'നീ എന്റേതല്ലെങ്കില്‍ മറ്റൊരാളുടെയും ആകരുത്'; വിവാഹത്തിന് വിസമ്മതിച്ച പെണ്‍സുഹൃത്തിനെ വെടിവച്ചു കൊലപ്പെടുത്തി; യുവാവ് ജീവനൊടുക്കി

വിവാഹത്തിന് വിസമ്മതിച്ച പെണ്‍സുഹൃത്തിനെ വെടിവച്ചു കൊലപ്പെടുത്തി; യുവാവ് ജീവനൊടുക്കി

Update: 2025-08-26 10:46 GMT

പട്‌ന: വ്യത്യസ്ത സമുദായത്തില്‍പ്പെട്ടവരായതിനാല്‍ വിവാഹത്തിനു വിസമ്മതിച്ച പെണ്‍സുഹൃത്തിനെ വെടിവച്ചുകൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. ബീഹാറിലെ റോഹ്താസ് ജില്ലയിലാണ് സംഭവം. കാജല്‍ കുമാരിയാണ് വെടിയേറ്റു മരിച്ചത്.

ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. വ്യത്യസ്ത സമുദായത്തില്‍പ്പെട്ടവരായതുകൊണ്ടാണ് വിവാഹത്തില്‍ നിന്നും പെണ്‍കുട്ടി പിന്‍മാറിയതെന്നും അമ്മ ഗായത്രീ ദേവി പറഞ്ഞു. എന്നാല്‍ പ്രതി ബല്ലിയ സ്വദേശി ജാക്കി നട്ട് യുവതിയുടെ പിന്നാലെ നടന്ന് ഉപദ്രവിക്കുകയായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു.

കാജല്‍ കുമാരി ഒരു മാളില്‍ ജോലിക്കു പോകുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസം മകളെ മാളില്‍ കൊണ്ടുവിട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് കൊലപാതകം നടന്നതെന്ന് ഗായത്രീ ദേവി പറയുന്നു. ജാക്കി കാജലിനെ വെടിവെച്ചതിന് ശേഷം സ്വയം വെടിയുതിര്‍ത്ത് മരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. വെടിയേറ്റ യുവതിയെ ആദ്യം ഒരു പ്രാദേശിക ആശുപത്രിയിലേക്കും പിന്നീട് വാരാണസിയിലെ ആശുപത്രിയിലേക്കും മാറ്റി.

'അവന്‍ അവളെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. നീ എന്റേതല്ലെങ്കില്‍ മറ്റൊരാളുടെയും ആകരുത് എന്ന് ജാക്കി പറഞ്ഞതായും അമ്മ പറയുന്നു. അതേസമയം തന്റെ മകനെതിരെ ഗൂഢാലോചന നടത്തിയതാണെന്നും മകന്‍ ആരെയും കൊലപ്പെടുത്തിയില്ലെന്നും ജാക്കിയുടെ പിതാവ് പരസ് നട്ട് പറയുന്നു.

ആരവ് ബാങ്ക്വറ്റ് ഹാള്‍ ഗസ്റ്റ് ഹൗസ് എന്ന് പേരുള്ള സ്വകാര്യ ഹോട്ടലിന്റെ മുറിയിലാണ് ജാക്കിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് അറിഞ്ഞയുടന്‍, സബ്-ഡിവിഷണല്‍ പോലീസ് ഓഫീസര്‍ ദിലീപ് കുമാര്‍ കുറ്റകൃത്യം നടന്ന സ്ഥലത്തെത്തി. സംഭവസ്ഥലത്തുനിന്നും പോലീസ് ഒരു പിസ്റ്റളും വെടിയുണ്ടയുടെ കെയ്‌സും കണ്ടെടുത്തു. കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.

Similar News