പ്ലേ സ്‌കൂള്‍ അധ്യാപികയെ കാണാനില്ലെന്ന് കുടുംബം; കാമുകനൊപ്പം ഒളിച്ചോടി പോയതാകുമെന്ന് പൊലീസ്; കഴുത്തറുത്ത നിലയില്‍ 19 കാരിയുടെ മൃതദേഹം വലയില്‍ കണ്ടെത്തിയതോടെ മഹാപഞ്ചായത്തിന്റെ പ്രതിഷേധം; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
ചണ്ഡീഗഢ്: ഹരിയാനയില്‍ പ്ലേസ്‌കൂള്‍ അധ്യാപികയുടെ മൃതദേഹം വയലില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികളെ പിടികൂടാതെ ഒത്തുകളിച്ച പൊലീസിനെതിരെ വന്‍ പ്രതിഷേധം. ഭിവാനിയിലെ സിംഗാനി സ്വദേശിനിയായ മനീഷ(19)യുടെ കൊലപാതകത്തിലാണ് നാട്ടുകാര്‍ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ഓഗസ്റ്റ് 13-നാണ് പ്ലേസ്‌കൂള്‍ അധ്യാപികയായ മനീഷയെ സിംഗാനിയിലെ വയലില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. കഴുത്തറത്ത് കൊല്ലപ്പെട്ടനിലയിലായിരുന്നു യുവതിയുടെ മൃതദേഹം. അതേസമയം, സംഭവം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതികളെക്കുറിച്ച് യാതൊരു സൂചനയും ലഭിച്ചിട്ടില്ല. ഇതോടെയാണ് പ്രതിഷേധം കടുത്തത്.
യുവതിയെ കൊലപ്പെടുത്തിയവരെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ടും പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ചും ഞായറാഴ്ച ഭിവാനിയിലെ കടകമ്പോളങ്ങള്‍ അടച്ചിട്ടു. ഇതിനുപിന്നാലെ മഹാപഞ്ചായത്തും ചേര്‍ന്ന് സര്‍ക്കാരില്‍നിന്ന് ശക്തമായ നടപടി ആവശ്യപ്പെട്ടു. പ്രതിഷേധം കടുത്തതോടെ അധ്യാപികയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭിവാനി എസ്പി അടക്കം ആറ് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. കേസ് കൈകാര്യംചെയ്യുന്നതില്‍ വീഴ്ച ആരോപിച്ചാണ് ഭിവാനി എസ്പിയെയും അഞ്ച് പോലീസ് ഉദ്യോഗസ്ഥരെയും സ്ഥലംമാറ്റി മുഖ്യമന്ത്രി നയാബ് സിങ് സൈനി ഉത്തരവിറക്കിയത്. കേസിന്റെ അന്വേഷണം മുഖ്യമന്ത്രി നേരിട്ട് നിരീക്ഷിക്കുന്നുണ്ടെന്ന് മന്ത്രി ശ്രുതി ചൗധരിയും പറഞ്ഞു.
ഓഗസ്റ്റ് 11-ാം തീയതി മുതലാണ് മനീഷയെ കാണാതായത്. 11-ാം തീയതി സമീപത്തെ നഴ്സിങ് കോളേജില്‍ ഒരുകോഴ്സിനെ സംബന്ധിച്ച് അന്വേഷണം നടത്താനായാണ് മനീഷ പ്ലേസ്‌കൂളില്‍നിന്ന് പോയത്. എന്നാല്‍, ഏറെനേരം കഴിഞ്ഞിട്ടും മനീഷ വീട്ടില്‍ തിരിച്ചെത്തിയില്ല. ഫോണ്‍ വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. ഇതോടെ മകളെ കാണാനില്ലെന്ന് കാട്ടി പിതാവ് പോലീസില്‍ പരാതിനല്‍കി. എന്നാല്‍, പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതി നല്‍കിയിട്ടും പോലീസ് അന്വേഷണം നടത്താന്‍ കൂട്ടാക്കിയില്ലെന്നും പിതാവിനെ അപമാനിച്ചെന്നുമാണ് ആരോപണം.
മകള്‍ ആരുടെയെങ്കിലുംകൂടെ ഒളിച്ചോടിപ്പോയതാകുമെന്നും രണ്ടുദിവസം കഴിഞ്ഞാല്‍ തിരികെവന്നോളുമെന്നുമാണ് പോലീസ് പറഞ്ഞതെന്നാണ് കുടുംബം ആരോപിക്കുന്നത്. തുടര്‍ന്ന് കുടുംബത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. പിന്നാലെ കുടുംബാംഗങ്ങള്‍ക്കൊപ്പം മനീഷ പോയ നഴ്സിങ് കോളേജിലെത്തിയും പോലീസ് അന്വേഷണം നടത്തി. മദ്യലഹരിയിലായിരുന്ന മൂന്ന് പുരുഷന്മാരാണ് ഈ സമയം കോളേജിലുണ്ടായിരുന്നത്. ഇവരെ പോലീസ് ചോദ്യംചെയ്തെങ്കിലും മനീഷയെ കണ്ടിട്ടില്ലെന്നായിരുന്നു ഇവരുടെ മൊഴി. അന്നേദിവസം ഉച്ചയ്ക്ക് ഒരുമണിക്കുതന്നെ കോളേജ് അടച്ചിരുന്നതായും ഇവര്‍ പറഞ്ഞു. തുടര്‍ന്ന് പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഓഗസ്റ്റ് 13-ാം തീയതി കനാലിന് സമീപത്തെ വയലില്‍ മനീഷയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി മൃതദേഹം വിട്ടുകൊടുത്തെങ്കിലും ബന്ധുക്കള്‍ ഏറ്റുവാങ്ങാന്‍ തയ്യാറായില്ല. മകളെ കൊലപ്പെടുത്തിയവരെ പിടികൂടാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നായിരുന്നു കുടുംബത്തിന്റെ നിലപാട്. പോലീസ് പരാതി സ്വീകരിക്കാന്‍ മടിച്ചതും അന്വേഷണം വൈകിപ്പിച്ചതുമാണ് മനീഷയുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായതെന്നും കുടുംബം ആരോപിച്ചു. ഇതിനുപിന്നാലെ മനീഷയുടെ കൊലപാതകത്തില്‍ നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി. നാട്ടുകാര്‍ ഡല്‍ഹി-പിലാനി റോഡ് ഉപരോധിച്ചു. കടകമ്പോളങ്ങള്‍ അടച്ചിട്ടും പ്രതിഷേധിച്ചു. മഹാപഞ്ചായത്ത് ചേര്‍ന്നും പ്രതിഷേധം രേഖപ്പെടുത്തി. യോഗത്തില്‍ പങ്കെടുത്ത ബിജെപി മന്ത്രി നീതി ലഭ്യമാക്കുമെന്ന് ഉറപ്പുനല്‍കിയെങ്കിലും ആദ്യം പ്രതികളെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം.
അതേ സമയം ബിജെപി സര്‍ക്കാരിനെതിരേ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷകക്ഷികള്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. ഇത് ഹീനമായ കുറ്റകൃത്യം മാത്രമല്ലെന്നും സംസ്ഥാന ക്രമസമാധാനനില തകര്‍ന്നതിന്റെ വ്യക്തമായ ഉദാഹരണമാണെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും സിര്‍സ എംപിയുമായ കുമാരി സെല്‍ജ കുറ്റപ്പെടുത്തി. കുടുംബത്തിന്റെ പരാതി പോലീസ് അവഗണിച്ചു. പെണ്‍കുട്ടി ഓടിപ്പോയതാകുമെന്നും തിരികെവരുമെന്നുമാണ് പോലീസുകാര്‍ പറഞ്ഞത്. പോലീസുകാരെ സ്ഥലംമാറ്റിയത് കണ്ണില്‍പൊടിയിടല്‍ മാത്രമാണ്. കൊലപാതകികളെ എത്രയുംവേഗം അറസ്റ്റ് ചെയ്യണം. ഹരിയാണയിലെ പെണ്‍മക്കള്‍ സുരക്ഷിതരാണോ എന്നാണ് സംസ്ഥാനം മുഴുവനും ഇന്ന് ചോദിക്കുന്നത്. ബിജെപി സര്‍ക്കാര്‍ ഈ ചോദ്യത്തിന് നിര്‍ബന്ധമായും ഉത്തരംനല്‍കണമെന്നും കുമാരി ഷെല്‍ജ പറഞ്ഞു.