രാത്രിയില്‍ 15 ബൈക്കുകളിലായി ഗുണ്ടാസംഘങ്ങളെപോലെ പാഞ്ഞെത്തി; സഹപാഠിയുടെ വീട് കയറി ആക്രമണം; വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്; പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തു

Update: 2025-10-14 10:53 GMT

തിരുവനന്തപുരം: തിരുവനന്തപുരം ചെങ്കോട്ടുകോണം ശാസ്തവട്ടത്ത് ഒരു സംഘം പ്ലസ് ടു വിദ്യാര്‍ഥികള്‍ സഹപാഠിയുടെ വീട് കയറി അക്രമിച്ചു. ഇന്നലെ രാത്രി 9 മണിയോടുകൂടിയാണ് സംഭവം. ബൈക്കിലെത്തിയ 15 ഓളം വരുന്ന സംഘമാണ് വീട് കയറി ആക്രമിച്ചത്. ആക്രമണത്തില്‍ തുണ്ടത്തില്‍ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥി അഭയ് (17) യുടെ കയ്യിലും മൂക്കിലും പരിക്കേറ്റു.

തുണ്ടത്തില്‍ മാധവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലായിരുന്നു വീട് കയറി അക്രമം നടന്നത്. ഇന്നലെ ഉച്ചയ്ക്ക് സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം നടന്നിരുന്നു. സംഘര്‍ഷത്തിനിടയില്‍പ്പെട്ട സുഹൃത്തിനെ അഭയ് പിടിച്ചു മാറ്റിയിരുന്നു. ഇതിനെ തുടര്‍ന്നാണ് രാത്രി ഒരു സംഘം വീടു കയറി ആക്രമിച്ചത്.

പരിക്കേറ്റ അഭയ് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിരിക്കുകയാണ്. ഉടന്‍ തന്നെ പോത്തന്‍കോട് പോലീസ് സ്ഥലത്തെത്തിയിരുന്നു. പോത്തന്‍കോട് പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

അടുത്തിടെ പോത്തന്‍കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റിരുന്നു. തുണ്ടത്തില്‍ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിക്കാണ് അന്ന് കുത്തേറ്റത്. ഇവിടെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സ്ഥിരം സംഘര്‍ഷം നടക്കാറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഈ സ്‌കൂളില്‍ കുട്ടികള്‍ക്കിടയില്‍ സംഘര്‍ഷങ്ങള്‍ കൂടുന്നതായും റിപ്പോര്‍ട്ടുണ്ട്.

Tags:    

Similar News