വോട്ടെടുപ്പിന് മണിക്കൂറുകള്‍ ശേഷിക്കെ ലീഗ് വനിത സ്ഥാനാര്‍ഥിയെ കാണാനില്ല; ഫോണില്‍ വിളിച്ചപ്പോള്‍ 'കോളുകള്‍ സ്വീകരിക്കുന്നില്ല' എന്ന് മറുപടി; സി.പി.എം തട്ടിക്കൊണ്ടുപോയെന്ന് ലീഗ് നേതൃത്വം; പൊലീസില്‍ പരാതി നല്‍കി മാതാവ്

Update: 2025-12-09 09:18 GMT

തലശ്ശേരി: തദ്ദേശതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് മണിക്കൂറുകള്‍ ശേഷിക്കെ മുസ്ലീം ലീഗ് സ്ഥാനാര്‍ഥിയെ കാണാനില്ലെന്ന് പരാതി. ചൊക്ലി ഗ്രാമപഞ്ചായത്ത് ഒമ്പതാം വാര്‍ഡ് കാഞ്ഞിരത്തിന്‍കീഴിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായ മുസ്‌ലിംലീഗിലെ ടി.പി. അര്‍വയെയാണ് കാണാതായത്. പത്രികാസമര്‍പ്പണം മുതല്‍ വീടുകയറിയും മറ്റും സജീവമായിരുന്ന സ്ഥാനാര്‍ഥിയാണ് മൂന്നുദിവസമായി മറഞ്ഞിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ സൈറ്റില്‍ നല്‍കിയിരിക്കുന്ന ഫോണ്‍നമ്പറില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചങ്കിലും 'കോളുകള്‍ സ്വീകരിക്കുന്നില്ല' എന്ന മറുപടിയാണ് ലഭിക്കുന്നത്. തങ്ങളുടെ സ്ഥാനാര്‍ഥിയെ സി.പി.എം തട്ടിക്കൊണ്ടുപോയതാണെന്ന് മുസ്‌ലിം ലീഗ് നേതൃത്വം ആരോപിച്ചു. അതേസമയം, സമൂഹമാധ്യമങ്ങളില്‍ പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ഇത് വസ്തുതാവിരുദ്ധമാണെന്ന് ലീഗ് നേതൃത്വം പറഞ്ഞു.

പത്രികാസമര്‍പ്പണം മുതല്‍ വീടുകയറിയും മറ്റും സജീവമായിരുന്ന സ്ഥാനാര്‍ഥിയെ ഇക്കഴിഞ്ഞ ആറാം തീയതി മുതലാണ് കാണാതായത്. ശക്തമായ പോരാട്ടം നടക്കുന്ന വാര്‍ഡാണിത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതുമുതല്‍ തങ്ങളുടെ സ്ഥാനാര്‍ഥികളെ പിന്‍വലിക്കാന്‍ സി.പി.എം പല കുതന്ത്രങ്ങളും പയറ്റിയിട്ടുണ്ടെന്നും ഇപ്പോള്‍ ഒമ്പതാം വാര്‍ഡ് സ്ഥാനാര്‍ഥിയെ അവര്‍ ഹൈജാക് ചെയ്തതാണെന്നും മുസ്‌ലിം ലീഗ് ചൊക്ലി പഞ്ചായത്ത് സെക്രട്ടറി പി.കെ. റഫീഖ് പറഞ്ഞു.

മകളെ സിപിഎം പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയി തടങ്കലിലാക്കിയെന്ന് കാണിച്ച് മാതാവ് ചൊക്ലി പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതി

മകളെ സിപിഎം പ്രവര്‍ത്തകര്‍ തടങ്കലിലാക്കിയെന്ന് സംശയിക്കുന്നതായി അറുവയുടെ മാതാവ് പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി ചൊക്ലി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതായും ഇവര്‍ അറിയിച്ചു.

രണ്ടുദിവസമായി വീട്ടില്‍ നിന്നിറങ്ങിയ അര്‍വയെ നിരന്തരം ഫോണില്‍ വിളിച്ച് ബന്ധപ്പെട്ടിട്ടും കിട്ടിയില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സിപിഎം പ്രവര്‍ത്തകരുടെ തടങ്കലിലാണെന്ന് സംശയിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി അര്‍വയെ കണ്ടെത്താനുള്ള നടപടി സ്വീകരിക്കണമെന്ന് ചൊക്ലി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.

വിഷയത്തില്‍ ഇടതുമുന്നണിക്ക് പങ്കില്ലെന്നും സ്ഥാനാര്‍ഥിയുടെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെട്ട് വിവാദമുയര്‍ത്തുന്നത് ശരിയല്ലെന്നും സിപിഎം ലോക്കല്‍ സെക്രട്ടറി ടി. ജയേഷ് പ്രതി കരിച്ചു. സ്ഥാനാര്‍ഥിയെ പാര്‍ട്ടി ഒളിപ്പിച്ചെന്നാണ് കരുതുന്നതെങ്കില്‍ അതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് ചൊക്ലി പോലീസ് അറിയിച്ചു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ നടത്തിയ അന്വേഷണത്തില്‍ സ്ഥാനാര്‍ഥിയെ സുഹൃത്തിന്റെ വീട്ടില്‍ കണ്ടിരുന്നതായി റിപ്പോര്‍ട്ടുണ്ട്.

Similar News