ഓട്ടത്തിനെടുത്തു കൊണ്ടു പോയ ഓട്ടോറിക്ഷ അപകടത്തില്‍പ്പെട്ടു; അറ്റകുറ്റപ്പണി നടത്തിക്കൊടുക്കാത്തത് ചോദ്യം ചെയ്ത ഉടമയെ കമ്പിവടിക്ക് തലയ്ക്ക് അടിച്ചു; മൂന്നു പേര്‍ അറസ്റ്റില്‍

Update: 2025-10-20 02:49 GMT

അടൂര്‍: ഓട്ടത്തിനെടുത്തു കൊണ്ടു പോയ ഓട്ടോറിക്ഷ അപകടത്തില്‍പ്പെട്ടത് നന്നാക്കി നല്‍കാത്തത് ചോദ്യം ചെയ്ത ഉടമയെ തലയ്ക്ക് കമ്പിവടി കൊണ്ട് അടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസില്‍ മൂന്നു പ്രതികളെ ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തു. വയല പുതുശേരിഭാഗംഅരുണ്‍ നിവാസില്‍ അഖില്‍ (28), കുളക്കട എം.എന്‍. നഗറില്‍ നിന്നും വള്ളികുന്നംപുത്തന്‍ചന്ത വിജയ ഭവനം വീട്ടില്‍ താമസിക്കുന്ന സൂരജ് സോമന്‍ (26), അടൂര്‍ മുന്നാളം മംഗലത്ത് പുത്തന്‍ വീട്ടില്‍ ഉണ്ണിക്കുട്ടന്‍ ( 25) എന്നിവരെയാണ് ഏനാത്ത് ഇന്‍സ്പെക്ടര്‍ എ. അനൂപിന്റെ നേതൃത്വത്തിലുളള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

പുതുശ്ശേരി ഭാഗം പ്രകാശ് ഭവനില്‍ പ്രകാശിനെ (42) യാണ് പ്രതികള്‍ ഒത്തുചേര്‍ന്ന് ആക്രമിച്ചത്. തലയ്ക്ക് പരുക്കേറ്റ പ്രകാശ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. പ്രകാശിന്റെ ഉടമസ്ഥതയില്‍ ഉള്ള ഓട്ടോറിക്ഷ കഴിഞ്ഞ ഓണത്തിന് തലേന്ന് ബന്ധുവും അയല്‍വാസിയുമായ അഖില്‍ ഓട്ടത്തിനായി വാങ്ങിക്കൊണ്ട് പോയിരുന്നു. തിരുവോണ ദിവസം കായംകുളത്ത് വച്ച് ഓട്ടോറിക്ഷ അപകടത്തില്‍പ്പെട്ട് കേടുപാടുകള്‍ സംഭവിച്ചു. ഓട്ടോ നന്നാക്കി കൊടുക്കുന്ന വിഷയം പറഞ്ഞ് ഇരുവരും തമ്മില്‍ പിണക്കത്തിലായിരുന്നു. ഓട്ടോറിക്ഷ പണിതു നല്‍കണമെന്നാവശ്യപ്പെട്ട് പ്രകാശ് അഖിലിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. തുടര്‍ന്നുളള വിരോധത്തില്‍ പ്രതികള്‍ ഒത്തുകൂടി പ്രകാശിന്റെ വീട്ടുമുറ്റത്തെത്തി ചീത്ത വിളിച്ചു. ചോദ്യം ചെയ്ത പ്രകാശിനെ ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്ക് അടിച്ച് പരുക്കേല്പിക്കുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ റിമാന്‍ഡ് ചെയ്തു. അന്വേഷണ സംഘത്തില്‍ എ.എസ്.ഐമാരായ ശിവപ്രസാദ്, രവികുമാര്‍, എസ്.സി.പി.ഒ സജികുമാര്‍ എന്നിവരും ഉണ്ടായിരുന്നു.

Similar News