ഭര്‍ത്താവില്‍ നിന്നും വേര്‍പിരിഞ്ഞ യുവതി വിവാഹ അഭ്യര്‍ഥന നിരസിച്ചു; യാത്രയ്ക്കിടെ കാര്‍ തടാകത്തിലേക്ക് ഓടിച്ചിറക്കി; 32കാരിയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍
32കാരിയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍
ബെംഗളൂരു: വിവാഹ അഭ്യര്‍ഥന നിരസിച്ചതിന് മുന്‍ സഹപ്രവര്‍ത്തകയായ യുവതിയെ കാര്‍ തടാകത്തിലേക്ക് ഓടിച്ചിറക്കി കൊലപ്പെടുത്തി സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. 32 വയസ്സുകാരിയായ ശ്വേത ആണ് മരിച്ചത്. സംഭവത്തില്‍ ശ്വേതയുടെ മുന്‍ സഹപ്രവര്‍ത്തകനായ രവിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ഒരുമിച്ച് കാറില്‍ സഞ്ചരിക്കുമ്പോള്‍ പ്രകോപിതനായ രവി, തടാകത്തിലേക്ക് കാര്‍ ഓടിച്ചിറക്കുകയായിരുന്നു. രവി നീന്തി രക്ഷപ്പെട്ടെങ്കിലും യുവതി മുങ്ങിമരിച്ചു. യുവതിയുടെ കുടുംബത്തിന്റെ പരാതിയിലാണ് രവി അറസ്റ്റിലായത്. കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലെ ചന്ദനഹള്ളിയില്‍ ബുധനാഴ്ചയാണ് സംഭവം.
വര്‍ഷങ്ങള്‍ക്ക് മുന്‍പു ജോലിസ്ഥലത്തുവച്ചാണ് ശ്വേതയും രവിയും പരിചയപ്പെടുന്നത്. രവി വിവാഹിതനാണ്. ഭര്‍ത്താവില്‍നിന്നു വേര്‍പിരിഞ്ഞ ശ്വേത, മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ശ്വേതയോട് രവി പ്രണയാഭ്യര്‍ഥന നടത്തുന്നുണ്ടെന്നു പൊലീസ് പറഞ്ഞു. ശ്വേതയ്ക്കു വേണ്ടി ഭാര്യയെ ഉപേക്ഷിക്കാന്‍ തയാറാണെന്നും രവി പറഞ്ഞു. എന്നാല്‍ ശ്വേത വഴങ്ങിയിരുന്നില്ല. ഇതില്‍ പ്രകോപിതനായ രവി, ശ്വേതയെ സംസാരിക്കാനായി വിളിച്ചുവരുത്തുകയായിരുന്നു.
ഇരുവരും കാറില്‍ ഒരുമിച്ചു പോകുമ്പോള്‍ ചന്ദനഹള്ളി തടാകത്തിലേക്ക് രവി കാര്‍ ഓടിച്ചിറക്കി. കാര്‍ തടാകത്തില്‍ വീണതിനു പിന്നാലെ രവി നീന്തി രക്ഷപ്പെട്ടു. എന്നാല്‍ ശ്വേത മുങ്ങിമരിച്ചു. ചോദ്യം ചെയ്യലില്‍, കാര്‍ നിയന്ത്രണംവിട്ട് തടാകത്തില്‍ വീണതാണെന്നും താന്‍ നീന്തി രക്ഷപ്പെട്ടെന്നും എന്നാല്‍ ശ്വേതയ്ക്ക് അതിന് കഴിഞ്ഞില്ലെന്നുമാണ് രവി പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ശ്വേതയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ രവിക്കെതിരെ പൊലീസ് കൊലപാതകക്കുറ്റം ചുമത്തി കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.