കേരളത്തിലും ബംഗളൂരു കേന്ദ്രീകരിച്ച് കര്‍ണാടകയിലും മയക്കുമരുന്നു വിപണനം നടത്തുന്ന സംഘത്തില്‍പ്പെട്ട നൈജീരിയന്‍ സ്വദേശി; മുഹമ്മദ് ജാമിയു അബ്ദു റഹീം അന്തര്‍ദേശീയ മയക്കുമരുന്നു ശൃംഖലയിലെ കണ്ണി; ഡല്‍ഹിയില്‍ നിന്നും പിടികൂടി വയനാട്ടിലെ എക്‌സൈസ്

Update: 2025-12-12 05:28 GMT

കല്പറ്റ: അന്തര്‍ദേശീയ മയക്കുമരുന്നു ശൃംഖലയിലെ കണ്ണിയെ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വയനാട്ടില്‍നിന്നുള്ള എക്സൈസ് സംഘം അറസ്റ്റുചെയ്തു. കേരളത്തിലും ബംഗളൂരു കേന്ദ്രീകരിച്ച് കര്‍ണാടകയിലും മയക്കുമരുന്നു വിപണനം നടത്തുന്ന സംഘത്തില്‍പ്പെട്ട നൈജീരിയന്‍ സ്വദേശി മുഹമ്മദ് ജാമിയു അബ്ദു റഹീമാണ് പിടിയിലായത്.

അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ വൈ. പ്രസാദ്, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി. ഷറഫുദ്ദീന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി.എസ്. സുഷാദ്, സി.എം. ബേസില്‍, പി.എന്‍. ശ്രീജമോള്‍, പി.എം. സിനി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.

വയനാട്ടില്‍ രജിസ്റ്റര്‍ ചെയ്തതില്‍ ഏതാനും ലഹരിക്കേസുകളിലെ പ്രതികള്‍ പണം കൈപ്പറ്റി മയക്കുമരുന്ന് ലഭ്യമാക്കുന്നത് മുഹമ്മദ് ജാമിയു അബ്ദുറഹീമാണെന്നു മൊഴി നല്‍കിയിരുന്നു. രണ്ട് മാസമായി ഇയാള്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. നേരത്തേ അന്വേഷണസംഘം ഡല്‍ഹിയില്‍ എത്തിയപ്പോഴേക്കും പ്രതി എത്യോപ്യ വഴി നൈജീരിയയിലേക്ക് കടന്നിരുന്നു. പിന്നീട് ഇയാളുടെ പേരില്‍ വയനാട് ജില്ലാ പോലീസ് സൂപ്രണ്ട് ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. പ്രതിയെ തന്ത്രപൂര്‍ണം ഇന്ത്യയില്‍ എത്തിച്ച് ബ്യൂറോ ഓഫ് എമിഗ്രേഷന്റെ സഹായത്തോടെയാണ് അറസ്റ്റു ചെയ്തത്.

പ്രതി മാസം രണ്ട് തവണ നൈജീരിയയില്‍ പോയിവരാറുണ്ടെന്നും സ്ഥിരമായ ഇടവേളകളില്‍ ഒരേ ഫ്ളൈറ്റിലാണ് യാത്രയെന്നും അന്വേഷണസംഘം മനസിലാക്കിയിരുന്നു. സെന്‍ട്രല്‍ ഐബിയുടെ സഹായവും അന്വേഷണസംഘത്തിന് മുതല്‍ക്കൂട്ടായി. പട്യാല കോടതിയുടെ അനുമതിയോടെ സിഐഎസ്എഫ് സുരക്ഷയില്‍ വിമാനമാര്‍ഗം ബംഗളൂരുവില്‍ എത്തിച്ച പ്രതിയെ റോഡ് മാര്‍ഗമാണ് വയനാട്ടില്‍ കൊണ്ടുവന്നത്. പ്രതിയെ ഇന്ന് കല്‍പ്പറ്റ എന്‍ഡിപിഎസ് കോടതിയില്‍ ഹാജരാക്കും.

Similar News