പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; ഡി.എന്‍.എ പരിശോധനയില്‍ കുട്ടിയുടെ പിതൃത്വം തെളിഞ്ഞതോടെ 25കാരന് കുരുക്ക്; 57 വര്‍ഷം കഠിന തടവും മൂന്നേകാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ
തൊടുപുഴ: താമസസ്ഥലത്ത് അതിക്രമിച്ച് കയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പ്രതിക്ക് 57 വര്‍ഷം കഠിന തടവും മൂന്നേകാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് തൊടുപുഴ പോക്സോ കോടതി. മൂലമറ്റം പുത്തന്‍പുരയ്ക്കല്‍ അശ്വിന്‍ കണ്ണനെയാണ് പോക്സോ കോടതി പ്രത്യേക ജഡ്ജി ആഷ് കെ. ബാല്‍ ശിക്ഷിച്ചത്.
2020 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കരിങ്കുന്നം പൊലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയെ തുടര്‍ന്ന് ഇടുക്കി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയാണ് കുട്ടിയുടെ മൊഴിയെടുത്തത്. മെഡിക്കല്‍ പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയായാണെന്ന് കണ്ടെത്തി. ഡി.എന്‍.എ പരിശോധനയില്‍ കുട്ടിയുടെ പിതൃത്വം തെളിഞ്ഞതോടെയാണ് 25കാരനായ അശ്വിന് കുരുക്ക് മുറുകിയത്.
വിചാരണയ്ക്കിടെ ഒളിവില്‍ പോയ പ്രതി പിന്നീട് സാജന്‍ സാമുവേല്‍ കൊലക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് വീണ്ടും അറസ്റ്റിലാവുകയായിരുന്നു. പെണ്‍കുട്ടി താമസിക്കുന്നയിടത്ത് അതിക്രമിച്ച് കയറിയതിന് 7 വര്‍ഷം കഠിന തടവും 50000 രൂപ പിഴയും വിധിച്ചു. പിഴ ഒടുക്കാന്‍ വീഴ്ച വരുത്തിയാല്‍ ഒരു വര്‍ഷം കൂടി തടവനുഭവിക്കണം.
പലതവണ ലൈംഗികമായി പീഡിപ്പിച്ചതിനാണ് 50 വര്‍ഷം കഠിന തടവും 2.75 ലക്ഷം രൂപ പിഴയും വിധിച്ചത്. പിഴയില്‍ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നല്‍കണം. തുക അടയ്ക്കാത്ത പക്ഷം അഞ്ച് വര്‍ഷം കഠിനതടവ് കൂടി അനുഭവിക്കണം. പെണ്‍കുട്ടിക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിട്ടി നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.