ഐടി കമ്പനി ഉടമയ്ക്ക് വിവാഹേതരബന്ധമുണ്ടെന്ന് പറഞ്ഞു പരത്തും; രഹസ്യ ചാറ്റുകള്‍ പുറത്തുവിട്ട് നാണക്കേടുണ്ടാക്കും; ബലാത്സംഗക്കേസില്‍ പെടുത്തും; ഇന്‍ഫോപാര്‍ക്കിലെ പ്രമുഖനെ ഭാര്യയും ഭര്‍ത്താവും ഭീഷണി പെടുത്തിയത് 30 കോടിക്കായി; ഒടുവില്‍ ശ്വേതാ ബാബുവിനെ കുടുക്കി സെന്‍ട്രല്‍ പോലീസ്; കേരളത്തിലെ ഏറ്റവും വലിയ ഹണിട്രാപ്പ് കേസായി ഈ തട്ടിപ്പ്

Update: 2025-07-30 04:15 GMT

കൊച്ചി: 30 കോടി രൂപ ആവശ്യപ്പെട്ട് ഐടി കമ്പനി ഉടമയെ ഭീഷണിപ്പെടുത്തുകയും 20 കോടി രൂപയുടെ ഒപ്പിട്ട ചെക്ക് ലീഫും 50,000 രൂപയും കൈവശപ്പെടുത്തുകയും ചെയ്ത മുന്‍ ജീവനക്കാരിയും ഭര്‍ത്താവും. കേരളത്തിലെ ഏറ്റവും വലിയ ഹണിട്രാപ്പ് കേസായി ഇതു മാറുകയാണ്. ഐടി കമ്പനി ഉടമയെ ബലാത്സംഗ കേസില്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി 30 കോടി രൂപ ആവശ്യപ്പെട്ട ദമ്പതികള്‍ പിടിയിലായത് പോലീസിന്റെ ചടുലമായ നീക്കത്തിലാണ്. ചാവക്കാട് വലപ്പാട് പാനിക്കെട്ടിവീട്ടില്‍ കൃഷ്ണരാജ്, ഭാര്യ ശ്വേത ബാബു എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

കാക്കനാട് ഇന്‍ഫോപാര്‍ക്കിലെ ഐടി കമ്പനി ഉടമയെ ഭയപ്പെടുത്തി പണം അപഹരിക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് ഇവര്‍ പിടിയിലായത്. പൊലീസ് പറയുന്നതിങ്ങനെ: പരാതിക്കാരന്റെ കമ്പനിയിലെ മുന്‍ ജീവനക്കാരിയാണ് ശ്വേത ബാബു. കമ്പനിയില്‍നിന്ന് രാജിവച്ചശേഷം തനിക്ക് ഇയാളുമായി അവിഹിതബന്ധമുണ്ടെന്ന് ശ്വേത പറഞ്ഞുപരത്തി. ബലാത്സംഗക്കേസില്‍പ്പെടുത്തുമെന്നും ശ്വേതയും ഭര്‍ത്താവും ഭീഷണിപ്പെടുത്തി.

23ന് രാത്രി ഏഴിന് കമ്പനി ഡയറക്ടറേയും രണ്ടു ജീവനക്കാരേയും ഇവര്‍ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി. 30 കോടി രൂപ നല്‍കണമെന്നും ഒരു കരാര്‍ ഒപ്പിട്ട് കൈമാറണമെന്നും ആവശ്യപ്പെട്ടു. 10 കോടി രൂപ കൃഷ്ണരാജിന്റെ അക്കൗണ്ടിലേക്ക് ഉടന്‍ ട്രാന്‍സ്ഫര്‍ ചെയ്യണമെന്നും ബാക്കി തുകയ്ക്ക് ചെക്കുകള്‍ നല്‍കണമെന്നുമായിരുന്നു ആവശ്യം. ഇല്ലെങ്കില്‍ കമ്പനിക്ക് കോടികളുടെ നഷ്ടമുണ്ടാക്കുമെന്നും ഭീഷണിപ്പെടുത്തി. തിങ്കളാഴ്ച ഉടമയുടെ അക്കൗണ്ടില്‍നിന്ന് 50,000 രൂപ കൈമാറി. ഡയറക്ടറുടെ പക്കല്‍നിന്ന് 20 കോടിയുടെ രണ്ട് ചെക്കും ഇവര്‍ വാങ്ങി.

പ്രതികളില്‍നിന്ന് 20 കോടിയുടെ ചെക്കുകളും കരാര്‍രേഖകളും കണ്ടെടുത്തു. ഐടി കമ്പനിയിലെ ഓഫീസ് ജീവനക്കാരിയായിരുന്നു ശ്വേത. അടുത്തയിടെ ഇവര്‍ ജോലിയില്‍നിന്ന് രാജിവെച്ചിരുന്നു. ഇതിന് ശേഷമായിരുന്നു പണം തട്ടല്‍. ഇതോടെ കമ്പനി ഉടമ സിറ്റി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തില്‍ പ്രതികള്‍ ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നുവെന്ന് പോലീസിനു വ്യക്തമായി. തുടര്‍ന്ന് സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ അനീഷ് ജോയിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതികളെ പിടികൂടുകയായിരുന്നു.

കമ്പനി ഉടമയുടെ പ്രൈവറ്റ് സെക്രട്ടറിയായി മുന്‍പ് ജോലി ചെയ്തിരുന്ന വ്യക്തിയാണ് ശ്വേത ബാബു. ഐടി കമ്പനി ഉടമയ്ക്ക് ശ്വേതയുമായി വിവാഹേതരബന്ധമുണ്ടെന്ന് പറഞ്ഞു പരത്തുമെന്നും രഹസ്യ ചാറ്റുകള്‍ പുറത്തുവിട്ട് നാണക്കേടുണ്ടാക്കുമെന്നും ബലാത്സംഗക്കേസില്‍ പെടുത്തുമെന്നുമായിരുന്നു പ്രതികളുടെ ഭീഷണി. 10 കോടി രൂപ ഉടന്‍ നല്‍കാമെന്ന് പ്രതികളെ അറിയിച്ചശേഷം ഐടി കമ്പനി ഉടമ പൊലീസിനെ സമീപിക്കുകയായിരുന്നു. ഹണിട്രാപ്പിന് തെളിവ് ഉണ്ടാക്കാന്‍ വേണ്ടിയാണ് അക്കൗണ്ടിലൂടെ 50,000 രൂപ കൈമാറിയത്. ഇത് കാരണം പ്രതികള്‍ക്ക് കുറ്റം സമ്മതിക്കേണ്ടിയും വന്നു.

ചോദ്യംചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. ഡിസിപി ജുവനപ്പടി മഹേഷിന്റെയും സെന്‍ട്രല്‍ എസിപി സിബി ടോമിന്റെയും മേല്‍നോട്ടത്തിലായിരുന്നു അന്വേഷണവും ചോദ്യംചെയ്യലും. പ്രതികളെ കോടതിയില്‍ ഹാജരാക്കി. സെന്‍ട്രല്‍ ഇന്‍സ്‌പെക്ടര്‍ അനീഷ് ജോയി, എസ്ഐമാരായ സി അനൂപ്, വിഷ്ണു, പ്രദീപ് കുമാര്‍, എഎസ്‌ഐ സി മോളി, സിപിഒ പ്രശാന്ത്, ഉണ്ണിക്കൃഷ്ണന്‍, ഷിഹാബ്, ഹരീഷ് ബാബു എന്നിവര്‍ അന്വേഷകസംഘത്തിലുണ്ടായിരുന്നു.

Tags:    

Similar News