പിണങ്ങി പോയ ചിത്രയെ തിരികെ വിളിക്കാന്‍ എത്തി; ഒപ്പം വരില്ലെന്ന് പറഞ്ഞപ്പോള്‍ റോഡില്‍ വച്ച് വഴക്ക്; നിയന്ത്രണം വിട്ടതോടെ കൊലപാതകം; നഴ്‌സിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിയായ ഭര്‍ത്താവ് പിടിയില്‍
ചെന്നൈ: തിരുപ്പൂരില്‍ യുവ നഴ്സായ ചിത്രയെ ക്രൂരമായി കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് രാജേഷ് ഖന്നയെ പൊലീസ് പിടികൂടി. മധുരൈയില്‍ ഒളിച്ചിരുന്ന പ്രതിയെ സാങ്കേതിക തെളിവുകളുടെ അടിസ്ഥാനത്തില്‍ പിടികൂടുകയായിരുന്നു. കുടുംബതര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. ചിത്രയുടെ മൃതദേഹം കഴിഞ്ഞ ദിവസം രാവിലെ കളക്ട്രേറ്റിനു സമീപമുള്ള തകര്‍ന്ന കെട്ടിടത്തിലാണ് കണ്ടെത്തിയത്. കല്ലുകൊണ്ട് തല തകര്‍ത്ത് കൈകളടക്കം ഗുരുതരമായി പരിക്കേല്‍പ്പിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കുറ്റകൃത്യത്തിന്റെ ക്രൂരത കണ്ട് പ്രദേശവാസികള്‍തന്നെ ഞെട്ടിയ നിലയിലായിരുന്നു.
സിസിടിവി ദൃശ്യങ്ങളില്‍ പ്രതിയും വധിക്കപ്പെട്ട ചിത്രയും തമ്മില്‍ വഴിയിലൂടെ നടക്കുന്നതായും പിന്നീട് ഒരാളില്ലാതാകുന്നതായും കണ്ടെത്തിയതോടെയാണ് അന്വേഷണം നിര്‍ണായക വഴിക്ക് നീങ്ങിയത്. ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ ഉപയോഗിച്ചാണ് മധുരൈയിലെ താവളത്തില്‍ രാജേഷിനെ പൊലീസ് പിടികൂടിയത്. താന്‍ ജോലി ചെയ്യുന്ന സ്ഥലത്തു നിന്നുപോയ ഭാര്യയെ തിരികെ വിളിക്കാനാണ് തിരുപ്പൂരിലെത്തിയതെന്ന് രാജേഷ് പറഞ്ഞതായി പൊലീസ് അറിയിച്ചു. പക്ഷേ ചിത്ര സഹകരിക്കാത്തതോടെ റോഡില്‍ വച്ചുണ്ടായ തര്‍ക്കത്തിനിടെ തന്നെ നിയന്ത്രണം വിട്ടെന്നും കൊലപാതകത്തിലേക്ക് നീങ്ങിയെന്നും പ്രതി മൊഴി നല്‍കി.
കൊലയ്ക്ക് ശേഷം ചിത്രയുടെ മാതാവിനെ രാജേഷ് കണ്ടതായും ഇരുവരും ബന്ധുവിന്റെ വീട്ടിലേക്ക് പോകുന്നതായി പറഞ്ഞാണ് രാജേഷ് മധുരൈയിലേക്ക് കടന്നതെന്നും പൊലീസ് വ്യക്തമാക്കി. പ്രതി ലഹരിക്കടിമയായ വ്യക്തിയാണെന്നും മുമ്പ് അക്രമശീലങ്ങള്‍ കാണിച്ചിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. ചിത്ര 20 ദിവസം മുന്‍പാണ് തിരുപ്പൂരിലെ സ്വകാര്യ ദന്താശുപത്രിയില്‍ നഴ്സായി ജോലി സ്വീകരിച്ചത്. കുടുംബ തര്‍ക്കങ്ങള്‍ കാരണം മധുരൈ വിട്ടുപോയതായിരുന്നു. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.