ശുചിമുറിയില്‍ ഒളിക്യാമറ വച്ച് സഹപ്രവര്‍ത്തകരായ യുവതികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി; യുവ ഡോക്ടര്‍ മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയെന്ന് അഭിഭാഷകന്‍

Update: 2025-08-24 07:45 GMT

മെല്‍ബണ്‍: ശുചിമുറിയില്‍ ഒളിക്യാമറ വച്ച് സഹപ്രവര്‍ത്തകരായ യുവതികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവ ഡോക്ടര്‍ പിടിയില്‍. ഓസ്റ്റിന്‍ ഹോസ്പിറ്റല്‍, റോയല്‍ മെല്‍ബണ്‍ ഹോസ്പിറ്റല്‍, പീറ്റര്‍ മക്കല്ലം കാന്‍സര്‍ സെന്റര്‍ എന്നിവിടങ്ങളിലെ ശുചിമുറികളിലും ഷവറുകളിലും ഒളിക്യാമറ വച്ചതിന് ട്രെയിനി സര്‍ജന്‍ റയാന്‍ ചോ (28) ആണ് പിടിയിലായത്.

460 പേരുടെ നഗ്‌നദൃശ്യങ്ങള്‍ റയാന്‍ ചോ ഒളിക്യാമറയില്‍ പകര്‍ത്തിയെന്നാണ് നിലവില്‍ സംശയിക്കുന്നത്. ഇരകളുടെ എണ്ണം കൂടാനാണ് സാധ്യത. കൃത്യമായ എണ്ണം ഇപ്പോഴും അജ്ഞാതമാണ്. 4,500 ഓളം വിഡിയോകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്നായിരുന്നു അഭിഭാഷകന്‍ റയാന്‍ ചോയ്ക്കുവേണ്ടി വാദിച്ചത്.

കര്‍ശന ഉപാധികളോടെ പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു. കര്‍ഫ്യൂ, നിര്‍ബന്ധിത വൈദ്യചികിത്സ, 50,000 ഡോളര്‍ ബോണ്ട്, പ്രതി മാതാപിതാക്കളുടെ കൂടെ താമസിക്കണം എന്നിവ ജാമ്യവ്യവസ്ഥകളാണ്. അടിയന്തര സാഹചര്യങ്ങളിലൊഴികെ ആശുപത്രികളില്‍ ഹാജരാകുന്നതില്‍ നിന്നും അദ്ദേഹത്തെ വിലക്കിയിട്ടുണ്ട്. സിംഗപ്പൂര്‍ പൗരനായ പ്രതി രാജ്യം വിടാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. അതിനാല്‍ ജാമ്യം അനുവദിക്കരുതെന്ന വാദം കോടതി തള്ളി.

പ്രതി ദൃശ്യങ്ങള്‍ പകര്‍ത്തിയവരെ ഭീഷണിപ്പെടുത്തിയിട്ടില്ല. ആര്‍ക്കും ദൃശ്യങ്ങള്‍ വിതരണം ചെയ്യുകയോ ഫോര്‍വേഡ് ചെയ്യുകയോ വിപണനം ചെയ്യുകയോ ചെയ്യുന്നതായി തെളിവില്ലെന്ന വാദം അംഗീകരിച്ചാണ് ജാമ്യം അനുവദിച്ചത്. ജാമ്യ വ്യവസ്ഥകളുടെ ഭാഗമായി ഡോ. റയാന്‍ ചോ പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ക്യാമറകളോ ഫോണുകളോ പോലുള്ള റെക്കോര്‍ഡിങ് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിന് പ്രതിക്ക് കോടതി വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആഴ്ചയില്‍ മൂന്ന് തവണ പ്രാദേശിക പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

Similar News