'സ്റ്റേഷനില്‍ ചെന്നപ്പോള്‍ കണ്ടത് ഭര്‍ത്താവിനെ മര്‍ദിക്കുന്നത്; മക്കളെ വലിച്ചെറിയാന്‍ നോക്കിയെന്നത് കള്ളം'; ഗര്‍ഭിണിയുടെ മര്‍ദിച്ചതിന് സസ്പെന്‍ഷനിലായ എസ്എച്ച്ഒയ്ക്കെതിരെ വകുപ്പുതല അന്വേഷണം തുടങ്ങി

Update: 2025-12-19 05:41 GMT

കൊച്ചി: ഗര്‍ഭിണിയെ മര്‍ദിച്ചതിന് സസ്പെന്‍ഷനിലായ എസ്എച്ച്ഒ കെ ജി പ്രതാപ് ചന്ദ്രനെതിരായ വകുപ്പുതല അന്വേഷണം തുടങ്ങി. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപത്തെ ബെന്‍ ടൂറിസ്റ്റ് ഹോം ഉടമ ബെന്‍ജോ ബേബിയുടെ ഭാര്യ ഷൈമോളെയാണ്(41) പ്രതാപ് ചന്ദ്രന്‍ മര്‍ദിച്ചത്. പോരാട്ടം തുടരുമെന്നും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളടക്കമുള്ള വകുപ്പുകള്‍ പ്രകാരം പ്രതാപ് ചന്ദ്രനെതിരെ കേസെടുക്കണമെന്നുമാണ് ഷൈമോളുടെ കുടുംബത്തിന്റെ ആവശ്യം. തെളിവായി ദൃശ്യങ്ങള്‍ സഹിതം പുറത്തുവന്ന സാഹചര്യത്തില്‍ പ്രതാപചന്ദ്രനെതിരെ കേസെടുക്കണമെന്ന് യുവതിയും കുടുംബവും ആവശ്യപ്പെടുന്നത്.

നിലവില്‍ അരൂര്‍ എസ്എച്ച്ഒയാണ് പ്രതാപ് ചന്ദ്രന്‍. പ്രതാപ് ചന്ദ്രന്‍ എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ സിഐ ആയിരിക്കെ 2024 ജൂണ്‍ 20നായിരുന്നു സംഭവം. യുവതിയുടെ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 2024 ജൂണ്‍ 18ന് പുലര്‍ച്ചെ ടൂറിസ്റ്റ് ഹോമിന് സമീപത്തുനിന്ന് സംശയാസ്പദ സാഹചര്യത്തില്‍ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ച രണ്ട് യുവാക്കളെ രക്ഷപ്പെടാന്‍ സഹായിച്ചെന്ന കുറ്റംചുമത്തിയാണ് ബെന്‍ജോയെ പിടികൂടിയത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നായിരുന്നു കേസ്.

പൊലീസിന്റെ മര്‍ദ്ദന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു ബെന്‍ജോ. ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തതറിഞ്ഞ് ഇരട്ടകളായ കൈക്കുഞ്ഞുങ്ങളുമായാണ് ഗര്‍ഭിണിയായ ഷൈമോള്‍ സ്റ്റേഷനിലെത്തിയത്. ഷൈമോളും പൊലീസുകാരും തമ്മില്‍ ബെന്‍ജോയുടെ സാന്നിദ്ധ്യത്തില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെ പ്രതാപ് ചന്ദ്രന്‍ ഷൈമോളെ നെഞ്ചത്ത് പിടിച്ചുതള്ളി. ഇത് ചോദ്യംചെയ്തതോടെ മുഖത്തടിച്ചു. മറ്റ് പൊലീസുകാരാണ് പിടിച്ചുമാറ്റിയത്. വനിതാ പൊലീസിന്റെ സാന്നിദ്ധ്യത്തിലായിരുന്നു പരാക്രമം.

പ്രതാപ് ചന്ദ്രനെതിരെ നേരത്തെയും നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. സ്വിഗ്ഗി ജീവനക്കാരനെയും കോണ്‍ഗ്രസ് നേതാവിനെയുമൊക്കെ മര്‍ദിച്ചെന്നായിരുന്നു പരാതികള്‍. എന്നാല്‍ അന്നൊന്നും യാതൊരു നടപടിയുമുണ്ടായില്ല.

പ്രതാപചന്ദ്രനെതിരെ മുഖ്യമന്ത്രിക്കടക്കം മുന്‍പും പരാതി നല്‍കിയിരുന്നെങ്കിലും അന്ന് നടപടിയുണ്ടായില്ല. വകുപ്പുതല അന്വേഷണം പുകമറ മാത്രമമെന്നാണ് സംശയം. കഴിഞ്ഞ വര്‍ഷം ജൂണില്‍ നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ നടന്ന അതിക്രമത്തിന്റെ ദൃശ്യങ്ങളാണ് നിയമപോരാട്ടത്തിനൊടുവില്‍ പുറത്തായത്. ഇതിന് പിന്നാലെയാണ് നിലവില്‍ അരൂര്‍ എസ്എച്ച്ഒയായ പ്രതാപചന്ദ്രനെ സസ്‌പെന്‍ഡ് ചെയ്തത്.

ക്രൂരമര്‍ദനം വിവരിച്ച് ഷൈമോള്‍

സ്റ്റേഷനില്‍ ചെന്നപ്പോള്‍ കണ്ടത് ഭര്‍ത്താവിനെ മര്‍ദിക്കുന്നതാണ്. നാടകം കാണിക്കാതെ എന്നുപറഞ്ഞ് എസ്എച്ച്ഒ പിടിച്ചുതള്ളി. തന്നെ ഉപദ്രവിച്ചപ്പോഴാണ് എസ്എച്ച്ഒക്ക് നേരെ ചെന്നത്. മക്കളെ വലിച്ചെറിയാന്‍ നോക്കിയെന്നത് കള്ളമാണ്. പൊലീസിന്റെ ആരോപണങ്ങള്‍ കള്ളമെന്നതിന് തെളിവുണ്ട്. ആ തെളിവുകള്‍ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഒരു വനിതാ പൊലീസും ഉപദ്രവിച്ചെന്നും ഷൈമോള്‍ പറഞ്ഞു.

അനുഭവിച്ചത് പൊലീസ് മുറയെന്ന് ഷൈമോളുടെ ഭര്‍ത്താവ് ബെന്‍ജോ ബേബി പറഞ്ഞു. സ്റ്റേഷനിലെത്തിച്ച് ക്രൂരമായി മര്‍ദിച്ചു. ഭാര്യയെ അടിക്കുന്നത് കണ്ട് കരഞ്ഞപ്പോള്‍ വീണ്ടും മര്‍ദിച്ചെന്നും എസ്എച്ച്ഒയെ കൂടാതെ മറ്റ് പൊലീസുകാരും അടിച്ചെന്നും ബെന്‍ജോ. ഭാര്യ ഗര്‍ഭിണിയാണെന്ന് എസ്എച്ച്ഒയോട് പറഞ്ഞിരുന്നുവെന്നും സിസിടിവി ദൃശ്യങ്ങള്‍ ദൈവത്തിന്റെ കയ്യൊപ്പെന്നും ബെന്‍ജോ പ്രതികരിച്ചു.

Similar News