ക്ലാസ് മുറിയില്‍ വട്ടത്തിലിരുന്ന് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനികളുടെ മദ്യപാനം; സഹപാഠി പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്ത്; ആറ് വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്
ചെന്നൈ: തിരുനെല്‍വേലി പാളയംകോട്ടയിലെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളിലെ ക്ലാസ് മുറിയില്‍ വട്ടംകൂടിയിരുന്ന് ഒന്‍പതാം ക്ലാസ്സുകാരായ വിദ്യാര്‍ഥിനികള്‍ മദ്യപിച്ച സംഭവത്തില്‍ അന്വേഷണം. സമൂഹമാധ്യമങ്ങളില്‍ ഈ ദൃശ്യങ്ങള്‍ പ്രചരിച്ചതിനു പിന്നാലെ ആറ് വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു. ഇതുസംബന്ധിച്ച അന്വേഷണത്തിന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. തിരുനെല്‍വേലി മുഖ്യ വിദ്യാഭ്യാസ ഓഫീസര്‍ എം. ശിവകുമാറിനാണ് അന്വേഷണച്ചുമതല. ക്ലാസ് മുറിയില്‍ വട്ടത്തിലിരുന്നായിരുന്നു പെണ്‍കുട്ടികളുടെ കൂട്ട മദ്യപാനം.
പ്ലാസ്റ്റിക് ഗ്ലാസിലാണ് മദ്യം ഒഴിച്ചു കുടിച്ചത്. ക്ലാസ് മുറിയില്‍ ഉണ്ടായിരുന്ന മറ്റൊരു പെണ്‍കുട്ടി ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചു. 6 വിദ്യാര്‍ഥിനികളെ സസ്‌പെന്‍ഡ് ചെയ്‌തെന്നും എന്നാല്‍, പരീക്ഷ എഴുതാന്‍ അനുവദിക്കുമെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.
കൗണ്‍സിലിങ് നല്‍കി
തിരുനെല്‍വേലി പാളയംകോട്ടയിലെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളിലെ വിദ്യാര്‍ഥിനികളാണ് ക്ലാസ്മുറിയില്‍ വട്ടമിട്ടിരുന്ന് മദ്യപിച്ചത്. യൂണിഫോണില്‍ ക്ലാസ്മുറിയിലെ തറയില്‍ വട്ടമിട്ടിരുന്ന് വിദ്യാര്‍ഥിനികള്‍ ഗ്ലാസുകളില്‍ മദ്യം ഒഴിക്കുന്നതും തുടര്‍ന്ന് വെള്ളം ചേര്‍ത്ത് കുടിക്കുന്നതുമാണ് ദൃശ്യങ്ങളിലുണ്ടായിരുന്നത്. വിദ്യാര്‍ഥിനികളിലൊരാള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തിയ ഈ വീഡിയോ പിന്നീട് പുറത്താവുകയും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുകയുമായിരുന്നു.
സ്‌കൂള്‍ അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ വിദ്യാര്‍ഥിനികള്‍ മദ്യപിച്ചതായി സ്ഥിരീകരിച്ചു. ഇതിനുപിന്നാലെയാണ് വിദ്യാര്‍ഥിനികളെ സസ്പെന്‍ഡ് ചെയ്തത്. വിദ്യാര്‍ഥിനികള്‍ക്ക് കൗണ്‍സിലിങ് നല്‍കിയതായും ഇവര്‍ക്ക് അര്‍ധവാര്‍ഷിക പരീക്ഷ എഴുതാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. കുട്ടികള്‍ക്ക് മദ്യം ലഭിച്ചത് എവിടെ നിന്നെന്ന് കണ്ടെത്തിയിട്ടില്ല. മദ്യമൊഴുക്കുന്ന സര്‍ക്കാരാണ് തിരുനെല്‍വേലി സംഭവത്തിന്റെ ഉത്തരവാദികളെന്നാണ് പ്രതിപക്ഷ കക്ഷികളുടെ ആരോപണം.
അതേസമയം, വിദ്യാര്‍ഥിനികള്‍ക്ക് ആരാണ് മദ്യം നല്‍കിയതെന്ന് അന്വേഷിക്കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. സംഭവസമയം ക്ലാസില്‍ അധ്യാപകര്‍ ഇല്ലാതിരുന്നെന്നും അധ്യാപകരോ ജീവനക്കാരോ ഇതൊന്നും ശ്രദ്ധിച്ചില്ലെന്നും രക്ഷിതാക്കള്‍ക്ക് ആക്ഷേപമുണ്ട്. സംഭവത്തില്‍ വിദ്യാര്‍ഥിനികള്‍ക്ക് മദ്യം നല്‍കിയത് ആരാണെന്നത് ഉള്‍പ്പെടെ അന്വേഷിക്കുമെന്ന് വിദ്യാഭ്യാസ ഓഫീസറും വ്യക്തമാക്കി.
അതിനിടെ, സംഭവത്തില്‍ ഡിഎംകെ സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി പിഎംകെ നേതാവ് അന്‍പുമണി രാംദാസ് രംഗത്തെത്തി. ഡിഎംകെ സര്‍ക്കാര്‍ യുവതലമുറയെ മദ്യത്തിന് അടിമകളാക്കുകയാണെന്നും സര്‍ക്കാര്‍ കൈയെത്തും ദൂരത്ത് മദ്യം ലഭ്യമാക്കുമ്പോള്‍ അത് കൗമാരക്കാരെ പ്രലോഭിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു വിദ്യാര്‍ഥി രണ്ടുകിലോമീറ്റര്‍ ദൂരം താണ്ടി സ്‌കൂളിലേക്ക് പോകുമ്പോള്‍ അതിനുള്ളില്‍ രണ്ടോ മൂന്നോ മദ്യശാലകളുള്ള സാഹചര്യമാണ് തമിഴ്നാട് സര്‍ക്കാര്‍ സൃഷ്ടിച്ചിരിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
