സൗഹൃദം സ്ഥാപിച്ച് വാടകവീട്ടിലേക്ക് വിളിച്ചുവരുത്തി; സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടി; കൂടുതല്‍ പണം ആവശ്യപ്പെട്ടതോടെ പരാതിയുമായി യുവാവ്; ഹണി ട്രാപ്പ് കേസില്‍ യുവതിയും ഭര്‍ത്താവിന്റെ സുഹൃത്തും അറസ്റ്റില്‍

Update: 2025-12-28 07:02 GMT

പൊന്നാനി: ഹണി ട്രാപ്പ് കേസില്‍ പൊന്നാനിയില്‍ യുവതിയും യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്തും അറസ്റ്റിലായി. പട്ടമാര്‍ വളപ്പില്‍ നസീമ (44), ഇവരുടെ ഭര്‍ത്താവിന്റെ സുഹൃത്ത് വളപ്പില്‍ അലി എന്നയാളുമാണ് അറസ്റ്റിലായത്.

മൊബൈലിലൂടെ സൗഹൃദം സ്ഥാപിച്ച് യുവാവിനെ വാടക വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം പിന്നീട് ഇവ കാണിച്ച് ഭീഷണിപ്പെടുത്തി. കൂടുതല്‍ പണം ആവശ്യപ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നസീമയും അലിയും പിടിയിലായത്.

യുവാവിനെ അപകീര്‍ത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവാവിനെ വിളിച്ചു വരുത്തി ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ഇത് പുറത്തുവിടാതിരിക്കാന്‍ പണം ആവശ്യപ്പെട്ടു. യുവാവ് 25,000 രൂപ നല്‍കി. തുടര്‍ച്ചയായി വീണ്ടും വീണ്ടും പണം ആവശ്യപ്പെട്ടതോടെ, സാമ്പത്തിക പ്രതിസന്ധിയുള്ള യുവാവ് വിഷമത്തിലായി. സുഹൃത്തുക്കളോട് പണം കടം വാങ്ങാന്‍ തുടങ്ങി. ഒടുവില്‍ സുഹൃത്തുക്കളോട് യുവാവ് സംഭവിച്ചത് തുറന്നു പറഞ്ഞു.

തുടര്‍ന്ന് സുഹൃത്തുക്കളുടെ നിര്‍ബന്ധ പ്രകാരം യുവാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ നസീമയും അലിയും നിരവധി പേരില്‍ നിന്ന് ഇത്തരത്തില്‍ പണം തട്ടിയതായി കണ്ടെത്തി. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു.

Tags:    

Similar News