'എല്ലാം 'ഭാര്യയ്ക്കറിയാം'; ഭാര്യാസഹോദരിയുമായി വര്‍ഷങ്ങളുടെ അടുപ്പം; കൊന്നതില്‍ കുറ്റബോധമുണ്ട്, ഒരുമിച്ച് മരിക്കാനാണ് തീരുമാനിച്ചിരുന്നത്'; തെളിവെടുപ്പിനിടെ കുറ്റം സമ്മതിച്ച് വൈശാഖന്‍; മാളിക്കടവിലെ 26-കാരിയുടെ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍

Update: 2026-01-30 10:15 GMT

കോഴിക്കോട്: യുവതിയോടൊപ്പം ഒരുമിച്ച് മരിക്കാനാണ് തീരുമാനിച്ചിരുന്നതെന്നും കൃത്യം നടന്നശേഷം ആശുപത്രിയില്‍ വെച്ച് ഭാര്യയോട് കാര്യങ്ങള്‍ പറഞ്ഞിരുന്നുവെന്നും കോഴിക്കോട് മാളിക്കടവില്‍ 26കാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി വൈശാഖന്‍. യുവതിയെ താന്‍ ഒറ്റയ്ക്കാണ് കൊന്നതെന്ന് പ്രതി പറഞ്ഞു. നടന്ന സംഭവങ്ങളില്‍ കുറ്റബോധമുണ്ടെന്നും വിശാഖന്‍ പറഞ്ഞു. കൊലപാതകം നടന്ന വൈശാഖന്റെ സ്ഥാപനത്തിലും ജ്യൂസ് വാങ്ങിയ കടയിലും പൊലീസ് പ്രതിയുമായി എത്തി തെളിവെടുപ്പ് നടത്തി. ആത്മഹത്യ ചെയ്യാമെന്ന് പറഞ്ഞു വിളിച്ചു വരുത്തി 26കാരിയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ ഇന്നലെയാണ് പ്രതി വൈശാഖനെ പൊലീസിന് കസ്റ്റഡിയില്‍ ലഭിച്ചത്. പ്രതിയെ വിശദമായി ചോദ്യം ചെയ്തതിന് ശേഷമായിരുന്നു തെളിവെടുപ്പ്.

യുവതിയെ കൊലപ്പെടുത്തിയ വൈശാഖന്റെ ഐഡിയല്‍ ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനത്തിലും ഉറക്കുഗുളിക കലര്‍ത്തി നല്‍കാന്‍ ജ്യൂസ് വാങ്ങിയ ബേക്കറിയിലുമാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്. അതേസമയം യുവതിയുടെ മൃതദേഹം പ്രതി വൈശാഖനും ഭാര്യയും ചേര്‍ന്ന് കാറില്‍ കയറ്റുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഒരുമിച്ച് മരിക്കാനാണ് തീരുമാനിച്ചിരുന്നതെന്നും സംഭവങ്ങളില്‍ കുറ്റബോധമുണ്ടെന്നും തെളിവെടുപ്പിനിടെയാണ് വൈശാഖന്‍ പറഞ്ഞത്.

ജ്യൂസില്‍ ഉറക്ക ഗുളിക നല്‍കിയ ശേഷം ജീവനൊടുക്കാന്‍ കഴുത്തില്‍ കുരുക്കിടാന്‍ യുവതിയോട് ആവശ്യപ്പെടുകയായിരുന്നു. സിസിടിവിയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളാണ് കേസില്‍ നിര്‍ണായകമായത്. യുവതിയുമായുള്ള ബന്ധം പുറത്തറിയും എന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവം പിന്നീട് കൊലപാതകമെന്ന് സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്നാണ് യുവതിയുടെ സഹോദരിയുടെ ഭര്‍ത്താവായ വൈശാഖനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. യുവതി മരിച്ചത് ബന്ധുക്കളെ അറിയിച്ചതും ആശുപത്രിയില്‍ കൊണ്ടുപോയതും വൈശാഖന്‍ തന്നെയാണെന്നും പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ ശനിയാഴ്ചയാണ് സ്വന്തം സ്ഥാപനത്തിലേക്ക് വിളിച്ചുവരുത്തിയണ് പ്രതി 26കാരിയെ കൊലപ്പെടുത്തിയത്. ഒരുമിച്ച് മരിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം ഉറക്കുഗുളിക ചേര്‍ത്ത ശീതളപാനീയം യുവതിക്ക് നല്‍കി. തൂങ്ങിമരിക്കാനെന്ന വ്യാജേന രണ്ട് കുരുക്കുകള്‍ തയ്യാറാക്കുകയും, യുവതി കഴുത്തില്‍ കുരുക്കിട്ടതിന് പിന്നാലെ സ്റ്റൂള്‍ ചവിട്ടിത്തെറിപ്പിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. യുവതിയുമായുള്ള ബന്ധം ഭാര്യ അറിയുമെന്ന ഭയത്തിലായിരുന്നു കൊലപാതകം. കൊലപാതകം നടന്ന ഐഡിയല്‍ ഇന്‍ഡസ്ട്രീസിലെ സിസിടിവി ദൃശ്യങ്ങളാണ് കേസിലെ പ്രധാന തെളിവ്.

അഞ്ച് ദിവസത്തേക്കാണ് പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ ലഭിച്ചത്. 16 വയസ് മുതല്‍ വൈശാഖന്‍ തന്നെ പീഡനത്തിനിരയാക്കുന്നുണ്ടെന്ന് കൊല്ലപ്പെട്ട യുവതി ഡയറിയില്‍ കുറിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ പോക്സോ വകുപ്പ് ചുമത്തി മറ്റൊരു കേസും പൊലീസ് രജിസറ്റര്‍ ചെയ്തിട്ടുണ്ട്.കഴിഞ്ഞ ദിവസം വൈശാഖന്റെ വര്‍ക്ഷോപ്പില്‍ ഫോറന്‍സിക് സംഘമെത്തി പരിശോധിച്ചിരുന്നു. യുവതിയുടെ കഴുത്തിലെ കയര്‍ മുറിച്ച് താഴെയിറക്കി കിടത്തിയ സ്ഥലത്തെ മണ്ണും വൈശാഖന്‍ ഉപയോഗിച്ചിരുന്ന ടവല്‍ തുടങ്ങിയവയും യുവതിക്ക് നല്‍കിയ ഉറക്കഗുളികയുടെ അംശവും ലഭിച്ചിരുന്നു.

എലത്തൂര്‍ ഇന്‍സ്പെക്ടര്‍ കെ ആര്‍ രഞ്ജിത്തിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. യുവതി എഴുതിയ ഡയറി നേരത്തേ പൊലീസിന് കിട്ടിയിട്ടുണ്ട്. ഒരുമിച്ച് കയര്‍ കൊണ്ട് കുരുക്കുണ്ടാക്കിയെങ്കിലും വൈശാഖന്‍ യുവതിയെ തന്ത്രപൂര്‍വം കൊല്ലുകയായിരുന്നു . മൃതദേഹത്തിലും ലൈംഗികാതിക്രമം നടത്തിയതിനാല്‍ സമാനതകളില്ലാത്ത കേസാണിതെന്ന് പൊലീസ് പറഞ്ഞു. യുവതിയോടുള്ള പകയാണ് കൊലയ്ക്ക് പ്രേരിപ്പിച്ചത്.കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കൊലപാതകം നടന്നത്. ഭാര്യാസഹോദരിയുമായി വര്‍ഷങ്ങളായി അടുപ്പമുണ്ടായിരുന്നു പ്രതിക്ക്. ബന്ധം വീട്ടില്‍ പറയണമെന്നും തന്നെ വിവാഹം കഴിക്കണമെന്നും യുവതി നിര്‍ബന്ധിച്ചതോടെയാണ് കൊലപ്പെടുത്താന്‍ വൈശാഖന്‍ തീരുമാനിച്ചത്. തുടര്‍ന്ന് ഒരുമിച്ച് ജീവിക്കാനായില്ലെങ്കില്‍ മരിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി യുവതിയെ കുരുക്കിട്ട് കൊല്ലുകയായിരുന്നു.

Tags:    

Similar News