22 കാരി ഗര്‍ഭം ധരിച്ചത് തന്റെ കുട്ടിയെ എന്ന് കാമുകന്‍; ഭര്‍ത്താവിന്റേതെന്ന് യുവതി; ഭര്‍ത്താവ് നോക്കി നില്‍ക്കെ കാമുകനുമായി തര്‍ക്കം; പിന്നാലെ കത്തിയുമായെത്തി ആക്രമണം; ഡല്‍ഹിയില്‍ ഇരട്ടക്കൊലപാതകത്തിന്റെ കാരണം പുറത്ത്

ഡല്‍ഹിയില്‍ ഇരട്ടക്കൊലപാതകത്തിന്റെ കാരണം പുറത്ത്

Update: 2025-10-20 04:53 GMT

ന്യൂഡല്‍ഹി: വിവാഹേതര ബന്ധത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഗര്‍ഭിണിയായ യുവതിയെ നടുറോഡില്‍ വച്ച് കുത്തിക്കൊലപ്പെടുത്തിയ കാമുകനെ തൊട്ടുപിന്നാലെ ഭര്‍ത്താവ് കൊലപ്പെടുത്തിയതിന്റെ കാരണം പുറത്ത്. ഗര്‍ഭത്തിലുള്ള കുട്ടിയുടെ പിതൃത്വത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. സെന്‍ട്രല്‍ ഡല്‍ഹിയിലെ രാം നഗറിലാണ് സംഭവം നടന്നത്. രണ്ട് പെണ്‍കുട്ടികളുടെ അമ്മയായ 22 കാരിയായ ശാലിനിയും ഇവരുമായി ലിവ് ഇന്‍ ബന്ധമുണ്ടായിരുന്ന ഒരു പ്രാദേശിക ഗുണ്ടയായിരുന്ന കാമുകന്‍ ആഷു എന്ന ശൈലേന്ദ്ര (34)യുമാണ് കൊല്ലപ്പെട്ടത്. ശൈലേന്ദ്രയുടെ ആക്രമണത്തില്‍ പരിക്കേറ്റ ഓട്ടോറിക്ഷാ ഡ്രൈവറായ ശാലിനിയുടെ ഭര്‍ത്താവ് ആകാശ് (23) നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

മരിച്ച ശാലിനി ഗര്‍ഭിണിയായിരുന്നു. ശാലിനി തന്റെ കുട്ടിയെയാണ് ഗര്‍ഭം ധരിച്ചതെന്നാണ് കാമുകനായ ആഷുവിന്റെ അവകാശവാദം. ശാലിനി ഭര്‍ത്താവിനൊപ്പം താമസിക്കുന്നതില്‍ ഇരുവരും തമ്മില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ശാലിനിയും ആകാശും തമ്മിലുള്ള ബന്ധം വഷളായ സമയത്താണ് ആഷുവുമായി ശാലിനി പ്രണയത്തിലാകുന്നത്. കുറച്ചുകാലം ഇരുവരും ഒന്നിച്ച് താമസിച്ചിരുന്നതായി ശാലിനിയുടെ അമ്മ പൊലീസിന് മൊഴി നല്‍കി.

ഇതിനിടെ ശാലിനിയും ആകാശും അനുരഞ്ജനത്തിലായി. ഇരുവരുടെയും രണ്ട് പെണ്‍മക്കളുമായി ഒരുമിച്ച് താമസിക്കാന്‍ തുടങ്ങി. ഇതാണ് ആഷുവിനെ പ്രകോചിപ്പിച്ചത്. ശാലിനി ഗര്‍ഭം ധരിച്ചത് തന്റെ കുട്ടിയെയാണെന്നാണ് ആഷുവിന്റെ വാദം. എന്നാല്‍ കുട്ടി ആകാശിന്റേതാണെന്ന് ശാലിനി തറപ്പിച്ചു പറഞ്ഞു. ഇതാണ് ക്രൂര ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം.

ഭര്‍ത്താവിനൊപ്പം ജീവിക്കരുതെന്ന ശൈലേന്ദ്രയുടെ തീരുമാനം ശാലിനി എതിര്‍ത്തതും പകയായി. ഗര്‍ഭസ്ഥ ശിശു തന്റേതാണെന്നും അതിനാല്‍ തനിക്കൊപ്പം ജീവിക്കണമെന്നും ആയിരുന്നു ശൈലേന്ദ്രയുടെ ആവശ്യം. ഇന്നലെ രാത്രി ആകാശും ശാലിനിയും ഖുതുബ് റോഡില്‍ ശാലിനിയുടെ അമ്മയെ കാണാന്‍ പോയപ്പോഴാണ് ആക്രമണം നടന്നത്. ശൈലേന്ദ്ര പെട്ടെന്ന് ദമ്പതികളുടെ മുന്നിലെത്തി ആകാശിനെ കത്തികൊണ്ട് ആക്രമിച്ചെങ്കിലും അയാള്‍ ഒഴിഞ്ഞുമാറി. തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ ഇരുന്ന ശാലിനിയുടെ ശരീരത്തില്‍ കത്തി പുറത്തെടുത്ത് പലതവണ കുത്തുകയായിരുന്നു.

ഭാര്യയെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ ആകാശിനും കുത്തേറ്റു. എന്നാല്‍ തന്നെ കുത്താന്‍ ഉപയോഗിച്ച കത്തി പിടിച്ചുവാങ്ങി ശൈലേന്ദ്രയെ ആകാശ് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ശാലിനിയുടെ സഹോദരന്‍ രോഹിത് ഉടന്‍ തന്നെ ദമ്പതികളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ശൈലേന്ദ്രയേയും അതേ ആശുപത്രിയില്‍ തന്നെ എത്തിച്ചു. എന്നാല്‍ ശാലിനിയുടെയും ശൈലേന്ദ്രയുടേയും ജീവന്‍ രക്ഷിക്കാനായില്ല.

ഭാര്യയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ആകാശിനു നിരവധി കുത്തേറ്റതായി ഡപ്യൂട്ടി പൊലീസ് കമ്മിഷണര്‍ നിധിന്‍ വല്‍സന്‍ പറഞ്ഞു. സംഭവം പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. ശാലിനിയുടെ അമ്മ ഷീലയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്.

Tags:    

Similar News