രഹസ്യ വിവരം നിര്‍ണ്ണായകമായി; വില്‍പ്പനയ്ക്കായി എത്തിച്ച എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍; സാബിറിനേയും നജ്മലിനേയും പൊക്കിയത് കൊല്ലം ഡാന്‍സാഫ്
കൊല്ലം: വില്‍പ്പനയ്ക്കായി എത്തിച്ച എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍. നെടുമ്പന വില്ലേജില്‍ മുട്ടക്കാവ് സാബിര്‍ മന്‍സിലില്‍ സാബിര്‍ ആരുഫ് (39), നെടുമ്പന വില്ലേജില്‍ മുട്ടക്കാവ് നജ്മ മന്‍സിലില്‍ നജ്മല്‍(27) എന്നിവരെയാണ് കൊട്ടിയം പൊലീസും ചാത്തന്നൂര്‍ എസിപി അലക്സാണ്ടര്‍ തങ്കച്ചന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘവും ചേര്‍ന്ന് പിടികൂടിയത്.
കൊല്ലം സിറ്റി പൊലീസ് ജില്ലയെ ലഹരി സംഘങ്ങളുടെ പിടിയില്‍ നിന്നും രക്ഷിക്കാന്‍ ജില്ലാ പൊലീസ് മേധാവി കിരണ്‍ നാരായണന്റെ നേതൃത്വത്തില്‍ 'മുക്ത്യോദയം' എന്ന ലഹരി വിരുദ്ധ കര്‍മ്മ പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കി വരികയാണ്. ഇതന്റെ ഭാഗമായി ലഭിച്ച രഹ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അതിരാവിലെ മൂന്നരയോടെ മൈലാപ്പൂര്‍ തൈക്കാവ് ജങ്ഷന് സമീപത്തുനിന്നാണ് പ്രതികള്‍ വില്‍പ്പനയ്ക്കായി കാറില്‍ കടത്തിക്കൊണ്ട് വന്ന 295.96 ഗ്രാം എംഡിഎംഎ പിടികൂടിയത്.
ജില്ലയില്‍ ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്ത എംഡിഎംഎ കേസുകളില്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്ന അളവില്‍ ലഹരി പിടികൂടിയ കേസാണിത്. കൊട്ടിയം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ പ്രദീപിന്റെ നേതൃത്വത്തില്‍ എസ്‌ഐ നിഥിന്‍ നളന്‍, എഎസ്ഐ ജയപ്രകാശ്, സിപിഒമാരായ പ്രശാന്ത്, ശംഭു, വിനോദ് എന്നിവരും എസ്‌ഐ സായിസേനന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘവുമാണ് പ്രതികളെ പിടികൂടിയത്.