മംഗല്യഭാഗ്യം ലഭിക്കുന്നതിനായി കുലദൈവത്തെ പ്രീതിപ്പെടുത്തണം; സഹോദരിയുടെ 16 ദിവസം മാത്രമുള്ള കുഞ്ഞിനെ ചവിട്ടിക്കൊന്നു: നാല് യുവതികള്‍ അറസ്്റ്റില്‍

16 ദിവസം മാത്രമുള്ള കുഞ്ഞിനെ ചവിട്ടിക്കൊന്നു: നാല് യുവതികള്‍ അറസ്്റ്റില്‍

Update: 2025-11-16 02:56 GMT

മംഗല്യഭാഗ്യം ലഭിക്കുന്നതിന് കുലദൈവത്തെ പ്രീതിപ്പെടുത്താന്‍ സഹോദരിയുടെ 16 ദിവസം പ്രായമുള്ള കുഞ്ഞിനെ നാല് യുവതികള്‍ ചേര്‍ന്ന് ചവിട്ടിക്കൊന്നു. വിവാഹം നടക്കാന്‍ ദേവപ്രീതി ലഭിക്കുന്നതിനു വേണ്ടിയാണ് നാല് സഹോദരിമാര്‍ ചേര്‍ന്ന് നവജാത ശിശുവിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. രാജസ്ഥാനിലെ ജോധ്പുരിലാണ് സംഭവം. കുലദൈവമായ ഭേരുവിനെ പ്രീതിപ്പെടുത്തുന്നതിനായാണ് സ്വന്തം സഹോദരിയുടെ കുഞ്ഞിനെ ഇവര്‍ ക്രൂരമായി കൊലപ്പെടുത്തിയത്.

കുഞ്ഞിന്റെ അമ്മ കുളിക്കുന്നതിനായി പോയ സമയത്തായിരുന്നു യുവതികള്‍ ചേര്‍ന്ന് മന്ത്രവാദം ചെയ്ത ശേഷം കുഞ്ഞിനെ കൊലപ്പെടുത്തിയത്. കുഞ്ഞിന്റെ കയ്യും കാലും തല്ലിയൊടിച്ചിരുന്നുവെന്നും കഴുത്തില്‍ ചവിട്ടിപ്പിടിച്ചാണ് കൊന്നതെന്നും മുടി പിഴുതെടുത്തിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. കുടുബത്തിന്റെ പരാതിയില്‍ നാലു യുവതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. നവജാത ശിശുവിനെ കുലദൈവത്തിന് കുരുതി കൊടുത്താല്‍ വിവാഹം വേഗത്തില്‍ നടക്കുമെന്ന് ആരോ ഉപദേശിച്ചെന്നും ഇതോടെയാണ് ക്രൂരതയ്ക്ക് മുതിര്‍ന്നതെന്നും പൊലീസ് പറയുന്നു.

മരണത്തിന് മുമ്പ് അതിക്രൂരമായ മര്‍ദനമാണ് കുഞ്ഞിന് ഏല്‍ക്കേണ്ടി വന്നതെന്നാണ് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുവതികളിലൊരാള്‍ കുഞ്ഞിനെ മടിയില്‍ വച്ച് മന്ത്രങ്ങള്‍ ഉരുവിടുന്നതിന്റെയും ചുറ്റും നിന്ന സഹോദരിമാര്‍ അത് ഏറ്റുചൊല്ലുന്നതിന്റെയും വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. വിവാഹം ശരിയാകാത്തതില്‍ യുവതികള്‍ അസ്വസ്ഥരായിരുന്നുവെന്നും വിവാഹാലോചന കൊണ്ടുവരണമെന്ന് ബന്ധുക്കളോട് ആവശ്യപ്പെടിരുന്നതായും കൊല്ലപ്പെട്ട കുഞ്ഞിന്റെ പിതാവായ യുവാവ് പറഞ്ഞു.

അതേസമയം യുവതികള്‍ പതിവായി ദുര്‍മന്ത്രവാദം ചെയ്തുവരുന്നവരാണെന്നും ഇതിനായി ഉപയോഗിക്കുന്ന നാരങ്ങയും മുളകുമെല്ലാം പൂജയ്ക്ക് ശേഷം ഇവര്‍ വഴിയില്‍ ഉപേക്ഷിക്കാറുണ്ടെന്നും അയല്‍വാസികള്‍ പൊലീസില്‍ മൊഴി നല്‍കി. കുഞ്ഞിന്റെ പിതാവിന്റെ പരാതിയില്‍ യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി വരികയാണ്.

Tags:    

Similar News