ഷൂട്ടിംഗിനായി മൈസൂരുവിലേക്കുള്ള യാത്രയ്ക്കിടെ സിനിമ സീരിയല്‍ താരം ചൈത്രയെ തട്ടിക്കൊണ്ടുപോയി; ക്വട്ടേഷന്‍ നല്‍കിയത് വിവാഹ മോചിതനായ ഭര്‍ത്താവ്; ഇവരുടെ കുട്ടിയെ വിട്ടുകിട്ടാന്‍ വേണ്ടിയെന്ന് പൊലീസ്; സഹോദരിയുടെ പരാതിയില്‍ കേസെടുത്തു
ബെംഗളൂരു: ബംഗളൂരുവില്‍ വിവാഹ മോചിതനായ ഭര്‍ത്താവ് മകളുടെ സംരക്ഷണം ആവശ്യപ്പെട്ട് കന്നഡ സിനിമ സീരിയല്‍ താരം ചൈത്രയെ തട്ടിക്കൊണ്ടുപോയതായി പരാതി. ഷൂട്ടിംഗിനായി മൈസുരുവിലേക്കുള്ള യാത്രയ്ക്കിടെ സീരിയല്‍-ചലച്ചിത്ര നടിയായ ചൈത്ര ആറിനെയാണ് തട്ടിക്കൊണ്ട് പോയത്. ഭര്‍ത്താവും നിര്‍മാതാവുമായ ഹര്‍ഷവര്‍ധന്റ നിര്‍ദേശാനുസരണമാണ് ക്വട്ടേഷന്‍ സംഘം ചൈത്രയെ തട്ടിക്കൊണ്ടുപോയത്. നടിയുടെ സഹോദരി ലീല ആര്‍ ആണ് പരാതി നല്‍കിയത്. ഏഴെട്ട് മാസങ്ങളായി കുടുംബപരമായ തര്‍ക്കങ്ങളെത്തുടര്‍ന്ന് ദമ്പതികള്‍ പിരിഞ്ഞുകഴിയുകയായിരുന്നു.
നടിയുടെ ഭര്‍ത്താവ് ഹര്‍ഷവര്‍ദ്ധന്‍ ഹാസനില്‍ ആണ് താമസിക്കുന്നത്. ചൈത്ര ഒരു വയസ്സുള്ള മകളുമായി മാഗഡി റോഡിലെ ഒരു വാടക വീട്ടിലുമാണ് താമസിച്ച് വന്നിരുന്നത്. 2023-ലായിരുന്നു ഇവരുടെ വിവാഹം. വിവാഹബന്ധം വേര്‍പെടുത്തിയതിനു ശേഷവും ചൈത്ര സീരിയലില്‍ അഭിനയിച്ചിരുന്നു. ഡിസംബര്‍ 7 ന്, ഷൂട്ടിംഗിനായി മൈസൂരുവിലേക്ക് പോയിരുന്നതായി കുടുംബം പറഞ്ഞു. ഈ യാത്രയ്ക്കിടെ ഹര്‍ഷവര്‍ദ്ധന്‍ തട്ടിക്കൊണ്ടുപോകല്‍ നടപ്പാക്കിയെന്നാണ് ആരോപണം.
ദാമ്പത്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കുറച്ചുകാലമായി വേര്‍പിരിഞ്ഞു കഴിയുകയായിരുന്നു ചൈത്രയും ഹര്‍ഷവര്‍ധനും. മകളുടെ സംരക്ഷണം തനിക്ക് ലഭിക്കാന്‍ വേണ്ടിയാണ് ചൈത്രയെ തട്ടിക്കൊണ്ടുപോകാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്ന് പൊലീസ് അറിയിച്ചു. ഡിസംബര്‍ 7ന് മൈസൂരുവിലേക്ക് ഷൂട്ടിങിനായി പോകവെയാണ് ഹര്‍ഷവര്‍ധന്റെ നിര്‍ദേശാനുസരണം കൗശിക്ക് കൃത്യം നടത്തിയത്. തട്ടിക്കൊണ്ടുപോകലിനായി 20,000 രൂപ അഡ്വാന്‍സായി നല്‍കിയതായും ആരോപിക്കപ്പെടുന്നു. മൈസൂരു റോഡ് മെട്രോ സ്റ്റേഷന് സമീപത്തു വച്ച് ചൈത്രയെ ബലമായി കാറില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു.
ഹര്‍ഷവര്‍ദ്ധന്‍ ചൈത്രയുടെ അമ്മയെ വിളിക്കുകയും കുട്ടിയെ താന്‍ പറയുന്ന സ്ഥലത്ത് എത്തിച്ചാല്‍ ചൈത്രയെ വിട്ടുതരാമെന്ന് അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് കുട്ടിയെ അര്‍സികെരെയിലേക്ക് കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു, പിന്നാലെ ചൈത്രയെ സുരക്ഷിതമായി വിട്ടയക്കുമെന്ന് അറിയിക്കുകയായിരുന്നു. സംഭവത്തില്‍ ചൈത്രയുടെ കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് കേസ് എടുത്തിട്ടുണ്ട്.
