കാമുകനായ അന്‍സിലിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത് ലൈംഗിക ബന്ധത്തിനായി; റെഡ്ബുള്ളിന്റെ കാനില്‍ വിഷം കലര്‍ത്തി കുടിപ്പിച്ചത് അധിക ഉത്തേജനം കിട്ടുമെന്ന് തെറ്റിദ്ധരിപ്പിച്ച്; ഒരു തവണ ബന്ധപ്പെട്ട ശേഷം കൊലപാതകം; 'ഇനി നിന്റെ ശല്യം ഉണ്ടാകാന്‍ പാടില്ല, തീര്‍ക്കുകയാണ്' എന്ന് അഥീന പറഞ്ഞുവെന്നും വിവരം

Update: 2025-08-19 06:26 GMT

കോതമംഗലം: കാമുകനായ യുവാവിനെ വീട്ടില്‍വിളിച്ചുവരുത്തി പാനീയത്തില്‍ വിഷംകലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്ന കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മാതിരപ്പള്ളി സ്വദേശി അന്‍സിലി(38)നെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മാലിപ്പാറ സ്വദേശിനി അഥീന(30)യെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അഥീന കാമുകനായ അന്‍സിലിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത് ലൈംഗിക ബന്ധത്തിനായാണെന്ന് പൊലീസ് പറയുന്നു. ഒരു തവണ ബന്ധപ്പെട്ട ശേഷമായിരുന്നു കൊലപാതകം. റെഡ്ബുള്ളിന്റെ കാനില്‍ വിഷം കലര്‍ത്തി അന്‍സിലിനെ കൊണ്ട് കുടിപ്പിച്ചത് അധിക ഉത്തേജനം കിട്ടുമെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നുവെന്നും അന്വേഷണ സംഘം പറയുന്നു.

കുടിക്കാന്‍ നല്‍കിയ എനര്‍ജിഡ്രിങ്കിലാണ് അഥീന കളനാശിനി കലര്‍ത്തിനല്‍കിയതെന്നാണ് പോലീസ് പറയുന്നത്. വീട്ടില്‍ നടത്തിയ തെളിവെടുപ്പില്‍ എനര്‍ജിഡ്രിങ്കിന്റെ ഒഴിഞ്ഞ കുപ്പി പോലീസ് കണ്ടെത്തിയിരുന്നു. അഥീനയുടെ ബാഗും ഇവിടെനിന്ന് കണ്ടെടുത്തു. ഫൊറന്‍സിക് സംഘവും വീട്ടില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. കളനാശിനി വാങ്ങിയതിന്റെ ഗൂഗിള്‍പേ ഇടപാടുകളടക്കം പോലീസ് ശേഖരിച്ചിരുന്നു. കളനാശിനി വാങ്ങിയ കടയിലെത്തിച്ചും തെളിവെടുപ്പ് നടത്തിയിരുന്നു.

ജൂലായ് 30-ന് പുലര്‍ച്ചെയാണ് സുഹൃത്തായ അഥീന അന്‍സിലിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. ഇരുവരും തമ്മിലുണ്ടായിരുന്ന സാമ്പത്തികതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പറയുന്നു. കൃത്യത്തില്‍ കൂടുതല്‍പേര്‍ക്ക് പങ്കുണ്ടോ, അഥീനയെ മറ്റാരെങ്കിലും സഹായിച്ചോ എന്നതടക്കം പോലീസ് അന്വേഷിച്ചിരുന്നു.

ജൂലായ് 29-ന് രാത്രിയാണ് ഒറ്റയ്ക്ക് താമസിക്കുന്ന അഥീന അന്‍സിലിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. 30-ന് പുലര്‍ച്ചെയോടെ വിഷംകലര്‍ത്തിയ എനര്‍ജിഡ്രിങ്ക് കുടിക്കാന്‍ നല്‍കി. വിഷം ഉള്ളില്‍ചെന്ന് അവശനിലയിലായ അന്‍സില്‍ ആലുവയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ജൂലായ് 31-ന് രാത്രി മരിച്ചു.

അന്‍സില്‍ ലഹരി ഉപയോഗിക്കുന്നയാളാണ്. ലഹരി വില്‍പനയ്ക്കും മറ്റിടപാടുകള്‍ക്കും അഥീനയെ ഉപയോഗിച്ചിരുന്നു. ഇതിന്റെ പേരില്‍ സാമ്പത്തിക ഇടപാടുകളും തര്‍ക്കങ്ങളും ഇവര്‍ക്കിടയിലുണ്ടായിരുന്നു. അന്‍സിലില്‍ നിന്ന് മര്‍ദനവും അഥീനയ്ക്ക് ഏല്‍ക്കേണ്ടിവന്നിരുന്നു. തുടര്‍ന്നാണ് വകവരുത്താന്‍ തീരുമാനിച്ചത്. എനര്‍ജി ഡ്രിങ്കായ റെഡ്ബുള്ളിന്റെ കാനില്‍ രണ്ട് എംഎല്‍ വരുന്ന കളനാശിനി ചേര്‍ത്തു. വീട്ടിലേക്ക് വരുന്ന സമയത്തും അന്‍സില്‍ ലഹരി ഉപയോഗിച്ചിരുന്നു. അന്‍സില്‍ ഇത് കുടിച്ചശേഷം, ഇനി നിന്റെ ശല്യം ഉണ്ടാകാന്‍ പാടില്ല, തീര്‍ക്കുകയാണെന്ന് അഥീന പറഞ്ഞു.

വിഷം നല്‍കിയശേഷം അഥീന തന്റെ വീടിനുസമീപം ഒരാള്‍ വിഷം കഴിച്ച് കിടക്കുന്നതായി പോലീസില്‍ വിവരം നല്‍കിയിരുന്നു. അന്‍സിലും കണ്‍ട്രോള്‍ റൂമിലേക്ക് ഫോണ്‍ ചെയ്ത് വിഷം ഉള്ളില്‍ച്ചെന്ന് താന്‍ അവശനാണെന്ന് അറിയിച്ചിരുന്നു. സ്ഥലത്തെത്തിയ പോലീസ് അന്‍സിലിന്റെ ബന്ധുക്കളെ വിളിച്ചുവരുത്തി. ആംബുലന്‍സുമായെത്തിയ ബന്ധുവിനോടും പോലീസിനോടും ആശുപത്രിയില്‍ വെച്ച് ഡോക്ടറോടും അഥീനയാണ് തനിക്ക് വിഷം നല്‍കിയതെന്ന് അന്‍സില്‍ പറഞ്ഞിരുന്നു.

സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് അന്‍സിലും അഥീനയും ഇടയ്ക്ക് പിണങ്ങി. പിന്നീട് അന്‍സില്‍ തന്നെ വീട്ടില്‍വെച്ച് മര്‍ദിച്ചതായി അഥീന മുന്‍പ് പോലീസില്‍ പരാതി നല്‍കിയിരുന്നു. കേസ് കോടതി മുഖേന ഒത്തുതീര്‍പ്പാക്കി. ഒത്തുതീര്‍പ്പ് പ്രകാരം നല്‍കേണ്ട പണം അന്‍സില്‍ നല്‍കാതിരുന്നതാണ് അഥീനയെ പ്രകോപിപ്പിച്ചതെന്നാണ് കൊലപാതകത്തില്‍ കലാശിച്ചത്. ടിപ്പര്‍, ജെസിബി തുടങ്ങിയവ വാടകയ്ക്ക് നല്‍കിയിരുന്ന അന്‍സിലിന് വാഹന കച്ചവടവും ഉണ്ടായിരുന്നു.

യുവതി സുഹൃത്തിനെ വീട്ടില്‍ വിളിച്ചുവരുത്തി വിഷം നല്‍കി കൊലപ്പെടുത്തിയ സംഭവം ആസൂത്രിതമെന്നാണ് പോലീസ് പറയുന്നത്. വിഷം അന്‍സില്‍ കൊണ്ടുവന്നതാണെന്നാണ് അഥീന ആദ്യം നല്‍കിയ മൊഴി. എന്നാല്‍, പോലീസ് ഇത് വിശ്വസിച്ചില്ല. കളനാശിനി ദിവസങ്ങള്‍ക്കു മുന്‍പുതന്നെ വാങ്ങിവെച്ചിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായി.

'അവള്‍ വിഷം നല്‍കി... എന്നെ ചതിച്ചു' എന്ന് ആംബുലന്‍സില്‍വെച്ച് ബന്ധുവിനോടും ഡോക്ടറോടും അന്‍സില്‍ വെളിപ്പെടുത്തിയത് നിര്‍ണായകമായി. കൃത്യത്തിനുശേഷം അന്‍സിലിന്റെ മൊബൈല്‍ വീടിനുസമീപം കാട്ടിലേക്ക് വലിച്ചെറിഞ്ഞിരുന്നു. വീട്ടിലെ സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌ക് എടുത്തുമാറ്റുകയും ചെയ്തു. പോലീസ് എത്തി കാട് വെട്ടിനീക്കി ഫോണ്‍ കണ്ടെടുത്തു. അയല്‍വാസികളുമായി ബന്ധമില്ലാതെയാണ് അഥീന കഴിഞ്ഞിരുന്നത്. മാതാവിന്റെ മരണശേഷമാണ് അഥീന മാലിപ്പാറയിലെ വീട്ടില്‍ താമസമാക്കിയത്. മറ്റ് ബന്ധുക്കളുമായും അഥീന അടുപ്പം പുലര്‍ത്തിയിരുന്നില്ലെന്നാണ് വിവരം.

Tags:    

Similar News