'പൃഥ്വി ഷാ അപമാനിച്ചു'; സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുടെ പരാതി പകപോക്കലെന്ന് ക്രിക്കറ്റ് താരം; പ്രതിച്ഛായയെ ദുരുപയോഗം ചെയ്ത് ഉപദ്രവിക്കാന്‍ ലക്ഷ്യമിട്ടുള്ളതെന്ന് കോടതിയില്‍

Update: 2025-12-17 09:29 GMT

മുംബൈ: സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ തനിക്കെതിരെ നല്‍കിയ പരാതി അസംബന്ധമെന്നും പകപോക്കാന്‍ ഉദ്ദേശിച്ചുള്ളതെന്നും മഹാരാഷ്ട്ര ക്രിക്കറ്റ് താരം പൃഥ്വി ഷാ കോടതിയില്‍. 2023 ല്‍ നടന്ന തര്‍ക്കത്തിനിടെ പൃഥ്വി ഷാ അപമാനിച്ചു എന്നാണ് യുവതിയുടെ പരാതി. ഇത് അസംബന്ധവും തന്റെ പ്രതിച്ഛായയെ ദുരുപയോഗം ചെയ്ത് ഉപദ്രവിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് താരം ദിണ്ഡോഷിയിലെ സെഷന്‍സ് കോടതിയില്‍ വാദിച്ചു. വ്യക്തിപരമായ പകപോക്കലിനായി യുവതി പരാതി നല്‍കുകയായിരുന്നു. വൈകിയുള്ള ആരോപണങ്ങള്‍ ദുരുദ്ദേശ്യങ്ങളോടെ കെട്ടിച്ചമച്ചതാണെന്നും കളവാണെന്നും പൃഥ്വി ഷാ കോടതിയില്‍ പറഞ്ഞു.

പൃഥ്വി ഷായെ ആക്രമിച്ച കേസില്‍ 2023 ല്‍ യുവതിയെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പബ്ബില്‍ പൃഥ്വി ഷായുടെ വിഡിയോ ചിത്രീകരിക്കുന്നത് എതിര്‍ത്തതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങളായിരുന്നു ഇതിന് പിന്നില്‍. ജാമ്യത്തിലിറങ്ങിയ യുവതി പൃഥ്വി ഷാ ആക്രമിച്ചതായി കാണിച്ച് പരാതി നല്‍കുകയായിരുന്നു. കേസെടുക്കാത്തതിനെ തുടര്‍ന്ന് യുവതി കോടതിയെ സമീപിച്ചിരുന്നു.

2023 ജൂണില്‍ പൃഥ്വി ഷാ കുറ്റകൃത്യത്തില്‍ പങ്കാളിയാതിന് തെളിവില്ലെന്ന് കാണിച്ച് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന് പരാതിക്കാരി റിവിഷന്‍ അപേക്ഷയുമായി സെഷന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹര്‍ജിയിലെ വാദത്തിനിടെയാണ് പരാമര്‍ശം. ജയിലില്‍ നിന്നും പുറത്തിറങ്ങിയ ശേഷം എഫ്.ഐ.ആറിന് മുറുപടിയായാണ് കേസ് നല്‍കിയതെന്ന് പൃഥ്വി ഷായുടെ അഭിഭാഷകന്‍ വാദിച്ചു.

Similar News