ചറിയേണ്ടതാണ്. പക്ഷേ അവര്‍ ഇന്ത്യയിലെത്തിയെങ്കില്‍ അവരെ വിമാനത്താവളത്തില്‍ ആരും തിരിച്ചറിഞ്ഞില്ലെന്ന് വേണം കരുതാന്‍. ഇത് ഏറെ ദുരൂഹമായി തുടരുകയാണ്. ലുക്ക് ഔട്ട് നോട്ടീസുള്ളവര്‍ വിമാനത്താവളത്തില്‍ നിന്നും രക്ഷപ്പെടുന്നത് അത്യപൂര്‍വ്വമാണ്. അതുകൊണ്ട് തന്നെ ഇവര്‍ തിരിച്ചെത്തിയെന്ന റിപ്പോര്‍ട്ടും അവിശ്വസനീയമായി തുടരുകയാണ്.

പണം നഷ്ടപ്പെട്ട 410 പേര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. 100 കോടിയിലേറെ രൂപയുടെ തട്ടിപ്പു നടന്നതായാണ് പൊലീസ് നിഗമനം. ഇതില്‍ ഒന്നര കോടി രൂപ വരെ സ്ഥിര നിക്ഷേപമുള്ളവരും പെന്‍ഷന്‍ തുകയായി ലഭിച്ച 60 ലക്ഷം രൂപ നിക്ഷേപിച്ചവരുമുണ്ട്. ദമ്പതികള്‍ രണ്ടു പതിറ്റാണ്ടിലേറെയായി ബെംഗളൂരുവില്‍ ചിട്ടിക്കമ്പനി നടത്തി വരികയായിരുന്നു. 2005 മുതല്‍ നടക്കുന്ന ചിട്ടി കമ്പനിയാണ് പൊളിഞ്ഞത്. ചങ്ങനാശേരി- ആലപ്പുഴ റോഡിലെ( എ സി) രാമങ്കരിയിലാണ് എ വി ടോമിയുടെ കുടുംബവീട്. ഈ വീട് ഇപ്പോള്‍ അടഞ്ഞുകിടക്കുകയാണ്. ഇയാളുടെ സഹോദരന്‍ ചെത്തിപ്പുഴയില്‍ താമസിക്കുന്നുണ്ട്. ടോമി വര്‍ഷങ്ങള്‍ക്ക് മുമ്പേ ബെംഗളുരുവിലേക്ക് കുടിയേറിയതായിരുന്നു. വല്ലപ്പോഴും മാത്രമാണ് നാട്ടില്‍ എത്താറുള്ളത്. ആരുമായും പ്രത്യേക അടുപ്പമൊന്നും സൂക്ഷിക്കാറില്ല. ചെറുപ്പകാലത്ത് ഡിവൈഎഫ്ഐയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. ഒരു തിരഞ്ഞെടുപ്പിനിടെ ബൂത്തിലെ സംഘര്‍ഷത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ടോമിയുടെ നേതൃത്വത്തില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത് അടക്കം ഇതിനിടെ ചര്‍ച്ചയായി.

ബെംഗളൂരുവില്‍ ജോലിക്ക് പോയ ശേഷം ടോമിയുടെ വിവരമൊന്നും കിട്ടിയിരുന്നില്ല. സാമ്പത്തികമായി പിന്നാക്കം നിന്നിരുന്ന കുടുംബമായിരുന്നു ടോമിയുടേതെങ്കിലും, ബെംഗളൂരുവിലേക്ക് പോയതോടെ, ജീവിതം പച്ച പിടിച്ചു. ആഡംബര കാറില്‍ വന്ന ടോമിക്ക് അസൂയാവഹമായ മാറ്റമായിരുന്നു പിന്നീട്. പള്ളിയുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്കാണ് ടോമി വന്നിരുന്നത്. ചടങ്ങുകളെല്ലാം ആഡംബരമായാണ് നടത്തിയിരുന്നത്. സഹോദരന്‍ പിന്നീട് ചങ്ങനാശേരിയില്‍ ബിസിനസ് ആരംഭിച്ചു. ടോമിക്കും ബെംഗളൂരുവില്‍ ബിസിനസ് ആണെന്നാണ് നാട്ടുകാര്‍ കരുതിയത്. നാട്ടില്‍ വരുമ്പോഴെല്ലാം സിപിഎം പ്രവര്‍ത്തകരുമായി ടോമിക്ക് ബന്ധമുണ്ടായിരുന്നു. ടോമിയുടെ പിതാവ് കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. രണ്ട് വര്‍ഷം മുന്‍പ് പള്ളിയില്‍ നടന്ന ചടങ്ങില്‍ സംബന്ധിക്കാനാണ് ടോമി അവസാനമായി രാമങ്കരിയില്‍ വന്നതെന്നും നാട്ടുകാര്‍ പറഞ്ഞു.

2005 മുതല്‍ നടക്കുന്ന എ ആന്‍ഡ് എ ചിറ്റ് ഫണ്ട് ആന്‍ഡ് ഫൈനാന്‍സാണ് പൊളിഞ്ഞത്. വീടും വാഹനവും വിറ്റശേഷം മുങ്ങിയതാണെന്നു പറയുന്നു. ഫോണ്‍ സ്വിച്ച് ഓഫാണ്. കമ്പനിയുടെ ഓഫീസില്‍ ഏതാനും ജീവനക്കാരുണ്ടെങ്കിലും അവര്‍ക്ക് ഇവരെപ്പറ്റി വിവരമില്ല. തുടര്‍ന്നാണ് നിക്ഷേപകര്‍ പോലീസിനെ സമീപിച്ചത്. രാമമൂര്‍ത്തി നഗര്‍ സ്വദേശിയായ റിട്ട. ജീവനക്കാരനാണ് ആദ്യം പരാതി നല്‍കിയത്. 70 ലക്ഷം രൂപ ചിട്ടിക്കമ്പനിയില്‍ നിക്ഷേപിച്ചതായി പരാതിയില്‍ പറഞ്ഞു. ഈ പണവുമായാണ് ഉടമകള്‍ മുങ്ങിയതെന്ന് ആരോപിച്ചു. കൂടുതല്‍ നിക്ഷേപകര്‍ പോലീസ് സ്റ്റേഷനിലെത്തി. 100 കോടിയോളം രൂപയുടെ തട്ടിപ്പു നടത്തിയെന്നാണ് വിലയിരുത്തല്‍. പണം നഷ്ടമായവരില്‍ ഭൂരിഭാഗവും മലയാളികളാണ്. മലയാളി സംഘടനകളുമായി ബന്ധപ്പെട്ട് വിശ്വാസം നേടിയെടുത്തായിരുന്നു നിക്ഷേപം സ്വീകരിച്ചത്. അതു കൊണ്ടാണ് ചിട്ടിയിലും നിക്ഷേപപദ്ധതികളിലും ഇത്രയധികം നിക്ഷേപമുണ്ടായത്. ജൂലൈ അഞ്ചു മുതലാണ് ഇവരെ കാണാതായത്. മൊബൈലും സ്വിച്ച് ഓഫാണെന്ന് മനസ്സിലായതോടെ പരാതിക്കാര്‍ കേസ് കൊടുക്കുകയായിരുന്നു. കെനിയയിലേക്ക് മുങ്ങിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. കൊച്ചിയില്‍ നിന്നായിരുന്നു വിദേശ യാത്ര. ഇതിനിടെയാണ് ഇവര്‍ തിരിച്ചെത്തിയെന്ന സൂചനകള്‍ വരുന്നത്.

1982ലെ ചിട്ട് ഫണ്ട് ആക്ട് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. നിയമ വിരുദ്ധ ചിട്ടിയായിരുന്നു ഇതെന്നാണ് പോലീസ് നിഗമനം. ഇതിനൊപ്പം ചതി, വിശ്വാസ വഞ്ചന തുടങ്ങിയ ഭാരതീയ നീതി സംഹിതയിലെ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ദമ്പതികള്‍ പണവുമായി മുങ്ങിയതാണെന്ന് തന്നെയാണ് പോലീസിന്റേയും പ്രാഥമിക നിഗമനം.

Tags:    

Similar News