വിനോദയാത്രയില്‍ വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറി; പരാതി നല്‍കിയതിന്റെ വൈരാഗ്യത്തില്‍ പ്ലസ് ടു വിദ്യാര്‍ഥികളെ വിളിച്ചുവരുത്തി ക്രൂരമായി മര്‍ദിച്ച് അധ്യാപകനും സുഹൃത്തുക്കളും; കേസെടുത്ത് പൊലീസ്; അധ്യാപകനെതിരെ ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകള്‍
പയ്യന്നൂര്‍: കണ്ണൂര്‍ പഴയങ്ങാടിയില്‍ പ്ലസ് ടു വിദ്യാര്‍ഥികളെ അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന പരാതിയില്‍ കേസ്. കണ്ണൂര്‍ പയ്യന്നൂര്‍ ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ താല്‍ക്കാലിക അധ്യാപകന്‍ പുതിയങ്ങാടി സ്വദേശി ലിജോ ജോണിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. വിനോദയാത്രയ്ക്കിടെ തര്‍ക്കമുണ്ടായതിലെ വൈരാഗ്യമാണ് മര്‍ദനത്തിനു കാരണമെന്നാണ് പൊലീസ് പറയുന്നത്. പ്രശ്‌നം പറഞ്ഞുതീര്‍ക്കാന്‍ എന്ന പേരില്‍ ലിജോ ജോണ്‍ വിദ്യാര്‍ഥികളെ പഴയങ്ങാടിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് ലിജോ ജോണും സുഹൃത്തുക്കളും ചേര്‍ന്ന് വളഞ്ഞിട്ട് അടിച്ചെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം. നാലു പേര്‍ ചേര്‍ന്ന് ഇരുട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് മര്‍ദിച്ചത്. വടി ഉപയോഗിച്ചും അടിച്ചു. തിരിച്ച് വീട്ടിലെത്തിയപ്പോള്‍ മര്‍ദനമേറ്റ പാടുകള്‍ കണ്ടതിനെ തുടര്‍ന്ന് വീട്ടുകാരാണ് വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരുക്കേറ്റ മൂന്ന് വിദ്യാര്‍ഥികള്‍ തൃക്കരിപ്പൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഈ മാസം അഞ്ചിനാണ് പയ്യന്നൂര്‍ ഗവ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും ട്രെയിനി അധ്യാപകനായ ലിജോയും വിനോദയാത്ര പോയത്. ഇതിനിടെ ലിജോ പെണ്‍കുട്ടികളോട് മോശമായി പെരുമാറിയെന്നാരോപിച്ച് പ്രശ്‌നം ഉണ്ടായിരുന്നു. ഇത് പരാതി നല്‍കുന്നതിലെ വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പഴയങ്ങാടി പൊലീസ് അന്വേഷണം തുടരുകയാണ്.