പൂര്‍വവിദ്യാര്‍ഥി സംഗമത്തിനെത്തി പരിചയം പുതുക്കി; അധ്യാപികയുടെ സ്‌നേഹം പിടിച്ചു പറ്റിയ ശേഷം 27.5 ലക്ഷം രൂപയും 21 പവനുമായി മുങ്ങി: ദമ്പതികള്‍ അറസ്റ്റില്‍

പൂര്‍വവിദ്യാര്‍ഥി സംഗമത്തിനെത്തി അധ്യാപികയുടെ 27.5 ലക്ഷവും 21 പവനുമായി മുങ്ങി

Update: 2025-09-27 04:02 GMT

പരപ്പനങ്ങാടി: പൂര്‍വവിദ്യാര്‍ഥി സംഗമത്തിനെത്തി പരിചയം പുതുക്കിയയാള്‍ പൂര്‍വാധ്യാപികയുടെ 27.5 ലക്ഷം രൂപയും 21 പവനുമായി മുങ്ങി.കര്‍ണാടകയില്‍ ഒളിച്ചുതാമസിക്കുകയായിരുന്ന ചെറിയമുണ്ടം തലക്കടത്തൂര്‍ സ്വദേശി നീലിയത്ത് വേര്‍ക്കല്‍ ഫിറോസ് (51), ഭാര്യ റംലത്ത് (45) എന്നിവരെയാണ് പരപ്പനങ്ങാടി പോലീസ് ഇന്‍സ്‌പെക്ടര്‍ വിനോദ് വലിയാട്ടൂരും സംഘവും പിടികൂടിയത്.

കര്‍ണാടകത്തിലെ ഹാസനില്‍ ആഡംബര ജീവിതം നയിക്കുന്നതിനിടെയാണ് ഇയാളും ഭാര്യയും അറസ്റ്റിലായത്. 31 വര്‍ഷത്തിനുശേഷം പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിന് എത്തി അധ്യാപികയുമായി അടുപ്പം സ്ഥാപിച്ച ഫിറോസ് പല തവണകളിലായി സ്വര്‍ണവും പണവും തട്ടിയെടുക്കുക ആയിരുന്നു. 1988-90 കാലത്ത് ഫിറോസിനെ സ്‌കൂളില്‍ പഠിപ്പിച്ച പരപ്പനങ്ങാടി സ്വദേശിയായ അധ്യാപികയെയാണ് തട്ടിപ്പിനിരയാക്കിയത്.

വര്‍ഷങ്ങള്‍ക്ക് ശേഷം പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ വെച്ചാണ് ഫിറോസ് അധ്യാപികയുമായി പരിചയംപുതുക്കിയത്. ശേഷം ഇയാള്‍ അധ്യാപികയുടെ സ്നേഹവും വിശ്വാസവും പിടിച്ചുപറ്റി. പിന്നീട് ഭാര്യയുമൊത്ത് അധ്യാപികയുടെ വീടും സന്ദര്‍ശിച്ചു. പിന്നീട് സ്വര്‍ണവുമായി ബന്ധപ്പെട്ടുള്ള ബിസിനസ് തുടങ്ങുന്നതിനായി പണം ആവശ്യപ്പെടുകയും നിക്ഷേപത്തിന് ലാഭ വിഹിതം വാഗ്ദാനം ചെയ്യുകയും ചെയ്തു. ആദ്യം ഒരുലക്ഷം രൂപ നല്‍കി. ലാഭവിഹിതമെന്ന പേരില്‍ 4000 രൂപവീതം ഏതാനും മാസം അധ്യാപികയ്ക്കു നല്‍കി.

ഫിറോസില്‍ പൂര്‍ണ വിശ്വാസം തോന്നിയ അധ്യാപിത തുടര്‍ന്ന് മൂന്നുലക്ഷം രൂപ കൈവശപ്പെടുത്തി. ഇതിന് മാസം 12,000 രൂപവീതം നല്‍കി. പിന്നീട് പലതവണകളായി 27.5 ലക്ഷം രൂപ കൈവശപ്പെടുത്തി. ഇതോടെ ലാഭവിഹിതം നിലച്ചു. വിവരമന്വേഷിച്ച അധ്യാപികയോട് ബിസിനസിലേക്ക് കൂടുതല്‍ പണം ഇറക്കേണ്ടതുണ്ടെന്ന് അറിയിച്ചതോടെ അധ്യാപിക തന്റെ കൈവശമുള്ള 21 പവന്‍ സ്വര്‍ണാഭരണവും നല്‍കി. എന്നാല്‍ പിന്നീട് ലാഭവിഹിതമോ മുതലോ കിട്ടിയില്ല. മാത്രമല്ല ഫിറോസുമായി ബന്ധപ്പെടാനും കഴിഞ്ഞില്ല,

ഇതോടെ അധ്യാപിക പോലിസില്‍ പരാതി നല്‍കി. അന്വേഷണത്തില്‍ ഇയാള്‍ ഫോണ്‍ സ്വിച്ച്ഓഫ് ആക്കി മുങ്ങി കര്‍ണാടകയിലെ ഹാസനില്‍ ആഡംബരജീവിതം നയിച്ചുവരുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തിരൂരിലെ ബാങ്കില്‍ പണയപ്പെടുത്തിയ ഈ സ്വര്‍ണാഭരണങ്ങള്‍ പിന്നീട് ഇയാള്‍ വിറ്റു.

Tags:    

Similar News