വീട്ടില്‍ അതിക്രമിച്ചു കയറി കത്തി കാട്ടി ഭീഷണിപ്പെടുത്തി യുവതിയെ ബലാത്സംഗം ചെയ്തു; ലൈംഗികബന്ധം വേണമെന്ന് ആവശ്യപ്പെട്ട് ജോലി ചെയ്യുന്ന കടയിലെത്തി അധിക്ഷേപിച്ചു; സംഭാഷണം ഫോണില്‍ റെക്കോഡ് ചെയ്ത് ബിജെപി കൗണ്‍സിലറുടെ ഭര്‍ത്താവിനെതിരെ യുവതിയുടെ പരാതി; പൊലീസ് നടപടിയെടുത്തില്ലെന്ന് ആക്ഷേപം

Update: 2025-12-28 07:41 GMT

ഭോപാല്‍: വീട്ടില്‍ അതിക്രമിച്ച് കയറി കത്തി കാണിച്ച് ബലാത്സംഗത്തിന് ഇരയാക്കിയ യുവതിയെ ബിജെപി കൗണ്‍സിലറുടെ ഭര്‍ത്താവ് പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തുന്നെന്ന് പരാതി. മധ്യപ്രദേശിലെ സത്‌ന ജില്ലയില്‍ കത്തികാട്ടി ഭീഷണിപ്പെടുത്തി യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി അശോക് സിങ്ങിനെതെരിയാണ് പരാതി. റാംപുര്‍ ബാഘേലന്‍ നഗര്‍ പരിഷദിലെ ബിജെപി കൗണ്‍സിലറുടെ ഭര്‍ത്താവാണ് അശോക്. അതേസമയം അതിജീവിത ഈ സംഭവം ക്യാമറയില്‍ ചോദ്യം ചെയ്യുകയും സംഭാഷണത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമെന്ന് പറയുകയും ചെയ്തപ്പോള്‍ തനിക്കൊരു ചുക്കും സംഭവിക്കില്ലെന്നായിരുന്നു പ്രതിയുടെ മറുപടി.

ആറുമാസം മുന്‍പാണ് വീട്ടില്‍ അതിക്രമിച്ചു കയറിയ ശേഷം അശോക് സിങ് യുവതിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം ബലാത്സംഗത്തിനിരയാക്കിയത്. ഇതിന്റെ ദൃശ്യങ്ങള്‍ ഇയാള്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. പീഡനത്തിന്റെ വിവരം പുറത്തുപറഞ്ഞാല്‍ സ്ത്രീയെയും കുടുംബത്തെയും കൊലപ്പെടുത്തുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. ഭയന്ന യുവതി, ഇതോടെ പരാതിപ്പെടാന്‍ തയ്യാറായില്ല.

എന്നാല്‍ ഡിസംബര്‍ 20ന് ഇയാള്‍ വീണ്ടും വന്നെന്നും ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷം വീണ്ടും ഉപദ്രവിച്ചു. ലൈംഗിക ബന്ധം ആവശ്യപ്പെട്ട് ഇയാള്‍ നിരന്തരം യുവതി ജോലി ചെയ്യുന്ന കടയിലെത്താനും അധിക്ഷേപിക്കാനും തുടങ്ങിയതോടെ യുവതി ഇയാളുമായുള്ള സംഭാഷണം ഫോണില്‍ റെക്കോഡ് ചെയ്യുകയും ഇത് സമൂഹമാധ്യമത്തില്‍ പങ്കുവയ്ക്കുമെന്ന് അശോകിനോട് പറയുകയും ചെയ്തു. എന്നാല്‍ അങ്ങനെ ചെയ്താലും തനിക്കൊന്നും സംഭവിക്കില്ല എന്നായിരുന്നു ഇയാളുടെ മറുപടി.

'എനിക്കെന്ത് സംഭവിക്കും? ഒന്നും പറ്റില്ല. എവിടെ വേണമെങ്കിലും പരാതി കൊടുക്ക്. എനിക്കൊന്നും സംഭവിക്കില്ല'അശോക് വിഡിയോയില്‍ പറയുന്നു. പശ്ചാത്തലത്തില്‍ ഇരയായ യുവതി കരയുന്നതും വിഡിയോയില്‍ കേള്‍ക്കാം. സംഭവത്തില്‍ അശോകിനെതിരെ തെളിവു സഹിതം യുവതി സത്ന പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കിയിട്ടുണ്ട്. ആറുമാസം മുന്‍പാണ് തന്നെ ഉപദ്രവിച്ചതെന്നും പിന്നാലെ കുടുംബാംഗങ്ങളെയടക്കം വധിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു.

ക്രിമിനല്‍ പശ്ചാതത്തലമുള്ള അശോകിനെ നേരത്തെ ജില്ലയില്‍നിന്ന് നാടുകടത്തിയിട്ടുള്ളതാണെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. അതേസമയം, അഞ്ചു ദിവസം മുന്‍പ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടും പൊലീസ് വേണ്ട നടപടിയെടുത്തിട്ടില്ലെന്നും യുവതി പറഞ്ഞു. ഇയാളെ അറസ്റ്റ് ചെയ്‌തോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.

ഡിസംബര്‍ 20ന് പ്രതി വീണ്ടുമെത്തി ലൈംഗികമായി ഉപദ്രവിക്കുകയും ആവശ്യങ്ങള്‍ സമ്മതിച്ചുതന്നില്ലെങ്കില്‍ വിഡിയോ പുറത്തുവിട്ട് പരസ്യമായി അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയില്‍ പറയുന്നു. നേരത്തേ ക്രിമിനല്‍ പശ്ചാത്തലമുള്ള പ്രതിയെ ഒരു തവണ നാടുകടത്തിയിരുന്നുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. ഇതുവരെ കേസില്‍ ഔദ്യോഗികമായി അറസ്റ്റ് സ്ഥിരീകരിച്ചിട്ടില്ല.

Tags:    

Similar News