കടം വാങ്ങിയത് ഒരു ലക്ഷം രൂപ; പലിശയും കൂട്ടുപലിശയും അടക്കം തിരികെ നല്‍കേണ്ടത് 74 ലക്ഷം രൂപ; രണ്ട് ഏക്കര്‍ കൃഷിഭൂമിയും ട്രാക്ടറും സ്വര്‍ണവും വാഹനങ്ങളുമെല്ലാം വിറ്റിട്ടും കടം തീര്‍ന്നില്ല: ഒടുവില്‍ കിഡ്‌നി വിറ്റി കടം തീര്‍ത്ത് കര്‍ഷകന്‍
കടം വാങ്ങിയത് ഒരു ലക്ഷം രൂപ; പലിശയും കൂട്ടുപലിശയും അടക്കം തിരികെ നല്‍കേണ്ടത് 74 ലക്ഷം
ചന്ദ്രപൂര്‍: കടം വാങ്ങിയ ഒരു ലക്ഷം രൂപ തിരിച്ചടയ്ക്കാനായി സ്വന്തം കിഡ്‌നി വിറ്റ് കര്‍ഷകന്‍. മഹാരാഷ്ട്രയിലെ ചന്ദ്രപൂര്‍ സ്വദേശിയായ റോഷന്‍ സദാശിവ് കൂഡെയാണ് കടം വീട്ടാനായി സ്വന്തം കിഡ്‌നി വിറ്റത്. കടം വാങ്ങിയ ഒരു ലക്ഷം രൂപയ്ക്ക് പകരം പലിശയും കുട്ടുപലിശയും അടക്കം 74 ലക്ഷം രൂപയാണ് കടം നല്‍കിയവര്‍ ഭീഷണിപ്പെടുത്തി തിരികെ വാങ്ങിയത്. കടം വാങ്ങിയ പണം തിരികെ നല്‍കാന്‍ കഴിയാതെ വന്നതോടെ രണ്ട് ഏക്കര്‍ കൃഷിഭൂമിയും ട്രാക്ടറും സ്വര്‍ണവും വാഹനങ്ങളുമെല്ലാം വിറ്റ് പണം നല്‍കിയെങ്കിലും കടം തീര്‍ന്നില്ലെന്നാണ് പലിശക്കാര്‍ പറഞ്ഞത്.
ഇതോടെ ഇവര്‍ റോഷനെ ഭീഷണിപ്പെടുത്തുകയും ശല്യം ചെയ്യുകയും ആയിരുന്നു. ഭയന്നു പോയ യുവാവിനെ കിഡ്‌നി വില്‍ക്കാന്‍ പ്രേരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. കൃഷിയില്‍ തുടര്‍ച്ചയായി നഷ്ടം വന്നപ്പോഴാണ് മറ്റൊരു കച്ചവടം തുടങ്ങാമെന്ന് റോഷന്‍ കരുതിയത്. ഇതിനായി രണ്ട് പശുക്കളെ വാങ്ങാന്‍ തീരുമാനിച്ചതോടെയാണ് തീരാക്കടത്തിലായത്. പണം കടം കൊടുക്കുന്ന രണ്ടുപേരില്‍ നിന്നായി 50,000 രൂപ വീതമാണ് വാങ്ങിയത്. കച്ചവടം തുടങ്ങിയതിന് ശേഷം മടക്കി നല്‍കാമെന്ന ഉറപ്പിലായിരുന്നു പണം കടം വാങ്ങിയത്. എന്നാല്‍ കച്ചവടം തുടങ്ങുന്നതിനു മുന്‍പ് ഇയാള്‍ വാങ്ങിയ പശുക്കള്‍ ചത്തുപോയതോടെ റോഷന്റെ കഷ്ടകാലവും തുടങ്ങി.
വാങ്ങിയ പണം തിരികെ നല്‍കാന്‍ നിവര്‍ത്തി ഇല്ലാത്ത അവസ്ഥയിലായി. ഇതോടെ കടം വാങ്ങിയ പണം തിരിച്ചു നല്‍കാത്തതിന് പണം നല്‍കിയവര്‍ അദ്ദേഹത്തേയും കുടുംബത്തേയും ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തു. ദിവസേന 10,000 രൂപ വീതം തിരികെ നല്‍കണമെന്ന വ്യവസ്ഥയില്‍ ഒരു ലക്ഷം രൂപയാണ് റോഷന്‍ വാങ്ങിയത്. കൊള്ള പലിശയാണ് റോഷനില്‍ നിന്ന് ഈടാക്കിയത്. ആകെ 74 ലക്ഷം രൂപ തിരികെ നല്‍കണമെന്ന് ഇവര്‍ റോഷനെ ഭീഷണിപ്പെടുത്തി.
ഇതോടെ രണ്ട് ഏക്കര്‍ കൃഷിഭൂമിയും ട്രാക്ടറും സ്വര്‍ണവും വാഹനങ്ങളുമെല്ലാം വില്‍ക്കുകയും ബന്ധുക്കളില്‍ നിന്ന് കടം വാങ്ങി പണം നല്‍കുകയും ചെയ്തു. എന്നാല്‍ മുഴുവന്‍ പണവും ആയില്ലെന്നാണ് പലിശക്കാര്‍ പറഞ്ഞത്. ഇതോടെ ഒരു കിഡ്‌നി വിറ്റ് പണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും ഭീഷണി തുടങ്ങി. വേറെ മാര്‍ഗമില്ലാതെ റോഷന്‍ അതിന് തയ്യാറാവുകയും ചെയ്തു. തുടര്‍ന്ന് കൊല്‍ക്കത്തയില്‍ പോയി പരിശോധനകള്‍ പൂര്‍ത്തിയാക്കി. കംബോഡിയയില്‍ വച്ചാണ് ശസ്ത്രക്രിയ നടത്തിയത്. എട്ട് ലക്ഷം രൂപയാണ് ലഭിച്ചതെന്നും റോഷന്‍ പറഞ്ഞു.
തനിക്ക് നീതിവേണമെന്ന് ആവശ്യപ്പെട്ടാണ് റോഷന്‍ അധികൃതരെ സമീപിച്ചിരിക്കുന്നത്. പണമിടപാടുകരെയും വില്‍പനയ്ക്ക് സൗകര്യമൊരുക്കിയവരെയുമെല്ലാം നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് അദ്ദേഹം പറഞ്ഞു.
