വെള്ളിയാഴ്ച വൈകിട്ടാണ് മകള്‍ അവസാനമായി വിളിച്ചത്; ഫീസ് അടയ്ക്കാനായി 31,000 രൂപ വേണമെന്നു പറഞ്ഞു; അത് അയച്ചു കൊടുത്തു; ബിബിഎ വിദ്യാര്‍ഥിനിയുടെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം; ദുരൂഹതയില്ലെന്ന് കോളജ് അധികൃതര്‍

Update: 2025-11-09 10:12 GMT

കോതമംഗലം: കോതമംഗലത്ത് ഒന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ഥിനിയെ കോളജ് ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയെന്ന് കുടുംബം. മാങ്കുളം സ്വദേശി നന്ദനയെയാണ് (19) നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളജ് ഹോസ്റ്റലിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നന്ദനയുടെ പിതാവ് ഹരി ആരോപിച്ചു. വെള്ളിയാഴ്ച വൈകിട്ടാണ് മകള്‍ അവസാനമായി വീട്ടിലേക്ക് വിളിച്ചത്. ഫീസ് അടയ്ക്കാനായി 31,000 രൂപ വേണമെന്നു പറഞ്ഞു. അത് അയച്ചു കൊടുത്തു. ചിലപ്പോള്‍ ഫീസ് കൊടുക്കാന്‍ കുറച്ചു താമസമുണ്ടാകാറുണ്ട്. ഇളയ മകളും പഠിക്കുകയാണ്. എന്താണ് മരണത്തിന് കാരണമായതെന്ന് അന്വേഷിക്കണമെന്നും പിതാവ് ആവശ്യപ്പെട്ടു.

ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് നന്ദനയെ കണ്ടത്. അവധി ആയതിനാല്‍ മിക്ക കുട്ടികളും വീട്ടിലേക്ക് മടങ്ങിയിരുന്നു. പ്രഭാത ഭക്ഷണം കഴിക്കാനായി അടുത്ത മുറിയിലെ സുഹൃത്ത് രാവിലെ എട്ടുമണിയോടെ വാതിലില്‍ തട്ടിയെങ്കിലും തുറക്കാത്തതിനാല്‍ ജനലിലൂടെ നോക്കിയപ്പോഴാണ് തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്.

പിന്നീട് പൊലീസ് എത്തി വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കയറുകയായിരുന്നു. കോളജ് ക്യാംപസിന് അകത്തു തന്നെയാണ് ഹോസ്റ്റല്‍. മാതാപിതാക്കള്‍ ഹോസ്റ്റലില്‍ എത്തിയിരുന്നു. പിന്നീട് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

സംഭവവുമായി ബന്ധപ്പെട്ട് ദുരൂഹതകളൊന്നും ഇല്ലെന്നാണ് കോളേജ് അധികൃതരുടെ ഭാഗത്ത് നിന്നുള്ള വിശദീകരണം. മറ്റ് കുട്ടികളൊന്നും ഹോസ്റ്റലില്‍ ഉണ്ടായിരുന്നില്ല. കോളേജ് ക്യാംപസിനകത്ത് തന്നെയാണ് ഹോസ്റ്റല്‍ കെട്ടിടവും സ്ഥിതി ചെയ്യുന്നത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായതിന് ശേഷം മാത്രമേ മരണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.

Tags:    

Similar News