സ്‌കൂളില്‍ വച്ച് ലൈംഗിക അതിക്രമം നടന്നുവെന്ന് വിദ്യാര്‍ഥികളുടെ മൊഴി; അധ്യാപകന്റെ ഫോണില്‍ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍; ദുരുപയോഗം ചെയ്‌തോയെന്ന് പരിശോധന; പീഡനക്കേസില്‍ റിമാന്റില്‍ കഴിയുന്ന അധ്യാപകനെതിരേ കൂടുതല്‍ പരാതികള്‍; കൊല്ലങ്കോട് സ്വദേശിക്ക് കുരുക്ക് മുറുകുന്നു

Update: 2026-01-09 04:57 GMT

പാലക്കാട്: മലമ്പുഴയില്‍ വിദ്യാര്‍ത്ഥിയെ മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന അധ്യാപകന്റെ ഫോണില്‍ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തി. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ ദൃശ്യങ്ങളുള്‍പ്പെടെയാണ് അന്വേഷണ സംഘം കണ്ടെത്തിയത്. റിമാന്‍ഡില്‍ കഴിയുന്ന സംസ്‌കൃതാധ്യാപകന്‍ അനിലിന്റെ ഫോണിലാണ് അശ്ലീല ദൃശ്യങ്ങളുള്ളത്. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ഫോണ്‍ പരിശോധനയ്ക്കയച്ചു.

സൈബര്‍ ക്രൈം വിഭാഗത്തിനാണ് അന്വേഷണ സംഘം ഫോണ്‍ കൈമാറിയത്. ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്‌തോയെന്ന കാര്യം ഉള്‍പ്പെടെ പരിശോധിക്കും. അതേസമയം, അനിലിനെതിരെ കുട്ടികള്‍ മൊഴി നല്‍കി. സ്‌കൂളില്‍ വച്ച് ലൈംഗിക അതിക്രമം നടന്നുവെന്നാണ് കുട്ടികള്‍ മൊഴി നല്‍കിയത്. ചില കുട്ടികളെ അധ്യാപകന്‍ താമസിക്കുന്ന സ്ഥലത്ത് എത്തിച്ചു പീഡിപ്പിച്ചതായും മൊഴി നല്‍കിയിട്ടുണ്ട്. അധ്യാപകനെതിരെ കൂടുതല്‍ പരാതികള്‍ വന്നതോടെ അഞ്ചു വിദ്യാര്‍ത്ഥികളുടെ പരാതികളില്‍ മലമ്പുഴ പൊലീസ് കേസെടുത്തു.

പീഡനത്തിനിരയായ വിദ്യാര്‍ഥിക്ക് കൗണ്‍സലിങ് നല്‍കുന്നത് തുടരുന്നതിനിടെ സ്‌കൂളിലെ മറ്റ് വിദ്യാര്‍ഥികളെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (സിഡബ്ല്യുസി) കൗണ്‍സലിങ്ങിന് വിധേയരാക്കുകയായിരുന്നു. സിഡബ്ല്യുസിയുടെ റിപ്പോര്‍ട്ട് പ്രകാരമാണ് കേസെടുത്തിട്ടുള്ളതെന്ന് മലമ്പുഴ എസ്ഐ കരീം പറഞ്ഞു.

സ്‌കൂളില്‍വെച്ചും താമസിക്കുന്ന സ്ഥലത്തെത്തിച്ചും പീഡനം നടത്തിയെന്നാണ് കുട്ടികളുടെ മൊഴി. ആദ്യഘട്ട കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് ഇത്രയും പരാതികള്‍ അനിലിനെതിരെ ഉയര്‍ന്നത്. അടുത്ത ദിവസങ്ങളിലായി കൂടുതല്‍ കുട്ടികളെ സിഡബ്ല്യുസി കൗണ്‍സിലിങ്ങിന് വിധേയമാക്കും.

സിഡബ്ല്യുസിയുടെ കൗണ്‍സിലിങ്ങിനിടെയാണ് പീഡനത്തിനിരയായ വിദ്യാര്‍ത്ഥികള്‍ ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞത്. ആദ്യഘട്ടത്തില്‍ കൗണ്‍സിലിങ് നല്‍കിയ അഞ്ച് വിദ്യാര്‍ത്ഥികളാണ് മൊഴി നല്‍കിയത്. യുപി ക്ലാസുകളിലെ ആണ്‍കുട്ടികളാണ് അധ്യാപകന്റെ ലൈംഗിക പീഡനത്തിനിരയായത്. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള സിഡബ്ല്യുസിയുടെ കൗണ്‍സിലിങ്ങ് തുടരും. ഇന്നാണ് സ്‌കൂളിലെ പ്രധാനാധ്യാപിക, ക്ലാസ് ടീച്ചര്‍ എന്നിവര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് നല്‍കിയ നോട്ടീസിന് മറുപടി നല്‍കേണ്ട അവസാന ദിവസം.

Tags:    

Similar News