'കാണാതായ ഭാര്യയെ' എപ്പോള്‍ കണ്ടെത്തും? ഭാര്യയുടെ 'കൊലയാളിയെ' കണ്ടെത്തിയോ? 'ദൃശ്യം' നാല് തവണ കണ്ടശേഷം 'ഭര്‍ത്താവ്' നടത്തിയ ഓവര്‍ ആക്ടിങില്‍ പൊലീസിന് സംശയം; അവിഹിതം മറച്ചുവെയ്ക്കാന്‍ ഭാര്യയെ കൊലപ്പെടുത്തി ചൂളയിലിട്ട് കത്തിച്ച് ചാരം നദിയില്‍ ഒഴുക്കിയ 42കാരന്‍ അറസ്റ്റില്‍

Update: 2025-11-10 07:38 GMT

പൂനെ: അവിഹിതബന്ധം മറച്ചുവെക്കാനായി ഭാര്യയുടെ പേരില്‍ അവിഹിതം ആരോപിച്ച ശേഷം കൊലപ്പെടുത്തി ചൂളയിലിട്ട് കത്തിച്ച് ചാരം നദിയില്‍ ഒഴുക്കി തെളിവുകള്‍ നശിപ്പിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പുനെയിലെ ശിവാനെ ഏരിയയില്‍ താമസിച്ചിരുന്ന സ്വകാര്യ സ്‌കൂള്‍ അധ്യാപികയുമായ അഞ്ജലിയെ കൊലപ്പെടുത്തിയ കേസിലാണ് ഭര്‍ത്താവ് സമീര്‍ ജാദവ് (42) പിടിയിലായത്. അന്വേഷണത്തിന്റെ തുടക്കം മുതല്‍ പോലീസിന്റെ സംശയം തന്റെ നേര്‍ക്ക് തിരിയാതിരിക്കാന്‍ സമീര്‍ നടത്തിയ അഭിനയമാണ് കുരുക്കായത്.

38കാരിയായ അഞ്ജലിയെ കൊലപ്പെടുത്തി അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാനായി സമീര്‍ നിരാശ അഭിനയിച്ച് ആവര്‍ത്തിച്ച് പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. മാത്രമല്ല ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നു എന്ന് വരുത്തിത്തീര്‍ക്കാന്‍ അവരുടെ ഫോണില്‍ നിന്ന് അയാള്‍ മറ്റൊരു പുരുഷന് സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്തു. എന്നാല്‍, പോലീസിന്റെ അന്വേഷണത്തില്‍ സമീറിന്റെ ക്രൂരമായ പദ്ധതി തകര്‍ന്നടിയുകയായിരുന്നു. പിടിയിലായതിന് ശേഷം, അജയ് ദേവ്ഗണ്‍ അഭിനയിച്ച 'ദൃശ്യം' എന്ന സിനിമ നാല് തവണയെങ്കിലും കണ്ടതിന് ശേഷമാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് സമീര്‍ വെളിപ്പെടുത്തി.

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വിവരം പുറത്തുവരാതിരിക്കാന്‍ സമീര്‍ ജാദവ് പൊലീസിന് മുമ്പില്‍ കളിച്ച നാടകമാണ് ഇയാളെ കുടുക്കിയത്. കൊലപാതകശേഷം തെളിവ് ഇല്ലാതാക്കുന്നതില്‍ ദൃശ്യം സിനിമ സ്വാധീനിച്ചിട്ടുണ്ടെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. പൊലീസ് പിടിയിലായതിന് ശേഷവും ഇയാള്‍ അന്വേഷണം വഴി തെറ്റിക്കാന്‍ ശ്രമിച്ചു. ഭാര്യക്ക് മറ്റൊരാളുമായി ഉണ്ടായിരുന്ന അടുപ്പമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നായിരുന്നു ഇയാളുടെ ആദ്യ മൊഴി. എന്നാല്‍, അന്വേഷണത്തില്‍ ഇത് വ്യാജമാണെന്ന് തെളിഞ്ഞു. ജാവേദിന് മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടായിരുന്നു. അത് മറച്ചുവെയ്ക്കാനായി അഞ്ജലിയുടെ ഫോണില്‍ നിന്ന് ജാവേദ് തന്നെ ഒരു ആണ്‍ സുഹൃത്തിന് മെസേജ് അയക്കുകയായിരുന്നു.

കൊലപാതക ശേഷം ജാദവ് നേരിട്ടെത്തിയാണ് ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ പുരോഗതി അന്വേഷിക്കാന്‍ ഇടക്കിടയ്ക്ക് ഇയാള്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. പെരുമാറ്റത്തിലും മൊഴിയിലും സംശയം തോന്നിയ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ജാദവ് പിടിയിലായത്. 2017 ലാണ് സമീറും അഞ്ജലിയും വിവാഹിതരായത്. അഞ്ചിലും മൂന്നിലും പഠിക്കുന്ന രണ്ട് കുട്ടികളുമുണ്ട്. ഓട്ടോമൊബൈല്‍ ഡിപ്ലോമക്കാരനായ ജാദവ് ഒരു ഗാരേജ് നടത്തിവരികയായിരുന്നു.

കൊലപാതകത്തെ കുറിച്ച് ജാദവ് പൊലീസിനോട് പറഞ്ഞത് ഇങ്ങനെയാണ്- ഒക്ടോബര്‍ 26-ന് വാടകയ്ക്കെടുത്ത ഒരു ഗോഡൗണിലേക്ക് ജാദവ് ഭാര്യയെ കൊണ്ടുപോയി. 'പുതിയ ഗോഡൗണ്‍ കാണിച്ചുതരാം' എന്ന് പറഞ്ഞാണ് അവളെ അവിടേക്ക് കൊണ്ടുപോയത്. ഉള്ളില്‍ കടന്ന ശേഷം അയാള്‍ അഞ്ജലിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കുറ്റകൃത്യത്തിന്റെ തെളിവുകള്‍ നശിപ്പിക്കുന്നതിനായി അയാള്‍ നേരത്തെ തന്നെ അവിടെ ഒരു ഇരുമ്പ് ചൂള നിര്‍മ്മിച്ചിരുന്നു. തുടര്‍ന്ന് സമീര്‍ അഞ്ജലിയുടെ മൃതദേഹം ചൂളയിലിട്ട് കത്തിക്കുകയും ചാരം അടുത്തുള്ള നദിയില്‍ ഒഴുക്കുകയും ചെയ്തു. സംഭവം നടക്കുമ്പോള്‍ ദീപാവലി അവധിക്കായി ഇവരുടെ കുട്ടികള്‍ നാട്ടിലായിരുന്നു.

ഭാര്യയുടെ ചാരിത്ര്യത്തില്‍ സംശയം ഉണ്ടായതിനാലാണ് ജാദവ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് ആദ്യം കരുതിയത്. എന്നാല്‍, ജാദവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നുവെന്ന് പിന്നീട് അന്വേഷണത്തില്‍ തെളിഞ്ഞു. തന്റെ പദ്ധതി ഉറപ്പിക്കുന്നതിനും ഭാര്യയുടെ സ്വഭാവത്തില്‍ സംശയം ജനിപ്പിക്കുന്നതിനുമായി സമീര്‍ അഞ്ജലിയുടെ ഫോണില്‍ നിന്ന് തന്റെ ഒരു സുഹൃത്തിന് 'ഐ ലവ് യൂ' എന്ന് സന്ദേശം അയയ്ക്കുകയും, ശേഷം അതിന് സ്വയം മറുപടി നല്‍കുകയും ചെയ്തു. അതുവഴി ഭാര്യക്ക് അവിഹിത ബന്ധമുണ്ടായിരുന്നു എന്ന് വ്യാജ ഡിജിറ്റല്‍ തെളിവുണ്ടാക്കാനാണ് അയാള്‍ ശ്രമിച്ചത്.

കൊലപാതകത്തിന് ശേഷം, ഭാര്യയെ കാണാനില്ലെന്ന് പരാതി നല്‍കാന്‍ സമീര്‍ പോലീസ് സ്റ്റേഷനിലെത്തി. പിന്നീട്, 'കാണാതായ ഭാര്യയെ' എപ്പോള്‍ കണ്ടെത്തുമെന്നും 'കൊലയാളിയെ' കണ്ടെത്താനുള്ള അന്വേഷണത്തില്‍ എന്ത് പുരോഗതിയുണ്ടായെന്നും ഉത്കണ്ഠയോടെ ചോദിച്ച് അയാള്‍ സ്റ്റേഷനില്‍ വരുന്നത് തുടര്‍ന്നു. എന്നാല്‍, ഈ അഭിനയം അയാളെ സഹായിക്കുന്നതിന് പകരം പോലീസില്‍ സംശയം ജനിപ്പിക്കുകയാണ് ഉണ്ടായത്. സമീര്‍ ജാദവിന്റെ തുടര്‍ച്ചയായുള്ള ചോദ്യം ചെയ്യലുകള്‍, സിസിടിവി ദൃശ്യങ്ങളുടെ വിശകലനം, വിശദമായ സാങ്കേതിക അന്വേഷണം എന്നിവയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഒടുവില്‍ കേസ് തെളിയിച്ചതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ സംഭാജി കദം പറഞ്ഞു.

സമീറിന്റെ മൊഴികളും സാങ്കേതിക തെളിവുകളും തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പോലീസ് അയാളെ തീവ്രമായ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചു. ഒടുവില്‍ അയാള്‍ കുറ്റം സമ്മതിക്കുകയും ദൃശ്യം സിനിമയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇത് ചെയ്തതെന്ന് വെളിപ്പെടുത്തുകയും ചെയ്തു. പ്രതിക്കെതിരെ വാര്‍ജെ മാല്‍വാഡി പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, കൂടുതല്‍ അന്വേഷണത്തിനായി കേസ് രാജ്ഗഡ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

Tags:    

Similar News