ഭര്‍ത്താവ് ഗര്‍ഭനിരോധന ഗുളിക വാങ്ങി; ഓണ്‍ലൈന്‍വഴി പണമടച്ചെങ്കിലും അക്കൗണ്ടില്‍ എത്തിയില്ല; കടക്കാരന്‍ ഫോണില്‍ വിളിച്ചത് ഭാര്യയെ; അവിഹിത ബന്ധം ഭാര്യ അറിഞ്ഞ് കുടുംബം തകര്‍ന്നെന്ന് യുവാവ്
ബീജിങ്: രഹസ്യമായി ഗര്‍ഭനിരോധന ഗുളിക വാങ്ങി മടങ്ങുമ്പോല്‍ ആ യുവാവ് ഓര്‍ത്തില്ല, ഇത്രയും വലിയ പണി പിന്നാലെയെത്തുമെന്ന്. മണിക്കൂറുകള്‍ക്ക് ഉള്ളില്‍ തന്റെ അവിഹിത ബന്ധം ഭാര്യ അറിഞ്ഞെന്നും ഇതോടെ നഷ്ടമായത് കുടുംബ ജീവിതമാണെന്നും ചൈനയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യയിലുള്ള യുവാവ് പറയുന്നു.
ഭാര്യ അറിയാതെ ഗര്‍ഭനിരോധന ഗുളികകള്‍ വാങ്ങാന്‍ കടയിലെത്തിയതായിരുന്നു യുവാവ്. സാധനങ്ങള്‍ വാങ്ങി ഓണ്‍ലൈന്‍വഴി പണമടച്ച് യുവാവ് തിരിച്ചുപോയെങ്കിലും പണം കടക്കാരന്റെ അക്കൗണ്ടില്‍ എത്തിയില്ല. 15.8 യുവാന്‍ (ഏകദേശം 200 രൂപ) ആയിരുന്നു അടക്കാനുണ്ടായിരുന്നത്. സാങ്കേതിക തകരാര്‍ കാരണം ഇത് കടക്കാരന്റെ അക്കൗണ്ടില്‍ എത്തിയില്ല.
സാങ്കേതിക തകരാര്‍ മൂലം അക്കൗണ്ടില്‍ പണമെത്താത്തിനെത്തുടര്‍ന്ന് തിരികെ നമ്പറില്‍ വിളിച്ചപ്പോള്‍ എടുത്തത് ഗുളിക വാങ്ങിയ യുവാവിന്റെ ഭാര്യയായിരുന്നു. ഇതോടെ യുവാവിന്റെ അവിഹിതം ഭാര്യ അറിഞ്ഞെന്നും കുടുംബം തകര്‍ന്നുവെന്നും സൗത്ത് ചൈന മോണിങ് റിപ്പോര്‍ട്ട് ചെയ്യുന്നു.
യുവാവിന്റെ അംഗത്വ കാര്‍ഡുമായി ബന്ധിപ്പിച്ചിരുന്ന ഫോണ്‍ നമ്പറിലേക്കാണ് കടക്കാരന്‍ വിളിച്ചത്. ഗുളികകള്‍ വാങ്ങിയ യുവാവിന്റെ ഭാര്യയുടെ നമ്പറായിരുന്നു അത്. ഗര്‍ഭനിരോധന ഗുളികകള്‍ വാങ്ങിയിട്ടുണ്ടെന്നും പണം അക്കൗണ്ടില്‍ എത്തിയിട്ടില്ലെന്നും കടക്കാരന്‍ ഫോണില്‍ കൂടി ഭാര്യയോട് പറഞ്ഞു. എന്നാല്‍, യുവാവ് വാങ്ങിയ ഗുളികകള്‍ അവര്‍ക്കുള്ളതായിരുന്നില്ല. ഇതോടെയാണ് യുവാവിന്റെ അവിഹിത ബന്ധം ഭാര്യ അറിയുന്നത്.
ഈ സംഭവം തന്റെ കുടുംബ ബന്ധം കുട്ടിച്ചോറാക്കിയെന്ന് യുവാവ് പറഞ്ഞു. ഫാര്‍മസിയെ കുറ്റപ്പെടുത്തുകയും ചെയ്തു. ഗുളികയുടെ രസീതും യാങ്ജിയാങ് പബ്ലിക് സെക്യൂരിറ്റ് ബ്യോറോയുടെ ഗാവോക്‌സിന്‍ ബ്രാഞ്ചിന് കീഴിയുള്ള പിന്‍ഗാങ് പോലീസ് സ്റ്റേഷനില്‍നിന്ന് ഓഗസ്റ്റ് 12-ന് തനിക്ക് ലഭിച്ച് പോലീസ് റിപ്പോര്‍ട്ടും യുവാവ് പങ്കുവെച്ചു.
ഫാര്‍മസി യുവാവിന്റെ സ്വകാര്യത ലംഘിച്ചിട്ടുണ്ടെങ്കില്‍ അത് നിയമപരമായി നേരിടണം. വിശ്വാസവഞ്ചന കാരണമാണ് യുവാവിന്റെ കുടുംബ ബന്ധം തകര്‍ന്നത്. അതുകൊണ്ടുതന്നെ ആ വ്യക്തിക്ക് നിയമനടപടി സ്വീകരിക്കുക എളുപ്പമല്ലെന്ന് നിയമവിദഗ്ധര്‍ പറയുന്നു.