കോണ്‍ട്രാക്ടറായ അച്ഛന്റെ പണം അടിച്ചുമാറ്റാന്‍ 'മാവോയിസ്റ്റായി'; 35 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ കുടുംബത്തെ കൊല്ലുമെന്ന് ഭീഷണിക്കത്ത്; കുരുക്കായത് ആ അബദ്ധം; 24കാരന്‍ അറസ്റ്റില്‍

Update: 2025-10-16 11:43 GMT

ഭുവനേശ്വര്‍: കോണ്‍ട്രാക്ടറായ അച്ഛന്റെ പണം അടിച്ചുമാറ്റാന്‍ 'മാവോയിസ്റ്റ്' ഭീഷണി മുഴക്കിയ 24കാരനായ മകന്‍ അറസ്റ്റില്‍. ഒഡീഷയിലെ കലഹണ്ടി ജില്ലയിലാണ് സംഭവം. മാവോയിസ്റ്റ് ആണെന്ന് തെറ്റിദ്ധരിപ്പിച്ച് പിതാവില്‍ നിന്നും 35 ലക്ഷം രൂപ തട്ടിയെടുക്കാനായിരുന്നു ശ്രമം. ദിനേശ് അഗര്‍വാളിന്റെ മകന്‍ അങ്കുഷ് അഗര്‍വാളാണ് അറസ്റ്റിലായത്. ദിനേശ് അഗര്‍വാള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഒരാഴ്ചയോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് അങ്കുഷിന്റെ അറസ്റ്റ്.

ഒക്ടോബര്‍ 6 ന് താന്‍ ഒരു മാവോയിസ്റ്റാണെന്ന് പരിചയപ്പെടുത്തി അങ്കുഷ് ഭീഷണി കത്ത് എഴുതി പിതാവിന്റെ കാറിനുള്ളില്‍ ഉപേക്ഷിക്കുകയായിരുന്നു. കത്തില്‍ 35 ലക്ഷം രൂപ ആവശ്യപ്പെടുകയും പണം നല്‍കിയില്ലെങ്കില്‍ കുടുംബത്തെ മുഴുവന്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സമ്മര്‍ദ്ദം ചെലുത്താനും പദ്ധതി വിജയിച്ചുവെന്ന് ഉറപ്പാക്കാനും അങ്കുഷ് പിതാവിന്റെ ബിസിനസ് പങ്കാളിക്ക് സമാനമായ ഒരു ഭീഷണി സന്ദേശം അയച്ചതായി പൊലീസ് പറഞ്ഞു. കത്ത് ലഭിച്ചയുടനെ കുടുംബം പൊലീസില്‍ വിവരം അറിയിച്ചു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണു ഞെട്ടലോടെ പ്രതി ദിനേശ് അഗര്‍വാളിന്റെ മകന്‍ തന്നെയാണെന്ന് പൊലീസ് കണ്ടെത്തുന്നത്.

എല്ലാ മാവോയിസ്റ്റ് കേഡര്‍മാരുടെയും പേരുകള്‍ തെറ്റായി എഴുതിയതിനാല്‍ ഭീഷണി കത്തില്‍ ആധികാരികതയില്ലെന്ന് പൊലീസിനു ആദ്യം തന്നെ സംശയം തോന്നിയിരുന്നു. കത്തിന്റെ ഉള്ളടക്കവും ദുര്‍ബലമായിരുന്നു. കത്ത് ഹിന്ദിയിലാണ് എഴുതിയിരുന്നതെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുടുംബത്തെക്കുറിച്ച് വ്യക്തിപരമായ പരാമര്‍ശങ്ങള്‍ കൂടി കണ്ടതോടെ കള്ളന്‍ കപ്പലില്‍ തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. കുറ്റകൃത്യം സമ്മതിച്ചതിനെ തുടര്‍ന്ന് അങ്കുഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Tags:    

Similar News