ആകെ ശോകമൂകമായിരുന്ന മരണ വീട്; കരഞ്ഞ് തളർന്നിരുന്ന ഉറ്റവർ; പെട്ടെന്ന് മൃതദേഹത്തിന് അരികിൽ നിന്ന ഒരു സ്ത്രീയുടെ അസാധാരണ പെരുമാറ്റം ശ്രദ്ധിച്ചു; കുടുംബം പോലീസിനെ വിളിച്ചുവരുത്തിയതും അറസ്റ്റ്
ഹ്സിഞ്ചു: വായ്പ നൽകിയ പണം തിരികെ ലഭിക്കുമോ എന്ന ഭയം മൂലം മരിച്ചയാളുടെ വിരലടയാളം ശേഖരിക്കാൻ ശ്രമിച്ച 59-കാരിയെ തായ്‌വാനിൽ പോലീസ് അറസ്റ്റ് ചെയ്തു. വടക്കുപടിഞ്ഞാറൻ തായ്‌വാനിലെ ഹ്സിഞ്ചുവിലുള്ള ഒരു ശവസംസ്കാര കേന്ദ്രത്തിൽ വെച്ചാണ് ലി എന്ന സ്ത്രീയുടെ ഞെട്ടിക്കുന്ന പ്രവൃത്തി അധികൃതർ കണ്ടെത്തിയത്. ചൈനീസ് വാർത്താ ഏജൻസിയാണ് സംഭവം പുറത്തുവിട്ടത്.
മരിച്ചയാളായ പെങ്ങിന്റെ കുടുംബാംഗങ്ങൾ സംശയകരമായ രീതിയിൽ പെരുമാറുന്ന ലി എന്ന സ്ത്രീയെയാണ് ആദ്യം ശ്രദ്ധിച്ചത്. ശവസംസ്കാര ചടങ്ങുകൾക്കിടെ, ലി മൃതദേഹം സൂക്ഷിച്ചിരുന്നിടത്തേക്ക് വരികയും ആരും കാണാതെ മൃതദേഹത്തിന്റെ കൈ പിടിച്ച് വിരലടയാളം ശേഖരിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇത് കണ്ട ഒരു ശവസംസ്കാര കേന്ദ്രത്തിലെ ജീവനക്കാരൻ ഉടൻ തന്നെ പെങ്ങിന്റെ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു. കുടുംബാംഗങ്ങൾ ഇത് സ്ഥിരീകരിച്ചതോടെ പോലീസിനെ വിളിച്ചു. തുടർന്ന് ലി യെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.
പോലീസിന് നൽകിയ മൊഴിയിൽ, ലി താൻ പെങ്ങിന് വലിയൊരു തുക വായ്പ നൽകിയിരുന്നതായും, പെങ്ങിന്റെ മരണത്തോടെ ആ പണം നഷ്ടപ്പെടുമോ എന്ന് ഭയന്നാണ് വിരലടയാളം ശേഖരിക്കാൻ ശ്രമിച്ചതെന്നും സമ്മതിച്ചു. ഇതിലൂടെ പെങ്ങിന്റെ പേരിൽ ഒരു വ്യാജ പ്രോമിസറി നോട്ടും പണയ രേഖയും ചമച്ച് പണം തിരികെ നേടാനായിരുന്നു അവരുടെ ലക്ഷ്യം. ഫെബ്രുവരി 21-ന് പെങ്ങിന്റെ മരണവാർത്ത അറിഞ്ഞതിന് തൊട്ടുപിന്നാലെ, ഏകദേശം 8.5 ദശലക്ഷം തായ്‌വാൻ ഡോളറിന്റെ (ഏകദേശം 24,335,500 ഇന്ത്യൻ രൂപ) പ്രോമിസറി നോട്ടും വ്യാജ പണയ രേഖയും തയ്യാറാക്കി കൊണ്ടാണ് അവർ ശവസംസ്കാര കേന്ദ്രത്തിലെത്തിയത്.
ശവസംസ്കാര കേന്ദ്രത്തിലെത്തിയ ലി, താൻ പെങ്ങിന്റെ അടുത്ത സുഹൃത്താണെന്നും അവസാനമായി യാത്ര പറയാൻ വേണ്ടിയാണ് എത്തിയതെന്നും ജീവനക്കാരോട് പറയുകയായിരുന്നു. ഇതിനിടെയാണ് മൃതദേഹം സൂക്ഷിച്ചിരുന്ന വാഹനത്തിലേക്ക് പ്രവേശിച്ച് പെങ്ങിന്റെ വിരലടയാളം ഒരു കടലാസിലേക്ക് പകർത്താൻ ശ്രമിച്ചത്.
ഇതോടെ ഈ സംഭവം ചൈനയിലും തായ്‌വാനിലും വലിയ ചർച്ചകൾക്ക് വഴിതെളിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒരു വ്യക്തിയെ എത്രത്തോളം ക്രൂരമായ പ്രവർത്തികൾ ചെയ്യാൻ പ്രേരിപ്പിക്കാം എന്നതിനെക്കുറിച്ചാണ് പലരും സംസാരിക്കുന്നത്. സാമ്പത്തികമായ ഇടപാടുകളിൽ ബന്ധപ്പെട്ടവർ മരണപ്പെടുന്ന സാഹചര്യങ്ങളിൽ നിയമപരമായ സംരക്ഷണം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും ഇത് ചൂണ്ടിക്കാണിക്കുന്നു.