47കാരനെ ഭാര്യയും മകനും ചേര്‍ന്ന് തലയ്ക്കടിച്ച് കൊലപ്പെടുത്തി ചാക്കിലാക്കി ഉപേക്ഷിച്ചു; ബന്ധുക്കളോട് പറഞ്ഞത് വിദേശത്ത് പോയെന്ന്; കാണാതായെന്ന് സഹോദരന്റെ പരാതിയില്‍; അന്വേഷണത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

Update: 2025-08-22 16:26 GMT

ഫരീദാബാദ്: ഹരിയാനയില്‍ 47കാരനെ താമസ സ്ഥലത്ത് അതിക്രമിച്ച് കയറി തലയ്ക്കടിച്ച് കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും മകനും ഭാര്യസഹോദരിയും അറസ്റ്റില്‍. വസ്തു കച്ചവടക്കാരനായ ഹര്‍വീറിനെ (47) ആണ് ഭാര്യ സംഗീതയും (39) മകന്‍ സാഹിലും (20) ഭാര്യ സഹോദരിയും ചേര്‍ന്ന് കൊലപ്പെടുത്തിയത്. ഹര്‍വീറിനെ കാണാതായി ഒരു മാസത്തിനുശേഷം സഹോദരന്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം ചുരുളഴിഞ്ഞത്. തുടര്‍ന്ന് സംഗീതയെയും സാഹിലിനെയും ക്രൈംബ്രാഞ്ച് സെന്‍ട്രല്‍ ടീം അറസ്റ്റുചെയ്തു. ഹര്‍വീറിന്റെ മൃതദേഹം കണ്ടെടുത്തു.

ഭാര്യയ്ക്കും മകനും ഭാര്യാസഹോദരിക്കുമൊപ്പമാണ് ഹര്‍വീര്‍ താമസിച്ചിരുന്നത്. വീട്ടില്‍നിന്ന് ഭാര്യയും മകനും ചേര്‍ന്ന് ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്നാരോപിച്ച് വേറൊരു വീട്ടിലേക്ക് ഇയാള്‍ താമസം മാറിയിരുന്നു. ഇക്കഴിഞ്ഞ ജൂലായ് 11 മുതല്‍ ഹര്‍വീറിനെ ഫോണില്‍ ബന്ധപ്പെടാനാവുന്നില്ലെന്ന് ഇളയ സഹോദരനായ കുല്‍വീര്‍ പറഞ്ഞു. സംഗീതയോടും മകനോടും അന്വേഷിച്ചപ്പോള്‍ കഴിഞ്ഞ 14-ന് വിദേശത്തേക്ക് പോയെന്ന് മറുപടി നല്‍കി.

തുടര്‍ന്നും ഒരു വിവരവുമില്ലാതായോടെ ജൂലായ് 27-ന് സംഗീതയെയും മകനെയുമിരുത്തി കുടുംബാംഗങ്ങള്‍ കൂടുതല്‍ ചോദ്യംചെയ്തതോടെ സംഗീതയും മകനും ഒന്നും പ്രതികരിക്കാതെ ഒഴിഞ്ഞുമാറി. പിന്നീട് ഇവരെ ഫോണില്‍ ലഭ്യമല്ലാതാവുകകൂടി ചെയ്തതോടെ ഇളയ സഹോദരന്‍ ബിപിടിപി പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതികള്‍ കൊലപാതക വിവരും പുറത്തുപറഞ്ഞതും മൃതദേഹം ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതും.

ജൂലായ് 11-നാണ് കൊലപാതകം നടന്നത്. സംഗീതയും സാഹിലും ഭാര്യാസഹോദരിയും ആസൂത്രണം ചെയ്താണ് കൊലപാതകം നടപ്പാക്കിയത്. മകന്‍ സാഹില്‍ രാത്രി ഹര്‍വീര്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ഗേറ്റു കടന്ന് അകത്തുകയറി. ഹര്‍വീറിന്റെ വാതിലില്‍ മുട്ടിയെങ്കിലും ഉറങ്ങുകയായിരുന്നതിനാല്‍ തുറന്നില്ല. തുടര്‍ന്ന് മൂവരും ജനല്‍വഴി മുറിക്കകത്തുകയറി. ഭാരമുള്ള ഒരു വസ്തുകൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്.

പിന്നാലെ സാഹിലും സംഗീതയും ചേര്‍ന്ന് മൃതദേഹം ഒരു ചാക്കില്‍ക്കെട്ടി സൂരജ്കുണ്ഡ് റോഡില്‍ സിദ്ദാര്‍ഥ് ആശ്രമത്തിനപ്പുറത്തുള്ള കലുങ്കിന് സമീപം ഉപേക്ഷിച്ചു. ഒരാവശ്യത്തിനായി ഹര്‍വീര്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന ഏഴു ലക്ഷം രൂപ പ്രതികള്‍ ചെലവഴിച്ചതിനെതച്ചൊല്ലിയുണ്ടായ വഴക്കുകളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കുല്‍വീര്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തിനു പിന്നിലെ യഥാര്‍ഥ കാരണം കണ്ടെത്താന്‍ ഭാര്യാസഹോദരിയെയും ചോദ്യം ചെയ്തുവരികയാണ് പോലീസ്.

Similar News