നാല് മാസം മുമ്പ് വിവാഹം; ഭാര്യയെ ഹെല്‍മറ്റ് കൊണ്ട് അടിച്ചു കൊലപ്പെടുത്തി റോഡപകടമായി ചിത്രീകരിച്ചു; 30 ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് ക്ലെയിം ഉറപ്പിക്കാന്‍ നാടകീയ നീക്കങ്ങള്‍; ഭാര്യയുടെ അന്ത്യകര്‍മങ്ങള്‍ക്കിടെ ഭര്‍ത്താവിന്റെ പെരുമാറ്റത്തില്‍ നാട്ടുകാര്‍ക്ക് തോന്നിയ സംശയം വഴിത്തിരിവായി; യുവാവ് അറസ്റ്റില്‍
ഹസാരിബാഗ്: ഭാര്യയെ ഹെല്‍മറ്റ് കൊണ്ട് അടിച്ചു കൊലപ്പെടുത്തി റോഡ് അപകടമായി ചിത്രീകരിച്ച് ഇന്‍ഷുറന്‍സ് തുക തട്ടാന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ജാര്‍ഖണ്ഡിലെ ഹസാരിബാഗ് ജില്ലയിലാണ് സംഭവം. ഭാര്യയെ കൊലപ്പെടുത്തുകയും ഇന്‍ഷുറന്‍സ് തുക ക്ലെയിം ചെയ്യുന്നതിനായി റോഡ് അപകടമായി ചിത്രീകരിക്കുകയുമായിരുന്നു. 23കാരിയായ സേവന്തി കുമാരിയെയാണ് മുപ്പതുകാരനായ മുകേഷ് കുമാര്‍ കൊലപ്പെടുത്തിയത്. ഒക്ടോബര്‍ ഒമ്പതിന് രാത്രിയാണ് സംഭവം.
നാല് മാസം മുമ്പാണ് സേവന്തി കുമാരിയെ മുപ്പതുകാരനായ മുകേഷ് കുമാര്‍ മേത്ത വിവാഹം ചെയ്തത്. 30 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക ലഭിക്കുന്നതിനായി സംഭവം റോഡപകടമായി ചിത്രീകരിച്ചതായി പൊലീസ് പറഞ്ഞു. ഒക്ടോബര്‍ 9ന് എന്‍.എച്ച് 33 ലെ പദാമ-ഇത്‌ഖോരി സ്‌ട്രെച്ചില്‍ റോഡപകടത്തില്‍ ദമ്പതികള്‍ പരിക്കേറ്റ് കിടക്കുന്നതായി വഴിയാത്രക്കാരില്‍ നിന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. അബോധാവസ്ഥയില്‍ റോഡില്‍ കിടന്ന ദമ്പതികളെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും യുവതി മരിച്ചതായി ഡോക്ടര്‍ അറിയിച്ചു. തുടര്‍ന്ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയക്കുകയും ചെയ്തു- പൊലീസ് പറഞ്ഞു.
എന്നാല്‍ ഭാര്യയുടെ അന്ത്യകര്‍മങ്ങള്‍ക്കിടെ ഭര്‍ത്താവിന്റെ പെരുമാറ്റത്തില്‍ നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 30 ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് ക്ലെയിമിന് അപേക്ഷിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. അതില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഒക്ടോബര്‍ 9ന് രാത്രി വയറുവേദനക്ക് ആശുപത്രിയില്‍ പോകാന്‍ ഭാര്യയെ കൊണ്ടുവന്ന് ഹെല്‍മെറ്റ് ഉപയോഗിച്ച് മര്‍ദ്ദിക്കുകയും തുടര്‍ന്ന് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയും ചെയ്തു. ബൈക്കിനും തനിക്കും കേടുപാടുകള്‍ വരുത്തിയ ശേഷം മൃതദേഹം റോഡില്‍ കിടത്തുകായായിരുന്നുവെന്നും പ്രതി വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.
അപകടത്തിന്റെ ആഘാതത്തില്‍ സംഭവിക്കാവുന്ന കേടുപാടുകള്‍ ബൈക്കിന് സംഭവിച്ചിട്ടില്ലെന്നും യുവാവിന്റെ പരിക്കുകള്‍ പോലും നിസ്സാരമാണെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്ത് തിങ്കളാഴ്ച ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയച്ചതായും പോലീസ് അറിയിച്ചു.