സഹപ്രവര്‍ത്തകയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; യുവാവ് മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുന്നതിനിടെ പരാതി നല്‍കി വനിതാ ഉദ്യോഗസ്ഥ: തിരുവനന്തപുരം വിമാനത്താവളം സിഐഎസ്എഫിലെ എസ്‌ഐ അറസ്റ്റില്‍
തിരുവനന്തപുരം വിമാനത്താവളത്തിലെ CISF എസ്ഐ അറസ്റ്റിൽ
തിരുവനന്തപുരം: വിവാഹവാഗ്ദാനം നല്‍കി സഹപ്രവര്‍ത്തകയായിരുന്ന വനിതാ ഉദ്യോഗസ്ഥയെ പീഡിപ്പിച്ച കേസില്‍ തിരുവനന്തപുരം വിമാനത്താവളത്തിലെ സിഐഎസ്എഫിലെ എസ്‌ഐ അറസ്റ്റില്‍. ഉത്തര്‍പ്രദേശ് ബാഗ്പത് നഗ്ലിയ വില്ലേജ് സ്വദേശിയായ സുമിത് അമര്‍പാല്‍ പന്‍വീറിനെ (29) ആണ് മുംബൈയില്‍നിന്നെത്തിയ പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തത്. തിരുവനന്തപുരം വിമാനത്താവളത്തിലെ സുരക്ഷാവിഭാഗത്തിലെ എസ്‌ഐ ആണ് അമര്‍പാല്‍.
മുംബൈ വിമാനത്താവളത്തില്‍ സുരക്ഷാ വിഭാഗത്തില്‍ ജോലിചെയ്യുന്ന സമയത്താണ് ഇയാള്‍ സഹപ്രവര്‍ത്തകയെ പ്രണയം നടിച്ച് വശത്താക്കിയതും വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതും. യുവതി മുംബൈയില്‍ നല്‍കിയ പരാതിയില്‍ മുംബൈയിലെ നിര്‍മല്‍ നഗര്‍ പോലീസ് സ്റ്റേഷനില്‍ നിന്നെത്തിയ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ദീപക് ഖരാഡെയും സംഘവുമാണ് എസ്‌ഐയെ അറസ്റ്റുചെയ്തത്.
കഴിഞ്ഞ വര്‍ഷം അമര്‍പാല്‍ മുംബൈ വിമാനത്താവളത്തില്‍ സുരക്ഷാ വിഭാഗത്തില്‍ ജോലിചെയ്യുന്ന കാലയളവിലായിരുന്നു സഹപ്രവര്‍ത്തകയായ ഉദ്യോഗസ്ഥയെ ലൈംഗികമായി പീഡിപ്പിച്ചതുമെന്ന് പോലീസ് പറഞ്ഞു. അടുത്തിടെ ഈ എസ്‌ഐ മുംബൈ വിമാനത്താവളത്തില്‍നിന്ന് സ്ഥലംമാറി തിരുവനന്തപുരം വിമാനത്താവളത്തില്‍ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. ഇതിനിടെ എസ്‌ഐ മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുന്ന വിവരം പീഡനത്തിനിരയായ വനിതാ ഉദ്യോഗസ്ഥ അറിഞ്ഞിരുന്നു. ഇതോടെയാണ് താന്‍ ചതിക്കപ്പെട്ടതായി ഉദ്യോഗസ്ഥയ്ക്ക് മനസ്സിലായത്. ഉടന്‍ തന്നെ ഇവര്‍ മുംബൈയിലെ നിര്‍മല്‍ നഗര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുക ആയിരുന്നു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍പോലീസ് സംഘം അവിടെനിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തി സിഐഎസ്എഫിന്റെ ബന്ധപ്പെട്ട മേലുദ്യോഗസ്ഥരെ വിവരമറിയിക്കുകയും തുടര്‍ന്ന് പ്രതിയെ അറസ്റ്റുചെയ്തതും. ഇയാളെ വലിയതുറ പോലീസിലും തുടര്‍ന്ന് കോടതിയിലും ഹാജരാക്കിയിരുന്നു. തുടര്‍ന്ന് പോലീസ് ബന്തവസില്‍ ബുധനാഴ്ച വൈകീട്ടോടെ തീവണ്ടിമാര്‍ഗം മുംബൈയിലേക്കു കൊണ്ടുപോയി.