ഭാര്യക്ക് പ്രസവവേദന കലശലായപ്പോള്‍ ആശുപത്രി അധികൃതര്‍ ഫീസ് വര്‍ദ്ധിപ്പിച്ചു; പ്രസവത്തിനിടെ നവജാതശിശു മരിച്ചു; സഞ്ചിയില്‍ കുഞ്ഞിന്റെ മൃതദേഹവുമായി പിതാവ് കളക്ട്രേറ്റില്‍; നടപടിയുമായി ജില്ല ഭരണകൂടം

സഞ്ചിയില്‍ കുഞ്ഞിന്റെ മൃതദേഹവുമായി പിതാവ് കളക്ട്രേറ്റില്‍; നടപടിയുമായി ജില്ല ഭരണകൂടം

Update: 2025-08-23 09:12 GMT

ലഖ്നൗ: പ്രസവം വൈകിപ്പിച്ചതിനെ തുടര്‍ന്ന് നവജാതശിശു മരിച്ച സംഭവത്തില്‍ പിതാവിന്റെ പ്രതിഷേധത്തിന് പിന്നാലെ നടപടിയെടുത്ത് ജില്ലാ ഭരണകൂടം. കുഞ്ഞിന്റെ മൃതദേഹം ബിഗ് ഷോപ്പറില്‍ തൂക്കിപ്പിടിച്ച് പരാതിയുമായി പിതാവ് കളക്ടറുടെ ഓഫീസിലെത്തുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയിലാണ് സംഭവം. ആശുപത്രി അധികൃതര്‍ തുടര്‍ച്ചയായി ഫീസ് വര്‍ദ്ധിപ്പിക്കുകയും പ്രസവം വൈകിപ്പിക്കുകയും ചെയ്തതിനാലാണ് കുഞ്ഞ് മരിച്ചതെന്ന് പിതാവ് വിപിന്‍ ഗുപ്ത ആരോപിച്ചു.

'നവജാതശിശുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍, ജില്ലാ ഭരണകൂടം ഗോള്‍ഡാര്‍ ആശുപത്രി സീല്‍ ചെയ്തു. അവിടെ പ്രവേശിപ്പിച്ചിരുന്ന രോഗികളെ ജില്ലാ വനിതാ ആശുപത്രിയിലേക്ക് മാറ്റുന്നു. കളക്ടറുടെ നിര്‍ദ്ദേശപ്രകാരം സബ് കളക്ടര്‍ എ.കെ. റസ്തോഗി ആശുപത്രി സന്ദര്‍ശിച്ച് യുവതിയുടെ ആരോഗ്യനില അന്വേഷിച്ചു. മെച്ചപ്പെട്ട ചികിത്സ നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി. ജില്ലാ ഭരണകൂടം ദുരിതബാധിതരായ കുടുംബത്തോടൊപ്പമുണ്ട്.' കളക്ടര്‍ എക്സില്‍ പോസ്റ്റ് ചെയ്തു.

സാധാരണ പ്രസവത്തിന് 10,000 രൂപയും സി-സെക്ഷന് 12,000 രൂപയുമാണ് ആശുപത്രി ആവശ്യപ്പെട്ടതെന്ന് വിപിന്‍ ഗുപ്ത വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. ഭാര്യക്ക് പ്രസവവേദന കലശലായപ്പോള്‍ ആശുപത്രി അധികൃതര്‍ ഫീസ് വര്‍ദ്ധിപ്പിച്ചെന്നും വിപിന്‍ ഗുപ്ത ആരോപിച്ചു.

പുലര്‍ച്ചെ 2:30-ഓടെ കുറച്ച് പണം സംഘടിപ്പിച്ചെങ്കിലും ആശുപത്രി അധികൃതര്‍ വീണ്ടും ഫീസ് വര്‍ദ്ധിപ്പിക്കുകയും ശസ്ത്രക്രിയയ്ക്ക് മുമ്പായി പണം ആവശ്യപ്പെടുകയും ചെയ്തു. 'പുലര്‍ച്ചെ 2:30-ഓടെ ഞാന്‍ പണം സംഘടിപ്പിച്ചു. നിങ്ങള്‍ക്ക് കഴിയില്ലെങ്കില്‍ എന്റെ ഭാര്യയെ മറ്റെവിടെയെങ്കിലും കൊണ്ടുപോകാമെന്ന് ഞാന്‍ അവരോട് പറയുകയും ചെയ്തു. അവര്‍ വീണ്ടും ഫീസ് വര്‍ദ്ധിപ്പിച്ചു. പ്രസവ നടപടികള്‍ ആരംഭിക്കാന്‍ ഞാന്‍ അവരോട് ആവശ്യപ്പെട്ടു, കൂടുതല്‍ പണം ഞാന്‍ സംഘടിപ്പിക്കാമെന്നും പറഞ്ഞു. എന്നാല്‍ ആദ്യം പണം നല്‍കണമെന്നും അതിനുശേഷം മാത്രമേ ശസ്ത്രക്രിയ നടത്തുകയുള്ളൂവെന്നും അവര്‍ കര്‍ശനമായി പറഞ്ഞു' അദ്ദേഹം പറഞ്ഞു.

'എന്റെ നവജാതശിശു മരിച്ചു. അതിനുശേഷം അവര്‍ എന്റെ ഭാര്യയെ റോഡിലേക്ക് വലിച്ചെറിഞ്ഞു. പിന്നീട് ഞങ്ങള്‍ ഒരു സര്‍ജന്റെ അടുത്തേക്ക് പോയി. അതിനുശേഷം ഞാന്‍ കളക്ടറുടെ അടുത്തേക്ക് പോയി. അദ്ദേഹം എന്റെ കൂടെ ഇവിടെ വന്നു. മരിച്ച കുഞ്ഞിനെ ഞാന്‍ ഒരു ബാഗിലാണ് കൊണ്ടുവന്നത്.' വിപിന്‍ ഗുപ്ത പറഞ്ഞു.

Tags:    

Similar News