ജപ്പാനില്‍ നിന്നും മോഷ്ടിക്കുന്ന കാറുകള്‍ ഇന്ത്യയുടെയും ചൈനയുടെയും അതിര്‍ത്തി വഴിയേ ഭൂട്ടാനിലേക്ക് കടത്താന്‍ കഴിയൂ; വാഹനങ്ങള്‍ പൊളിച്ച് ഭൂട്ടാനില്‍ എത്തിച്ച ശേഷം റോഡ് മാര്‍ഗം ഇന്ത്യയില്‍ എത്തിക്കാനും സാധ്യത; ചാള്‍സ് രാജാവ് 2019 ല്‍ ബെംഗളൂരു സന്ദര്‍ശിച്ചപ്പോള്‍ സഞ്ചരിച്ച കാറെന്ന പേരിലും വ്യാജ രേഖകള്‍; എല്ലാം അടിമുടി ദുരൂഹം; ഇനിയും 150 വാഹനങ്ങള്‍ കണ്ടെത്തണം

Update: 2025-09-28 07:46 GMT

കൊച്ചി : ഭൂട്ടാനില്‍ നിന്ന് വാഹനം കടത്തിക്കൊണ്ടു വരുന്നതിന് പിന്നില്‍ വമ്പന്‍ മാഫിയ. ഇനിയും 150 വാഹനങ്ങള്‍ കണ്ടെത്താനുണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്. കേരളത്തിലേക്ക് വാഹനങ്ങള്‍ എത്തിക്കുന്നതിനു പിന്നില്‍ കോയമ്പത്തൂര്‍ മാഫിയ മാത്രമല്ലയുള്ളത്. കുണ്ടന്നൂരില്‍ നിന്ന് പിടിച്ചെടുത്ത ടെയോട്ട ലാന്‍ഡ് ക്രൂസര്‍ കാറിന്റെ ഉടമ മൂവാറ്റുപുഴ സ്വദേശി മാഹിന്‍ അന്‍സാരിയെ ചോദ്യം ചെയ്തപ്പോഴും ഇതിനുള്ള തെളിവുകളാണ് കസ്റ്റംസിനു കിട്ടിയിട്ടുള്ളത്. ഡല്‍ഹി കേന്ദ്രീകരിച്ചുള്ള ഇടനിലക്കാരുടെ സംഘമാണ് മാഹിനുമായി വാഹനക്കച്ചവടം ഉറപ്പിച്ചത്. ഇത്തരത്തില്‍ വിവിധ സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിക്കുന്ന വാഹന ഇടപാടു സംഘമുണ്ടെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. ഭൂട്ടാന്‍ റോയല്‍ ആര്‍മി ഒഴിവാക്കുന്ന കാറുകള്‍ക്കൊപ്പം ഇന്ത്യയിലേക്കു കടത്തുന്ന മോഷ്ടിച്ച കാറുകള്‍ എങ്ങനെയാണു ഭൂട്ടാനില്‍ എത്തുന്നതെന്നും കേന്ദ്ര ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്. ജപ്പാനില്‍ നിന്നും വാഹനം മോഷ്ടിച്ച് ഭൂട്ടാനിലെത്തിക്കുന്ന സംഘവും ഇതിനിടെയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

38 വാഹനങ്ങള്‍ മാത്രമാണ് ഇതുവരെ കസ്റ്റംസിനു കണ്ടെടുക്കാനായത്. കുണ്ടന്നൂരിലെ ഗാരേജില്‍ കിടന്ന വണ്ടിയാണ് കസ്റ്റംസ് പിടികൂടിയത്. ഒന്നര വര്‍ഷം മുന്‍പാണ് ടെയോട്ട ലാന്‍ഡ് ക്രൂസര്‍ എടുത്തതെന്നും താന്‍ പറ്റിക്കപ്പെടുകയായിരുന്നു. ഡല്‍ഹിയില്‍ 15 വര്‍ഷം ഓടിയ വാഹനമാണ്. അത് ഹിമാചല്‍ പ്രദേശ് പോലെ മറ്റേതെങ്കിലും സംസ്ഥാനത്ത് റജിസ്റ്റര്‍ ചെയ്തു തരാം എന്നായിരുന്നു വാഹന വില്‍പന സംബന്ധിച്ച് പരസ്യം നല്‍കിയവര്‍ മാഹിനെ അറിയിച്ചത്. തുടര്‍ന്ന് ഡല്‍ഹിയിലെത്തി ഇവരെ കണ്ടു. ഉത്തരേന്ത്യക്കാരാണ് എല്ലാവരും. തുടര്‍ന്ന് വാഹനത്തിന്റെ എന്‍ഒസി എടുക്കാനായി ആധാര്‍ നല്‍കിയെങ്കിലും അവര്‍ തന്റെ പേരില്‍ 'ഫസ്റ്റ് ഓണറാ'യി റജിസ്റ്റര്‍ ചെയ്‌തെന്നാണ് അന്‍സാരി പറയുന്നത്. അന്‍സാരിയുടേത് 1994 മോഡല്‍ വാഹനമാണെങ്കിലും 2012 ആണ് റജിസ്റ്റര്‍ ചെയ്യാനായി നല്‍കിയിരിക്കുന്നത്. ഇത് മാറ്റിത്തരണമെന്ന് അവരോട് ആവശ്യപ്പെട്ടിരുന്നു. 2012 വാഹനമാണെങ്കില്‍ എട്ടു ലക്ഷത്തിലേറെ രൂപ കേരളത്തില്‍ റജിസ്റ്റര്‍ ചെയ്യാന്‍ നികുതി കൊടുക്കേണ്ടി വരും. 1994 ആണെങ്കില്‍ ചെറിയ തുകയ്ക്കു സാധിക്കും. എന്നാല്‍ ഇതുവരെ നടത്തിത്തന്നിട്ടില്ലെന്നും അവരുമായുള്ള വാഹന ഇടപാട് അടിമുടി വ്യാജമാണെന്നും മാഹിന്‍ പറയുന്നു. ഈ പറയുന്നതെല്ലാം ശരിയാണോ എന്നും കസ്റ്റംസ് പരിശോധിക്കും. വാഹന ഇടപാടു മാത്രമായിരുന്നോ കോയമ്പത്തൂര്‍ സംഘത്തിന്റെ ലക്ഷ്യമെന്ന സംശയവും കസ്റ്റംസിനുണ്ട്.

ഭൂട്ടാന്‍ കാര്‍ കള്ളക്കടത്തു സംഘം ചെന്നൈയിലെ ബ്രിട്ടിഷ് ഡപ്യൂട്ടി ഹൈക്കമ്മിഷണറേറ്റിന്റെ പേരിലുള്ള വ്യാജരേഖകള്‍ ചമച്ചും ആഡംബരക്കാറുകള്‍ വിറ്റുവെന്നും കണ്ടെത്തിയിട്ടുണ്ട്. ചാള്‍സ് രാജാവ് 2019 ല്‍ ബെംഗളൂരു സന്ദര്‍ശിച്ചപ്പോള്‍ സഞ്ചരിച്ച കാറെന്ന പേരിലാണ് കച്ചവടം നടത്തിയത്. ഇന്ത്യയില്‍ റജിസ്റ്റര്‍ ചെയ്ത കാര്‍ ഹൈക്കമ്മിഷനിലെ ഉന്നത ഉദ്യോഗസ്ഥന്‍ ബ്രിട്ടനിലേക്കു തിരികെ പോകും മുന്‍പു മറിച്ചു വിറ്റതാണെന്നും റാക്കറ്റിന്റെ ഏജന്റ് ഇടപാടുകാരനെ ധരിപ്പിച്ചു. ഇത് വിശ്വസിച്ച് കാര്‍ വാങ്ങുകയും ചെയ്തു. ഇക്കഴിഞ്ഞ ജൂലൈയില്‍ അരുണാചല്‍ പ്രദേശിന്റെ തലസ്ഥാനമായ ഇറ്റാനഗറില്‍ നിന്ന് നിന്ന് 37 ആഡംബര കാറുകള്‍ പൊലീസ് പിടിച്ചെടുത്തിരുന്നു. 30 കോടിയോളം രൂപ വില വരുന്ന വാഹനങ്ങളായിരുന്നു ഇവ. ഡല്‍ഹി, യുപി, ഹരിയാന തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് മോഷ്ടിച്ച വാഹനങ്ങളാണ് എന്നായിരുന്നു പിടിയിലായവര്‍ പൊലീസിനോട് പറഞ്ഞത്. സമുദ്രാതിര്‍ത്തിയും രാജ്യാന്തര റെയില്‍പാതയുമില്ലാത്ത ഭൂട്ടാനില്‍ റോഡ് മാര്‍ഗവും വിമാനത്തിലുമാണു കാറുകള്‍ എത്തിക്കാന്‍ കഴിയുക. ഭൂട്ടാനിലെ പാരോ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് വഴി ആഡംബരക്കാറുകള്‍ കടത്തിയതായി കണ്ടെത്തിയിട്ടുമില്ല. ഈ സാഹചര്യത്തിലാണ് കാറുകള്‍ എങ്ങനെയാണ് വരുന്നതെന്ന് കണ്ടെത്തുന്നത്.

ഫലത്തില്‍ ജപ്പാനില്‍ നിന്നും മോഷ്ടിക്കുന്ന കാറുകള്‍ ഇന്ത്യയുടെയും ചൈനയുടെയും അതിര്‍ത്തി വഴിയേ ഭൂട്ടാനിലേക്ക് കടത്താന്‍ കഴിയൂ. മോഷ്ടിച്ച കാറുകള്‍ ഇന്ത്യന്‍ തുറമുഖങ്ങള്‍ വഴി റാക്കറ്റ് ഇറക്കിയിട്ടുണ്ടാവാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. ഭൂട്ടാനില്‍ വലിയ ചരക്ക് വിമാനം ഇറക്കാന്‍ പറ്റിയ വിമാനത്താവളങ്ങളുമില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണം ജപ്പാനില്‍ നിന്നും കാറുകള്‍ മോഷ്ടിച്ച് ചൈനീസ് അതിര്‍ത്തിയിലൂടെ കടത്താനുള്ള സാധ്യതയാണ് കേന്ദ്ര ഏജന്‍സികള്‍ പരിശോധിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ നിന്നും മോഷ്ടിച്ച വാഹനങ്ങള്‍ ഭൂട്ടാന്‍ വഴി കടത്തിയെന്നും സംശയിക്കുന്നുണ്ട്. വാഹനങ്ങള്‍ പൊളിച്ച് ഭൂട്ടാനില്‍ എത്തിച്ച ശേഷം റോഡ് മാര്‍ഗമാണ് ഇന്ത്യയിലെത്തിച്ചത്. പരിവാഹന്‍ സൈറ്റിലടക്കം ക്രമക്കേട് നടത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നു.സിനിമാതാരങ്ങള്‍ അടക്കമുള്ളവരെ ഇടനിലക്കാര്‍ തെറ്റിദ്ധരിപ്പിച്ചെന്നും കസ്റ്റംസ് കണ്ടെത്തി. കേരളത്തില്‍ മാത്രം 200ഓളം വാഹനങ്ങളും ഇന്ത്യയിലാകെ ആയിരത്തോളം വാഹനങ്ങളും വിറ്റെന്നായിരുന്നു കസ്റ്റംസ് കഴിഞ്ഞദിവസം പറഞ്ഞിരുന്നത്.എന്നാല്‍ കഴിഞ്ഞ 12 വര്‍ഷത്തിനിടെ ഭൂട്ടാന്‍ പട്ടാളം ഉപേക്ഷിച്ച് ലേലം ചെയ്തത് വെറും 117 വാഹനങ്ങള്‍ മാത്രമാണെന്നാണ് പുതിയ വിവരം. ഭൂട്ടാന്‍ പട്ടാളം ലേലം ചെയ്‌തെന്ന പേരില്‍ കടത്തിയത് മറ്റ് രാജ്യങ്ങളില്‍ നിന്ന് മോഷ്ടിച്ച് ഭൂട്ടാനിലെത്തിച്ച് ഇന്ത്യയിലേക്ക് കടത്തിയെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. ഹിമാചല്‍ പ്രദേശിലെ ചമ്പ ജില്ലയിലാണ് വാഹനക്കടത്തുകാരുടെ കേന്ദ്രമെന്നും കണ്ടെത്തിയിട്ടുണ്ട്.

അതിനിടെ,വണ്ടികള്‍ ആറുമാസം കഴിഞ്ഞിട്ടും സ്വന്തം പേരിലേക്ക് മാറ്റാത്തവരെയും കസ്റ്റംസ് പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. ഭൂട്ടാന്‍ പട്ടാളം ഉപേക്ഷിച്ച വണ്ടികള്‍ നികുതിവെട്ടിച്ച് രജിസ്റ്റര്‍ ചെയ്ത് ഉപയോഗിക്കുന്നവരെ കണ്ടെത്താനായിരുന്നു കസ്റ്റംസ് കഴിഞ്ഞ ചൊവ്വാഴ്ച ഓപ്പറേഷന്‍ നുംഖൂറെന്ന പേരില്‍ രാജ്യവ്യാപക റെയ്ഡ് നടത്തിയത്.

Tags:    

Similar News