ബസ് ഇറങ്ങി നടക്കുമ്പോൾ തലകറങ്ങിയതിനാൽ റോഡരികിൽ നിന്നു; യുവതിയെ താങ്ങിനിർത്തി സഹായ വാഗ്ദാനം നൽകി; ആശുപത്രി ജീവനക്കാരനാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിശ്രമിക്കാൻ പറഞ്ഞയച്ചു; പിന്നാലെ കടന്നു പിടിച്ചു; പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി പോലീസ്
തൃശൂർ: പനി ബാധിച്ച് അവശതയിലായിരുന്ന യുവതിയെ സഹായ വാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടി പോലീസ്. ഇരിങ്ങാലക്കുട ലൂണ ഐ.ടി.സിക്ക് സമീപം താമസിക്കുന്ന അരിക്കാട്ട്പറമ്പിൽ വീട്ടിൽ ഹിരേഷി (39) ആണ് തൃശൂർ റൂറൽ പോലീസിന്റെ പിടിയിലായത്. ഇരിങ്ങാലക്കുട ഗവ. ആശുപത്രി പരിസരത്താണ് സംഭവം നടന്നത്.
പനി ബാധിച്ച് ചികിത്സ തേടിയെത്തിയ യുവതി ബസ് ഇറങ്ങി ആശുപത്രിയിലേക്ക് നടക്കുമ്പോൾ തലകറങ്ങി റോഡരികിൽ നിന്നു. ഈ സമയം സമീപത്തുണ്ടായിരുന്ന ഹിരേഷ്, യുവതിയെ താങ്ങിനിർത്തി സഹായ വാഗ്ദാനം നൽകി. തുടർന്ന് യുവതിയെ ആശുപത്രിയിലെത്തിച്ച ശേഷം, താൻ ആശുപത്രി ജീവനക്കാരനാണെന്ന് തെറ്റിദ്ധരിപ്പിച്ച് ടിക്കറ്റ് എടുത്ത് തരാമെന്ന് പറഞ്ഞ് മുകളിലെ നിലയിലേക്ക് പറഞ്ഞയക്കുകയായിരുന്നു. യുവതി മുകളിലെ നിലയിലെത്തി വിശ്രമിക്കുമ്പോൾ പ്രതി ഇവരെ കയറിപ്പിടിക്കുകയായിരുന്നു. യുവതി ബഹളം കൂട്ടിയതോടെ പ്രതി ഓടി രക്ഷപ്പെട്ടു. തുടർന്ന് യുവതിയുടെ പരാതിയിൽ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.
സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ കണ്ടെത്താൻ പോലീസ് സി.സി.ടി.വി. ദൃശ്യങ്ങളും ആശുപത്രി ജീവനക്കാരിൽ നിന്ന് ലഭിച്ച വിവരങ്ങളും ഉപയോഗിച്ചു. പരാതിക്കാരി നൽകിയ വസ്ത്രങ്ങളെക്കുറിച്ചുള്ള സൂചനകൾ പ്രതിയെ തിരിച്ചറിയാൻ സഹായിച്ചു. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.