'പ്രതിയായ യുവാവും ഇരയായ യുവതിയും വിവാഹിതരായി കുടുംബമായി ജീവിക്കുന്നു; ക്രിമിനല്‍ വിചാരണ ഗുണം ചെയ്യില്ല'; ബലാത്സംഗക്കേസിന്റെ എഫ്.ഐ.ആര്‍ റദ്ദാക്കി ഡല്‍ഹി ഹൈക്കോടതി

ബലാത്സംഗക്കേസിന്റെ എഫ്.ഐ.ആര്‍ റദ്ദാക്കി ഡല്‍ഹി ഹൈക്കോടതി

Update: 2025-08-27 12:19 GMT

ന്യൂഡല്‍ഹി: ബലാത്സംഗ കേസിലെ പ്രതിയും ഇരയും വിവാഹിതരായി സന്തോഷത്തോടെ കുടുംബമായി ജീവിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ബലാത്സംഗക്കേസില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കി ഡല്‍ഹി ഹൈക്കോടതി. പോക്‌സോ നിയമപ്രകാരവും ബലാത്സംഗ കുറ്റവും ചുമത്തി രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ ആണ് കോടതി റദ്ദാക്കിയത്.

പ്രതിയായ യുവാവും ഇരയായ യുവതിയും വിവാഹിതരായി കുടുംബമായി ജീവിക്കുകയാണ്. ഈ സാഹചര്യത്തില്‍ ദമ്പതികളെ ക്രിമിനല്‍ വിചാരണക്ക് വിധേയമാക്കുന്നത് ഗുണം ചെയ്യില്ലെന്ന് സിംഗിള്‍ ബെഞ്ച് ജഡ്ജി ജസ്റ്റിസ് ഗിരിഷ് കത്പാലിയ നിരീക്ഷിച്ചു.

കേസില്‍ യുവതിയെ കേട്ട ശേഷമായിരുന്നു ജസ്റ്റിസ് കത്പാലിയയുടെ വിധി. ഇരുവരുമായും താന്‍ ഹിന്ദിയില്‍ സംസാരിച്ചതായി ജസ്റ്റിസ് കത്പാലിയ പറഞ്ഞു. ഇരുവരും കുടുംബമായി സന്തോഷമായി ജീവിക്കുകയാണെന്നും രണ്ട് കുട്ടികളുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിചാരണയുമായി മുന്നോട്ടുപോകുന്നതിലുള്ള വിഷമവും ഇരുവരും കോടതിയെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് എഫ്.ഐ.ആര്‍ റദ്ദാക്കുന്നതെന്നും ജസ്റ്റിസ് കത്പാലിയ വിശദീകരിച്ചു.

2019ലാണ് കേസിനാസ്പദമായ സംഭവം. 17 വയസും 10 മാസവും പ്രായമുള്ള യുവതി യുവാവുമായി പ്രണയത്തിലാവുകയും തുടര്‍ന്ന് ഗര്‍ഭിണിയാവുകയുമായിരുന്നു. യുവതി ചികിത്സ തേടിയെത്തിയതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസില്‍ അറിയിച്ചതോടെയാണ് പോക്‌സോ നിയമപ്രകാരം കേസെടുത്തത്.

Similar News