ഫീസ് അടയ്ക്കാത്തതിന്റെ പേരില്‍ പരീക്ഷയെഴുതാന്‍ അനുവദിച്ചില്ല; പ്രിന്‍സിപ്പല്‍ പരസ്യമായി അപമാനിച്ചു, മുടിയില്‍ പിടിച്ച് വലിച്ചു, മര്‍ദ്ദിച്ചു; പോലീസിനെ വിളിച്ചുവരുത്തി അസഭ്യം പറഞ്ഞു; ക്രൂരതകള്‍ എണ്ണിപ്പറഞ്ഞ് വീഡിയോ പുറത്ത് വിട്ടു; പിന്നാലെ കോളേജിനുള്ളില്‍ സ്വയം തീകൊളുത്തി വിദ്യാര്‍ത്ഥി
മുസാഫർനഗർ: ഫീസടയ്ക്കാത്തതിൻ്റെ പേരിൽ പരീക്ഷയെഴുതാൻ അനുവദിക്കാത്തതിനെ തുടർന്ന് ക്ലാസ് മുറിക്കുള്ളിൽ തീ കൊളുത്തി ആത്മഹത്യാ ശ്രമം. ഉത്തർപ്രദേശിലെ മുസാഫർനഗറിൽ ബുധാനയിലുള്ള കോളേജിൽ മൂന്നാം സെമസ്റ്റർ ബി.എ. വിദ്യാർത്ഥിയായ ഉജ്ജ്വൽ റാണയാണ് (20) ഗുരുതരാവസ്ഥയിൽ ആശുപത്രിയിലുള്ളത്. 70 ശതമാനത്തോളം പൊള്ളലേറ്റ വിദ്യാർത്ഥിയെ ആദ്യം മീററ്റിലെ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഡൽഹിയിലേക്ക് മാറ്റി.
കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് സംഭവം. ഇതിന് രണ്ട് ദിവസം മുൻപ്, കോളേജ് പ്രിൻസിപ്പലിനും പോലീസിനും എതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഉജ്ജ്വൽ റാണ ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. സെമസ്റ്റർ ഫീസായി 1700 രൂപ മാത്രമാണ് അടച്ചതെന്നും 7000 രൂപയോളം ബാക്കിയുണ്ടെന്നും വീഡിയോയിൽ പറഞ്ഞിരുന്നു. മൂന്നാം സെമസ്റ്റർ പരീക്ഷ നടക്കുന്ന സമയമായിട്ടും തന്നെ പരീക്ഷ എഴുതാൻ കോളേജ് അധികൃതർ അനുവദിക്കുന്നില്ലെന്നും, പ്രിൻസിപ്പൽ പരസ്യമായി അപമാനിക്കുകയും മുടിയിൽ പിടിച്ച് വലിക്കുകയും മർദ്ദിക്കുകയും ചെയ്തതായും ആരോപണമുണ്ട്.
ഫീസ് അടയ്ക്കാൻ കഴിയാത്ത വിദ്യാർഥികൾക്ക് വേണ്ടി സംസാരിച്ചപ്പോൾ അധികൃതർ പോലീസിനെ വിളിച്ചുവരുത്തുകയും അവർ തന്നെ അസഭ്യം പറയുകയും കോളേജിൽ നിന്ന് പുറത്താക്കുകയുമായിരുന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ പ്രിൻസിപ്പലും പോലീസുകാരുമാണ് ഉത്തരവാദികളെന്നും അദ്ദേഹം വീഡിയോയിൽ പറഞ്ഞിരുന്നു.
ഈ വീഡിയോ പുറത്തുവന്ന് രണ്ട് ദിവസത്തിന് ശേഷമാണ് ഉജ്ജ്വൽ ക്ലാസ് മുറിയിൽ കയറി തീ കൊളുത്തിയത്. സംഭവത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വിദ്യാർഥികൾ ഓടിക്കൂടി തീയണയ്ക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഗുരുതരമായി പൊള്ളലേറ്റിട്ടും കോളേജ് അധികൃതരോ അധ്യാപകരോ വിദ്യാർത്ഥിയെ ആശുപത്രിയിലെത്തിക്കാൻ തയ്യാറായില്ലെന്ന് കുടുംബം ആരോപിക്കുന്നു.
വിദ്യാര്‍ഥിയുടെ സഹോദരിയുടെ പരാതിയില്‍ പ്രിന്‍സിപ്പല്‍ അടക്കമുള്ളവര്‍ക്കെതിരേ കേസെടുത്തതായി പോലീസ് അറിയിച്ചു. മുസാഫര്‍നഗര്‍ ജില്ല മജിസ്‌ട്രേറ്റും പോലീസ് സൂപ്രണ്ടും കോളേജ് സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനും ഉത്തരവിട്ടു. ഡല്‍ഹിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥിക്ക് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയതായും ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.
